ചങ്ങനാശേരിയുടെ സാമൂഹിക സാംസ്കാരിക സാമുദായിക രാഷ്ട്രീയ രംഗങ്ങളിൽ നിറഞ്ഞുനിന്ന ടോമി കണയംപ്ലാക്കൽ (48) വാഹനാപകടത്തിൽ മരിച്ചു. റോട്ടറി ക്ലബിന്‍റെ ഡിസ്ട്രിക് പബ്ലിക് ഇമേജ് ആയി പ്രവർത്തിച്ചുവന്നിരുന്ന ഇദ്ദേഹം സുഹൃത്തിനൊടോപ്പം കൊല്ലത്ത് പോയ ശേഷം തൃക്കൊടിത്താനത്തുള്ള വീട്ടിലേക്കു സ്കൂട്ടറിൽ മടങ്ങുന്പോഴാണ് അപകടം. റെയിൽവേ ഗുഡ് ഷെഡ് റോഡിൽ ക്ലൂണി പബ്ലിക് സ്കൂളിന് സമീപം സ്കൂട്ടർ കുഴിയിലേക്ക് മറിയുകയായിരുന്നു.

ടോമി വീട്ടിലെത്താൻ വൈകിയതിനെ തുടർന്ന് ഭാര്യ നിഷ സുഹൃത്തുക്കളെ വിളിച്ചു. സുഹൃത്തും സഹചാരിയുമായ   അഡ്വ ബോബൻ തേക്കൽ ചങ്ങനാശേരി പോലീസിൽ വിവരം അറിയിക്കുകയും തുടർന്ന് ബോബന്റെ നേതൃത്വത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

സ്കൂട്ടർ നിയന്ത്രണം വിട്ട് ഓടയിൽ വീണ നിലയിലായിരുന്നു. ചങ്ങനാശേരി ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ജനറൽ ആശുപത്രിയിൽ എത്തിച്ച മൃതദേഹം ചങ്ങനാശേരി സർക്കിൾ ഇൻസ്പെക്ടർ കെ.പി. വിനോദ്, എസ്ഐ നിസാം എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് തയാറാക്കി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

മൃതദേഹം ബുധനാഴ്ച രാവിലെ തൃക്കൊടിത്താനം നാൽക്കവലയിലുള്ള വീട്ടിലെത്തിക്കും. സംസ്കാരം വൈകുന്നേരം മൂന്നിന് തൃക്കൊടിത്താനം സെന്‍റ് സേവ്യേഴ്സ് ഫൊറോന പള്ളിയിൽ. ചങ്ങനാശേരി എസ്ബി കോളജ് ഇക്കോണോമിക്സ് വിഭാഗം മുൻ മേധാവി പ്രഫ. തോമസ് കണയംപ്ലാക്കലിന്റെയും  നെടുമുടി കാഞ്ഞൂപ്പറന്പിൽ ഓമനയുടെയും മകനാണ് ടോമി. എസ്ബി കോളജിൽ നിന്ന് എംകോം പാസായ ശേഷം എൽഎൽബി, എൽഎൽഎം ബിരുദങ്ങൾ നേടി. കോട്ടയം പ്രസ് ക്ലബിൽനിന്നും ജേർണലിസവും പാസായി.

ചങ്ങനാശേരി അതിരൂപത പാസ്റ്ററൽ കൗണ്‍സിൽ അംഗം, കോണ്‍ഗ്രസ് ചങ്ങനാശേരി ബ്ലോക്ക് സെക്രട്ടറി, ചങ്ങനാശേരി ജനറൽ ആശുപത്രി വികസന സമിതിയംഗം തുടങ്ങി വിവിധ നിലകളിൽ പ്രവർത്തിച്ച അദ്ദേഹം ചങ്ങനാശേരി റോട്ടറി ക്ലബ് പ്രസിഡന്‍റ് സ്ഥാനവും വഹിച്ചിട്ടുണ്ട്. ഭാര്യ: നിഷ നാലുകോടി വെട്ടികാട് കുഴിയടിയിൽ കുടുംബാംഗവും ചങ്ങനാശേരി സെന്‍റ് ജോസഫ് എൽപി സ്കൂൾ അധ്യാപികയുമാണ്. ഏക മകൻ ടോംസ് ക്ലൂണി പബ്ലിക് സ്കൂളിലെ 10-ാം ക്ലാസ് വിദ്യാർഥിയാണ്.

Image may contain: 1 person, text