സ്പീഡ് ക്യാമറകളെ കബളിപ്പിക്കാനായി തന്റെ റേഞ്ച് റോവറില്‍ ലേസര്‍ ജാമര്‍ ഘടിപ്പിച്ച 67 കാരന് തടവ് ശിക്ഷ. ഇയാളുടെ പ്രവൃത്തി കടുത്ത നിയമലംഘനമായി കണക്കാക്കിയ കോടതി 8 മാസം തടവ് ശിക്ഷ വിധിക്കുകയായിരുന്നു. ഒരു പ്രമുഖ കമ്പനിയുടെ ഡയറക്ടര്‍ കൂടിയായ തിമോത്തി ഹില്‍ വാഹനത്തിന്റെ സ്പീഡ് കണ്ടുപിടിക്കുന്നത് തടയിടാനായി ലേസര്‍ ജാമര്‍ ഉപയോഗിക്കുകയായിരുന്നു. വാഹനം കടന്നുപോകുന്ന സമയത്ത് ക്യാമറയ്ക്ക് നേരെ ഇയാള്‍ നടുവിരല്‍ ഉയര്‍ത്തി കാണിക്കുകയും ചെയ്തു. കഴിഞ്ഞവര്‍ഷം ഡിസംബറില്‍ യോര്‍ക്ക് ആന്റ് മിഡില്‍സ്ബറോയിലെ എ19 പാതയിലാണ് സംഭവം. ലേസര്‍ ജാമര്‍ ഉപയോഗിച്ചതിനാല്‍ ഹില്ലിന്റെ വാഹനത്തിന്റെ വേഗത കണ്ടുപിടിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന് കഴിഞ്ഞിട്ടില്ല. നീതിപീഠത്തെ അപമാനിച്ചുവെന്ന കാരണത്തിനാണ് ശിക്ഷ ലഭിച്ചിരിക്കുന്നത്.

പോലീസ് വാന്‍ ക്യാമറയിലാണ് ഹില്‍ നടത്തിയ നിയമലംഘനം പതിഞ്ഞത്. അതേസമയം തന്റെ പ്രവൃത്തി ക്യാമറയില്‍ കുടുങ്ങിയ കാര്യം ബോധ്യമായ ഇയാള്‍ ഉപകരണം വാഹനത്തില്‍ നിന്നും മാറ്റുകയും ചെയ്തു. ഇയാള്‍ ട്രാഫിക് ക്യാമറയ്ക്ക് നേരെ മിഡില്‍ ഫിംഗര്‍ ഉയര്‍ത്തി കാണിച്ച് കടന്നു പോകുന്ന ദൃശ്യങ്ങള്‍ പോലീസ് വാന്‍ ക്യാമറയില്‍ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. അതേസമയം താന്‍ മണിക്കൂറില്‍ 60 മൈലിലും കുറഞ്ഞ വേഗതയിലാണ് വാഹനമോടിച്ചതെന്ന് ഹില്‍ കോടതിയില്‍ അറിയിച്ചു. എന്നാല്‍ ദൃശ്യങ്ങള്‍ ഇയാളുടെ മൊഴിക്കെതിരായിരുന്നു. അന്വേഷണം ആരംഭിച്ചതിന് ശേഷം ജാമര്‍ നശിപ്പിച്ചെങ്കിലും പോലീസിന് ഇയാള്‍ ലേസര്‍ ജാമര്‍ ഉപയോഗിച്ചതായുള്ള തെളിവുകള്‍ ലഭിച്ചിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥര്‍ ഹില്ലിന്റെ താമസ സ്ഥലത്തെത്തി ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. ഇയാളുടെ പ്രവൃത്തി കടുത്ത നിയമലംഘനമായി കോടതി നിരീക്ഷിച്ചു. 8 മാസം തടവ് ശിക്ഷ കൂടാതെ ഹില്ലിന്റെ ഡ്രൈവിംഗ് ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് കോടതി സസ്‌പെന്റ് ചെയ്തിട്ടുണ്ട്. നീതീ പീഠത്തിന് നേരെയുള്ള പരിഹാസമാണിതെന്ന് ഹില്ലിന് ശിക്ഷ വിധിച്ച ജഡ്ജ് ചൂണ്ടികാണിച്ചു. ആന്‍ഡ്രൂ ഫോര്‍ത്ത് എന്ന ട്രാഫിക് കോണ്‍സ്റ്റബിളാണ് കേസ് അന്വേഷിച്ചത്. പോലീസിന്റെ ശ്രദ്ധ ക്ഷണിക്കാന്‍ മിഡില്‍ ഫിംഗര്‍ ഉയര്‍ത്തിക്കാണിക്കുന്നത് ഒരു മികച്ച നടപടിയാണ്. അതുപോലെ ജയിലില്‍ കിടക്കാനും ഇതൊരു മികച്ച പ്രവര്‍ത്തിയാണെന്നും ആന്‍ഡ്രൂ ഫോര്‍ത്ത് പരിഹസിച്ചു.