എലിസബത്ത് രാജ്ഞിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായുള്ള കോള്‍ഡ്‌സ്ട്രീം ഗാര്‍ഡുകളുടെ പരേഡ് ഇത്തവണ ചരിത്രത്തിന്റെ ഭാഗമാകും. പരമ്പരാഗത വേഷത്തില്‍ മാത്രം സൈനികര്‍ പങ്കെടുക്കുന്ന ട്രൂപ്പിംഗ് ദി കളര്‍ എന്നറിയപ്പെടുന്ന ഈ പരേഡില്‍ ഇത്തവണ ഒരു സിഖ് വംശജന്‍ ശ്രദ്ധ പിടിച്ചുപറ്റി. സിഖ് തലപ്പാവണിഞ്ഞുകൊണ്ടായിരുന്നു ഗാര്‍ഡ്‌സ്മാന്‍ ചരണ്‍പ്രീത് സിങ് ലാള്‍ പരേഡില്‍ പങ്കെടുത്തത്. ഇന്നലെ നടന്ന പരേഡില്‍ പങ്കെടുത്ത ആയിരത്തോളം സൈനികരില്‍ ഈ പ്രത്യേകത മൂലം ചരണ്‍പ്രീത് സിങ് അതിഥികളുടെയും മാധ്യമങ്ങളുടെയും ശ്രദ്ധ പിടിച്ചു പറ്റി. ബ്രിട്ടീഷ് മാധ്യമങ്ങള്‍ അതീവ പ്രാധാന്യത്തോടെയാണ് സിങ്ങിനെക്കുറിച്ചുള്ള വാര്‍ത്ത പ്രസിദ്ധീകരിച്ചത്.

ചരിത്രത്തില്‍ ആദ്യമായാണ് ട്രൂപ്പിംഗ് ദി കളര്‍ സെറിമണിയില്‍ പരമ്പരാഗത സൈനിക വേഷത്തില്‍ ധരിക്കുന്ന ഉയരമുള്ള ബെയര്‍സ്‌കിന്‍ ക്യാപ്പില്‍ നിന്ന് വ്യത്യസ്തമായി കറുത്ത നിറത്തിലുള്ള തലപ്പാവുമായി ഒരാള്‍ പ്രത്യക്ഷപ്പെടുന്നത്. പഞ്ചാബില്‍ ജനിച്ച് ബാല്യത്തില്‍ തന്നെ ലെസ്റ്ററിലേക്ക് കുടിയേറിയ ചരണ്‍പ്രീത് തന്റെ പരേഡിലെ പങ്കാളിത്തം ചരിത്രത്തെ തിരുത്തിക്കുറിക്കുന്ന ഒന്നായി ജനങ്ങള്‍ നോക്കിക്കാണുമെന്ന് പറഞ്ഞു. ഇതിലൂടെ സിഖ് വംശജര്‍ മാത്രമല്ല, മറ്റു മതവിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്കു കൂടി സൈന്യത്തില്‍ ചേരാന്‍ പ്രചോദനമുണ്ടാകുമെന്നും സിങ് കൂട്ടിച്ചേര്‍ത്തു.

രാജ്ഞിയുടെ ജന്മദിനത്തിന്റെ ഭാഗമായി നടന്ന ചടങ്ങുകള്‍ വര്‍ണ്ണാഭമായിരുന്നു. വില്യം-മെഗാന്‍ ദമ്പതികളും ചടങ്ങിനെത്തി. യുദ്ധത്തിന് തയ്യാറെടുക്കുന്നതിന്റെ ഭാഗമായാണ് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ട്രൂപ്പിംഗ് ദി കളര്‍ പരേഡ് ആരംഭിച്ചത്. പതിനെട്ടാം നൂറ്റാണ്ട് വരെ ബ്രിട്ടീഷ് കൊട്ടാരങ്ങള്‍ക്കു മുന്നില്‍ ദിവസവും ട്രൂപ്പിംഗ് ദി കളര്‍ നടക്കുമായിരുന്നു. പിന്നീട് 1748 മുതലാണ് രാജ കുടുംബാംഗങ്ങളുടെ ജന്മദിനങ്ങള്‍ക്ക് മാത്രമായി ഈ ചടങ്ങ് പരിമിതപ്പെടുത്തിയത്.