അന്താരാഷ്ട്ര പ്രശസ്തിയിലേക്ക് സിയാൽ. നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിന്  ആവശ്യമായ വൈദ്യുതി പൂർണമായും സോളാർ പാനലിലൂടെ. 2018 മാർച്ചിൽ പ്ലാൻറ് കപ്പാസിറ്റി 40 MW ആകും. വാർത്ത റിപ്പോർട്ട് ചെയ്യാൻ അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ കേരളത്തിലേയ്ക്ക്.

by News Desk 2 | January 13, 2018 7:00 am

ന്യൂസ് ഡെസ്ക്

അന്താരാഷ്ട്ര യാത്രക്കാരുടെ നിരക്കിൽ ഇന്ത്യയിൽ നാലാം സ്ഥാനത്തുള്ള നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം ലോക പ്രശസ്തിയിലേക്ക്. 2016 -17 ൽ 9 മില്യൺ ഇന്റർനാഷണൽ യാത്രക്കാർക്ക് യാത്രാ സൗകര്യമൊരുക്കിയ കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (CIAL) പൂർണമായും പ്രവർത്തിക്കുന്നത് സോളാർ എനർജി ഉപയോഗിച്ചാണ്. പ്രകൃതിദത്തമായ ഊർജ്ജ സ്രോതസ് ഉപയോഗിച്ച് അന്തരീക്ഷ മലിനീകരണമില്ലാതെ വൈദ്യുതി ഉത്പാദിപ്പിച്ച് ലോകത്തിനു തന്നെ മാതൃകയാവുകയാണ് സി യിൽ. ഇംഗ്ലീഷ് ടെലിവിഷനായ ബിബിസിയും ജപ്പാനിലെ എൻഎച്ച് കെയും ഫ്രഞ്ച് ചാനലായ ഫ്രെഞ്ച് 2ഉം നെടുമ്പാശേരി വിമാനത്താവളത്തെ കുറിച്ച് ഡോക്യുമെന്ററി പ്രക്ഷേപണം ചെയ്തു.

സിയാലിലെ പവർ പ്ലാൻറിന്റെ മാതൃകയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാന പ്രോജക്ടുകൾ ആരംഭിക്കാനുള്ള അന്വേഷണങ്ങളും സിയാലിന് അന്താരാഷ്ട്ര തലത്തിൽ നിന്നും ലഭിക്കുന്നുണ്ട്. സിയാലിൽ നിലവിലുള്ള സോളാർ പ്ലാന്റിന് 29 മെഗാവാട്ട് കപ്പാസിറ്റിയാണ് ഉള്ളത്. പ്രതിദിനം 1.3 ലക്ഷം യൂണിറ്റ് പവർ എയർപോർട്ടിന് ആവശ്യമുണ്ട്. 2018 മാർച്ചിൽ പ്ലാന്റിന്റെ കപ്പാസിറ്റി വർദ്ധിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. 9.9 മെഗാവാട്ടിന്റെ അധിക ഉത്പാദനം നടത്താവുന്ന പ്രോജക്ട് നടപ്പാക്കി വരികയാണ്. ഇതോടെ മൊത്തം വൈദ്യുതി ഉത്പാദനം 40 മെഗാവാട്ടിൽ എത്തും. പുതിയ പ്രോജക്ടിൽ 7.5 മെഗാവാട്ടിന്റെ സോളാർ പാനലുകൾ ഗ്രൗണ്ടിലും 2.4 മെഗാവാട്ടിനാവശ്യമായ പാനലുകൾ കാർപോർട്ട് ഏരിയയിലും സ്ഥാപിക്കും. ഇതോടെ പ്രതിദിനം 1.6 ലക്ഷം യൂണിറ്റ് വൈദ്യുതി സിയാൽ ഉത്പാദിപ്പിക്കും. ഉപയോഗം കഴിഞ്ഞ് മിച്ചം വരുന്ന വൈദ്യുതി KSEB യുടെ ഗ്രിഡിലേയ്ക്ക് നല്കും.

അത്യാധുനിക സൗകര്യങ്ങുള്ള പുതിയ അന്താരാഷ്ട്ര ടെർമിനൽ ഈയിടെയാണ് നെടുമ്പാശേരിയിൽ പ്രവർത്തനമാരംഭിച്ചത്. 2016 -17 കാലയളവിൽ യാത്രക്കാരുടെ നിരക്കിൽ 15 ശതമാനത്തിന്റെ വർദ്ധനയാണ് നെടുമ്പാശേരിയിൽ രേഖപ്പെടുത്തിയിട്ടുള്ളത്.

Source URL: http://malayalamuk.com/cochin-international-airport-in-international-limelight-airport-run-completely-on-solar-energy/