സാങ്കേതിക വിദ്യയുടെ കരസ്പർശത്താൽ എല്ലാം സ്മാർട്ടായി മാറുന്ന കാലഘട്ടത്തിലൂടെയാണു നാം കടന്നു പോകുന്നത്. വീടുകളൊക്കെ പലതും സ്മാർട്ട് വീടുകളായി . ടിവിയൊക്കെ പണ്ടേ സ്മാർട്ട്. അടുക്കളയും ഓഫീസും സ്കൂളുമൊക്കെ സ്മാർട്ട്. സ്വഭാവികമായും നമ്മുടെ കുട്ടികളും ഈ ഡിജിറ്റൽ ലോകത്തെ സ്മാർട്ട് പൗരന്മാരായാണ് വളരുന്നത്. രണ്ടും മൂന്നും വയസ്സുള്ള കുട്ടികൾ വരെ മൊബൈലും കംപ്യൂട്ടറും ടാബ്‌ലറ്റുകളുമൊക്കെ ഇന്ന് അനായാസം കൈകാര്യം ചെയ്യുന്നു.

ഈ തലമുറയുടെ ഭാവി കിടക്കുന്നതും ഇതേ ഐടി, വിവര സാങ്കേതിക വിദ്യയിലാണ്. ലോക സാമ്പത്തിക ഫോറത്തിന്റെ കണക്കുകൾ പ്രകാരം 2025 ഓടെ 133 ദശലക്ഷം പുതിയ ജോലികളാണ് ഐടി മേഖലയിൽ ഉണ്ടാകാൻ പോകുന്നത്. അടുത്തിടെ ലിങ്ക്ഡ് ഇൻ നടത്തിയ പഠനം അനുസരിച്ച് മൊബൈൽ ഡവലപ്മെന്റ്, യൂസർ ഇന്റർഫേസ് ഡിസൈൻ തുടങ്ങിയ നൈപുണ്യങ്ങൾക്കു സമീപ ഭാവിയിൽ വലിയ ഡിമാൻഡാണ് ഉണ്ടാക്കാൻ പോകുന്നത്.

ഭാവിയിലെ ആവശ്യങ്ങൾ മുന്നിൽ കണ്ടു കുട്ടികളുടെ അക്കാദമിക പാഠ്യപദ്ധതിയിൽ മാറ്റം വരുത്താൻ വികസിത, വികസ്വര രാജ്യങ്ങളെല്ലാം ശ്രമം തുടങ്ങിയിട്ടുണ്ട്. വിദ്യാഭ്യാസത്തെ സാങ്കേതിക വിദ്യയുമായി കൂട്ടിയിണക്കുന്നതിന് കംപ്യൂട്ടർ കോഡിങ്ങിന് സാധിക്കുമെന്നാണ് ഈ മേഖലയിലെ അക്കാദമിക് വിദഗ്ധർ കരുതുന്നത്. യുകെ പോലെ ചില രാജ്യങ്ങൾ അഞ്ചു വയസ്സ് മുതൽ തന്നെ കുട്ടികളെ കോഡിങ് പഠിപ്പിക്കുന്നതിനുള്ള പരിശീലന പരിപാടികൾ നടത്തുന്നുണ്ട്. അമേരിക്കയിലെ 40 ശതമാനം സ്കൂളുകളും കോഡിങ് ക്ലാസുകൾ നൽകുന്നുണ്ട്.

കംപ്യൂട്ടറിന് നൽകേണ്ടുന്ന കമാൻഡുകൾ ജാവ , സി ++, പൈത്തൺ പോലുള്ള പ്രോഗ്രാമിങ് ഭാഷകളുപയോഗിച്ച് ബൈനറി കോഡുകളാക്കി മാറ്റുന്നതിനെയാണ് കോഡിങ് എന്നു പറയുന്നത്. വളരെ ചെറു പ്രായത്തിൽ തന്നെ കുട്ടികളെ ടെക് സൗഹൃദമാക്കാൻ കോഡിങ് സഹായിക്കും.” എല്ലാവരും എങ്ങനെ ഒരു കംപ്യൂട്ടർ പ്രോഗ്രാം ചെയ്യണമെന്നു പഠിക്കണം. അത് എങ്ങനെ ചിന്തിക്കണമെന്നു നിങ്ങളെ പഠിപ്പിക്കും.” 20 വർഷം മുൻപ് ആപ്പിൾ സ്ഥാപകൻ സ്റ്റീവ് ജോബ്സ് പറഞ്ഞ ഈ വാചകത്തിന് ഇന്ന് ലോകമെങ്ങും അംഗീകാരം ലഭിക്കുകയാണ്.

കോഡിങ്ങിന്റെ അൽഗോരിതം ഒക്കെ കേൾക്കുമ്പോൾ സങ്കീർണ്ണമായി തോന്നുമെങ്കിലും രസകരമായ വിധത്തിൽ പഠിപ്പിച്ചാൽ കുട്ടികൾക്ക് അത് വളരെ പെട്ടെന്നു പഠിച്ചെടുക്കാൻ സാധിക്കും. ഇതവരുടെ വിശകലനാത്മകവും വിമർശനപരവുമായ ചിന്തകളെ മെച്ചപ്പെടുത്തും. കുട്ടികളെ സംബന്ധിച്ചു ഫലപ്രദമാകുക ടെക്സ്റ്റ് അധിഷ്ഠിത പ്രോഗ്രാമിനേക്കാൾ ബ്ലോക്ക്- അധിഷ്ഠിത കോഡിങ്ങാണ്.

ചില വിഷ്വൽ ബ്ലോക്കുകൾ പ്രത്യേക തരത്തിൽ അടുക്കി വച്ച് വിഡിയോയും അനിമേഷൻ ചിത്രവും ഗെയിമും എല്ലാം നിർമ്മിക്കാൻ സഹായിക്കുന്നതാണ് ബ്ലോക്ക്- അധിഷ്ഠിത പ്രോഗ്രാമിങ്ങ്. സ്ക്രാച്ച്, സ്റ്റെൻസിൽ, ഗെയിംഫ്രൂട്ട്, പോക്കറ്റ് കോഡ് എന്നിവയെല്ലാം ഇത്തരത്തിലുള്ള ബ്ലോക്ക്- അധിഷ്ഠിത പ്രോഗ്രാമുകളാണ്.

മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി 2007 ൽ ആരംഭിച്ച സൗജന്യ പ്രോഗ്രാമിങ് ഭാഷയായ സ്ക്രാച്ച് കുട്ടികളെ ആകർഷിക്കും വിധമാണു തയാറാക്കിയിരിക്കുന്നത്. സ്കൂൾ വിദ്യാർഥികളെ ഉദ്ദേശിച്ചാണ് സ്ക്രാച്ച് തയ്യാറാക്കിയിരിക്കുന്നത്. അതിലും പ്രായം കുറഞ്ഞ കുട്ടികൾക്കായി സ്ക്രാച്ച് ജൂനിയറും ഉണ്ട്. രണ്ടു പ്രോഗ്രാമും സൗജന്യ ആപ്പായി പ്ലേ സ്റ്റോറിൽ ലഭ്യമാണ്.

സ്ക്രാച്ചിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഇന്ത്യയിൽ കോഡ പോലുള്ള ഗെയിം ഡിസൈനിങ് പ്ലാറ്റ്ഫോമുകൾ കുട്ടികൾക്കായി നിർമ്മിച്ചിട്ടുണ്ട്.