അവിനാശിയിൽ 19 പേരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തില്‍ കണ്ടെനര്‍ ലോറി ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു. അറസ്റ്റിലായ ഡ്രൈവര്‍ ഹേമരാജിനെ പൊലീസ് ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഡ്രൈവിങ്ങിനിടെ ശ്രദ്ധ നഷ്ടപ്പെട്ടതാണ് അപകടത്തിലേക്ക് വഴിവച്ചതെന്നാണ് ഡ്രൈവറുടെ മൊഴി. ഹേമരാജനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

അശ്രദ്ധമായി വാഹനമോടിച്ചതിന് മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തത്. ഇയാളുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാനുള്ള നടപടികളും സ്വീകരിക്കും. അതേസമയം വിശദ പരിശോധനയ്ക്കായി കേരള മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥര്‍ അടക്കം ഉടന്‍ തിരുപ്പൂരിലെത്തും.

കൊച്ചി കടവന്ത്രയിലെ കോസ്റ്റ ഷിപ്പിങ്ങ് കമ്പനിയുടേതാണ് ലോറി. വല്ലാര്‍പാടം ടെര്‍മിനലില്‍ നിന്ന് ടൈല്‍ നിറച്ച കണ്ടെനറുമായി പോകുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്. ലോറിയില്‍ അമിത ലോഡ് കയറ്റിയിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തല്‍. ഡ്രൈവിങ്ങിനിടയില്‍ ശ്രദ്ധ നഷ്ടപ്പെട്ടെന്നും ഡിവൈഡറില്‍ ഇടിച്ച ശേഷമാണ് നിയന്ത്രണം നഷ്ടപ്പെട്ടതായി തിരിച്ചറിവ് വന്നതെന്നും ഡ്രൈവര്‍ ഹേമരാജ് മൊഴി നല്‍കി. ഡിവൈഡറില്‍ ഇടിച്ച് കയറിയതിന്‍റെ ആഘാതത്തില്‍ കണ്ടെനര്‍ ഇരട്ടിപ്രഹരത്തില്‍ ബസ്സിലേക്ക് ഇടിച്ച് കയറുകയായിരുന്നു.