ബസ് നിര്‍ത്തുന്നില്ലെന്ന് ജില്ലാ കളക്ടര്‍ക്ക് കുട്ടികള്‍ പരാതി നല്‍കി. വൈകിട്ട് ബസ് സ്റ്റോപ്പിലെത്തിയ കുട്ടികളും ബസ്സ് ജീവനക്കാരും ഞെട്ടി. ബസ് സ്റ്റോപ്പില്‍ കൈ നീട്ടാനെത്തിയത ജില്ലാ കളക്ടര്‍. വിദ്യാര്‍ത്ഥികളെ വഴിയാധാരമാക്കുന്ന സ്വകാര്യ ബസുകളെ
പിടികൂടാനായിരുന്നു എറണാകുളം ജില്ലാ കളക്ടര്‍ എസ് സുഹാസിന്റെ മിന്നല്‍ പരിശോധന. വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റുന്നില്ലെന്ന പരാതി വ്യാപകമായ സാഹചര്യത്തിലാണ് പരിശോധനയ്ക്കായി ജില്ലാ കളക്ടര്‍ എസ്. സുഹാസ് തന്നെ രംഗത്തിറങ്ങിയത്.

തിങ്കളാഴ്ച്ച വൈകിട്ട് ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്ക് ബസ് സ്റ്റോപ്പിലായിരുന്നു കളക്ടറുടെ മുന്നറിയിപ്പില്ലാതെയുള്ള സന്ദര്‍ശനം. തൊട്ടടുത്തുള്ള ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളില്‍ നിന്നും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ സ്റ്റോപ്പിലേക്ക് കളക്ടര്‍ എത്തിയത്. ബസ് സ്റ്റോപ്പില്‍ കളക്ടറെ കണ്ടപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്കും യാത്രക്കാര്‍ക്കും അത്ഭുതം. ബസ് ജീവനക്കാരും ഞെട്ടി. കളക്ടര്‍ സ്റ്റോപ്പിലുണ്ടെന്ന് കണ്ടതോടെ ബസുകളെല്ലാം സ്റ്റോപ്പില്‍ നിര്‍ത്തി വിദ്യാര്‍ത്ഥികളെ കയറ്റി. ബസുകള്‍ പരിശോധിച്ച കളക്ടര്‍ സ്റ്റോപ്പില്‍ നിര്‍ത്തണമെന്നും കുട്ടികളോട് മാന്യമായി പെരുമാറണമെന്നും ആവശ്യപ്പെട്ടു. കണ്‍സഷന്‍ നിഷേധിക്കുന്നവര്‍ക്കെതിരെ നടപടി എടുക്കുമെന്നും മുന്നറിയിപ്പ് നല്‍കി.

വിദ്യാര്‍ത്ഥികളുടെ പരാതികള്‍ ആര്‍.ടി.ഒയ്ക്ക് കൈമാറിയ കളക്ടര്‍, തുടര്‍ദിവസങ്ങളിലും പരിശോധന നടത്തുമെന്നറിയിച്ചു. കുറ്റക്കാര്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പും പൊലീസും കര്‍ശന നടപടി കൈക്കൊള്ളുമെന്നും കളക്ടര്‍ വ്യക്തമാക്കി. ചുമതല ഏറ്റ ദിവസം മുതല്‍ പല കോണില്‍ നിന്നും കേള്‍ക്കുന്നതാണ് വിദ്യാര്‍ഥികളോടുള്ള ബസ് ജീവനക്കാരുടെ അവഗണനയെന്ന് കളക്ടര്‍ പറഞ്ഞു. ഇതിന് ശാശ്വത പരിഹാരം കാണും. ബസ് കയറാന്‍ നില്‍ക്കുന്ന കുട്ടികളെ കാണുമ്പോള്‍ വീട്ടിലുള്ള കുട്ടികളുടെ മുഖം ഓര്‍ക്കണമെന്നാണ് ബസ് മുതലാളിമാരോടും തൊഴിലാളികളോടുമുള്ള തന്റെ അഭ്യര്‍ത്ഥനയെന്ന് കളക്ടര്‍ പറഞ്ഞു.