കോണ്‍ഗ്രസിലെ എ ഗ്രൂപ്പുകാര്‍ തമ്മില്‍ ഏറ്റുമുട്ടി, രണ്ട് പേര്‍ക്ക് വെട്ടേറ്റു

കോണ്‍ഗ്രസിലെ എ ഗ്രൂപ്പുകാര്‍ തമ്മില്‍ ഏറ്റുമുട്ടി, രണ്ട് പേര്‍ക്ക് വെട്ടേറ്റു
February 05 21:19 2016 Print This Article

തിരുവല്ല: കോണ്‍ഗ്രസ് എ ഗ്രൂപ്പുകാര്‍ ഏറ്റുമുട്ടി. വെട്ടേറ്റ് രണ്ടുപേര്‍ക്ക് പരുക്ക്. ഗ്രൂപ്പിനുള്ളിലെ അഭിപ്രായ വ്യത്യാസമാണ് സംഘര്‍ഷത്തിലും വെട്ടിലും കലാശിച്ചത്. എ ഗ്രൂപ്പിലെ ഈപ്പന്‍ കുര്യന്‍ പക്ഷവും രാജേഷ് ചാത്തങ്കരി പക്ഷവും തമ്മിലാണ് ഏറ്റുമുട്ടിയത്. കോണ്‍ഗ്രസ് മുപ്പത്തിയെട്ടാം വാര്‍ഡ് കമ്മറ്റി അംഗവും കേരള വിശ്വകര്‍മ്മസഭ താലൂക്ക് യൂണിയന്‍ പ്രസിഡന്റുമായ മുത്തൂര്‍ മലയില്‍ പുത്തന്‍പറമ്പില്‍ രാജേഷ് (44), മുത്തൂര്‍ ബൂത്ത് പ്രസിഡന്റ് ശിവവിലാസത്തില്‍ എസ്.എന്‍. രാജേന്ദ്രന്‍ (49) എന്നിവര്‍ക്കാണ് വെട്ടേറ്റത്.
വ്യാഴാഴ്ച രാത്രി പത്തരയോടെ മുത്തൂര്‍കുറ്റപ്പുഴ റോഡില്‍ പരാത്ര പടിയിലെ കാണിക്ക മണ്ഡപത്തിന് സമീപമായിരുന്നു സംഭവം. മാരകായുധം ഉപയോഗിച്ച് നടത്തിയ അക്രമത്തില്‍ രാജേഷിന്റെ നെഞ്ചില്‍ രണ്ടിഞ്ച് ആഴത്തിലുളള കുത്തേറ്റു. വടിവാള്‍ ഉപയോഗിച്ച് നടത്തിയ അക്രമത്തില്‍ തലയ്ക്ക് മുറിവേറ്റ രാജേന്ദ്രന്റെ തലയില്‍ എട്ട് സ്റ്റിച്ചുകളുണ്ട്. ഇരുവരും താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. മുത്തൂര്‍ സ്വദേശികളായ ജോണ്‍ കെ. തോമസ്, പി.സി. മനോജ്കുമാര്‍, കെ.വി. പ്രമോദ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ആക്രമിച്ചതെന്ന് പരുക്കേറ്റവര്‍ പറഞ്ഞു.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് കോണ്‍ഗ്രസ് എ വിഭാഗത്തില്‍ ഉടലെടുത്ത അഭിപ്രായ വ്യത്യാസമാണ് അക്രമത്തില്‍ കലാശിച്ചത്. തെരഞ്ഞെടുപ്പില്‍ 38ാം വാര്‍ഡില്‍ ഈപ്പന്‍ കുര്യന്‍ പക്ഷക്കാരനായ രാജേഷ് മലയിലിന്റെ ഭാര്യ രാജലക്ഷ്മി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച് പരാജയപ്പെട്ടിരുന്നു. രാജേഷ് ചാത്തങ്കരി പക്ഷക്കാരായ ജോണ്‍ കെ. തോമസും സംഘവും നടത്തിയ അട്ടിമറിയാണ് രാജലക്ഷ്മിയുടെ പരാജയത്തിന് ഇടയാക്കിയതെന്ന ആരോപണം ഉയര്‍ന്നിരുന്നു.

ജോണ്‍ കെ. തോമസിന്റെ ഉടമസ്ഥതയിലുളള മുത്തൂരിലെ ഹോട്ടല്‍ വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി രാജേഷ് ഒന്നരമാസം മുമ്പ് ജില്ലാകലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇരുവരും തമ്മിലുള്ള വൈരാഗ്യം വര്‍ധിക്കാന്‍ ഇതും കാരണമായിരുന്നു. ഇരുവരും തമ്മില്‍ കാലങ്ങളായി നിലനിന്ന തര്‍ക്കം പറഞ്ഞ് തീര്‍ക്കുന്നതിന് നേതൃത്വത്തിന് കഴിയാതെ പോയതാണ് സംഘര്‍ഷത്തിലെത്തിച്ചത്. ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിന്റെ കഴിവുകേടാണ് സംഭവത്തിന് കാരണമെന്ന് ഐ ഗ്രൂപ്പ് നേതാക്കള്‍ ആരോപിച്ചു. സംഭവം സംബന്ധിച്ച് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രണ്ട് പേര്‍ പിടിയിലായതായി സൂചനയുണ്ട്.വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles