ഹൈദരാബാദ്: ഇന്റര്‍നെറ്റില്‍ തരംഗമായ അഡാറ് ലവിലെ ഗാനത്തിനെതിരെ ഹൈദരാബാദ് പൊലീസിന്‍ പരാതി. ഗാനം മുസ്ലിം വികാരത്തെ വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ഒരുപറ്റം യുവാക്കളാണ് ഗാനത്തിനെതിരെ പരാതിയുമായി രംഗത്തു വന്നിരിക്കുന്നത്. റിലീസ് ചെയ്ത് നാല് ദിവസത്തിനകം ഏതാണ്ട് 14 മില്ല്യണ്‍ ആളുകളാണ് അഡാറ് ലവിലെ പാട്ട് യൂടുബില്‍ കണ്ടത്.

മാണിക്യ മലരായ പൂവി മഹതിയാം ഖദീജ ബീവി എന്നു തുടങ്ങുന്ന അഡാറ് ലവിലെ ഗാനം ഇഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്യുമ്പോള്‍ പ്രവാചകന്‍ മുഹമ്മദ് നബിയെ അധിക്ഷേപിക്കുന്നതാണെന്നാണ് യുവാക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. എന്നാല്‍ കേസ് ഫയലില്‍ സ്വീകരിച്ചെങ്കിലും ഇതുവരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. ചിത്രത്തിലെ രംഗങ്ങളുമായി ബന്ധപ്പെട്ടല്ല ഇപ്പോള്‍ നല്‍കിയിരിക്കുന്ന പരാതിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

മുസ്ലിം മാപ്പിള ഗാനങ്ങളുടെ കൂട്ടത്തില്‍ വര്‍ഷങ്ങല്‍ക്ക് മുന്‍പ് തന്നെ പ്രസിദ്ധമായ പാട്ടാണ് ഇപ്പോള്‍ അഡാറ് ലവിലൂടെ റീമേക്ക് ചെയ്ത് പുറത്തിറക്കിയിരിക്കുന്നത്. ഗാനത്തിനെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ പരാതിക്കാര്‍ക്ക് അറിയില്ലെന്നും പബ്ലിസിറ്റിക്ക് വേണ്ടിയാണ് ഇവര്‍ പരാതി നല്‍കിയിരിക്കുന്നതെന്നും നവ മാധ്യമങ്ങളില്‍ ആളുകള്‍ പ്രതികരിച്ചു.