കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബിനെ വെട്ടിക്കൊന്നവര്‍ ഒളിച്ചു താമസിച്ചത് ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ ഒളിവില്‍ കഴിഞ്ഞ മുഴക്കുന്ന് മുടക്കോഴി മലയില്‍. സിപിഎം പാര്‍ട്ടി ഗ്രാമങ്ങളിലേക്ക് പോലീസ് തെരെച്ചില്‍ വ്യാപിപ്പിച്ചതായി വിവരം ലഭിച്ച ശേഷം ആകാശ് തില്ലങ്കേരിയും റിജിന്‍ രാജും ഇവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു. അന്വേഷണം ഊര്‍ജിതമായി തുടരുന്നതിനിടയില്‍ പ്രതികള്‍ ഇന്നലെ പോലീസില്‍ കീഴടങ്ങി.

കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തത് അഞ്ച് പേരെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇപ്പോള്‍ പിടിയിലായ രണ്ട് പേര്‍ ശുഹൈബിന് വെട്ടി വീഴ്ത്തിയവരില്‍ ഉള്‍പ്പെട്ടവരാണ്. ആകാശ് തില്ലങ്കേരിയും, റിജിന്‍രാജും സിപിഎം പ്രദേശിക നേതൃത്വവുമായി നല്ല അടുപ്പം സൂക്ഷിക്കുന്ന പാര്‍ട്ടി അനുയായികളാണ്. ആകാശും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുടെ കൂടെയുള്ള ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വിനീഷിന്റെ കൊലപാതകത്തില്‍ പ്രതികളായവരാണ് കസ്റ്റഡിയിലുള്ള ആകാശ് തില്ലങ്കേരി, റിജിന്‍ രാജ് ഇവരുടെ സുഹൃത്ത് ശ്രീജിത്ത് എന്നിവര്‍. പ്രതികളെ വൈദ്യ പരിശോധനയ്ക്ക് ശേഷം ഇന്ന് കോടതിയില്‍ ഹാജരാക്കും. പരോളിലായിരുന്ന ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് ശുഹൈബ് വധവുമായി ബന്ധമില്ലെന്നാണ് റിപ്പോര്‍ട്ട്.