ആര് രാഹുലിന് പിൻഗാമിയാകും ? കോൺഗ്രസ് പ്രസിഡന്റിനെ ഇന്നറിയാം; ആരെന്ന് ഉറ്റുനോക്കി ഇന്ത്യൻ രാഷ്ട്രീയം

ആര് രാഹുലിന് പിൻഗാമിയാകും ? കോൺഗ്രസ് പ്രസിഡന്റിനെ ഇന്നറിയാം; ആരെന്ന് ഉറ്റുനോക്കി ഇന്ത്യൻ രാഷ്ട്രീയം
August 10 04:49 2019 Print This Article

രാഹുലിന് പകരക്കാരൻ ആരെന്ന ചോദ്യത്തിന്  ഇന്ന്  ഉത്തരമാകും. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം കോൺഗ്രസിന്റെ പുതിയ പ്രസിഡന്റിനെ  ഇന്ന് അറിയാം. ഡൽഹിയിൽ ചേരുന്ന കോൺഗ്രസ് വർക്കിങ് കമ്മിറ്റി പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കും. ലോക്‌സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ദയനീയ പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനത്ത് നിന്നും രാജിവച്ചത്.

ഗാന്ധി കുടുംബത്തിന് പുറത്ത് നിന്ന് ഒരാൾ പാർട്ടിയെ നയിക്കട്ടെയെന്ന ആശയം മുന്നോട്ടവച്ചാണ് രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനം രാജിവച്ചത്. നേതാക്കളുടെയും പ്രവർത്തകരുടെയും ശക്തമായ സമ്മർദ്ദത്തെ മറികടന്നുകൊണ്ടായിരുന്നു രാഹുലിന്റെ രാജി. സ്ഥാനം ഒഴിഞ്ഞതിന് ശേഷവും മടങ്ങിയെത്തണമെന്ന പ്രവർത്തകരുടെ ആവശ്യത്തിന് രാഹുൽ ചെവി കൊടുത്തില്ല. രാഹുലും ഒഴിഞ്ഞ സ്ഥാനത്തേക്ക് ആരെന്ന് ഉറ്റുനോക്കുകയാണ് ഇന്ത്യൻ രാഷ്ട്രീയം.

യുവനിരയ്ക്ക് അവസരം നൽകണമെന്നാണ് പ്രധാന ആവശ്യം. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് ഈ വാദം പലവട്ടം ആവർത്തിച്ചിരുന്നു. അമരീന്ദറിനെ പിന്തുണച്ച് രംഗത്തെത്തിയ മുംബൈ കോൺഗ്രസ് ചീഫ് മിലിന്ദ് ഡിയോറ രണ്ട് നേതാക്കന്മാരുടെ പേര് നിർദ്ദേശിക്കുകയും ചെയ്തു. രാജസ്ഥാൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റിനെയും രാജസ്ഥാനിൽ നിന്നുള്ള നേതാവ് ജ്യോതിരാദിത്യ സിന്ധ്യെയുടെയും പേരുകളാണ് ഡിയോറ നിർദ്ദേശിച്ചത്. നിലവിൽ എഐസിസി ജനറൽ സെക്രട്ടറിയാണ് ജ്യോതിരാദിത്യ സിന്ധ്യെ.

അതേസമയം മുതിർന്ന നേതാവ് മുകുൾ വാസ്നിക്കിന്റെ പേരും മുൻനിരയിൽ തന്നെയുണ്ടെന്നാണ് റിപ്പോർട്ടുകൾ. രണ്ടാം യുപിഎ മന്ത്രിസഭയിൽ അംഗമായിരുന്ന മുകുൾ വാസ്നിക് നിലവിൽ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയാണ്.

മുകുൾ വാസ്നിക് കോൺഗ്രസ് അധ്യക്ഷനാകുകയാണെങ്കിൽ യുവനേതാക്കളെ പ്രതീക്ഷിച്ചിരിക്കുന്ന പ്രവർത്തകർക്ക് അതൊരു തിരിച്ചടിയായിരിക്കും. എന്നാൽ എ.കെ.ആന്റണി, കെ.സി.വേണുഗോപാൽ, അഹമ്മദ് പട്ടേൽ തുടങ്ങിയ നേതാക്കന്മാർ മുകുൾ വാസ്നിക്കിനെ പിന്തുണയ്ക്കുമെന്നാണ് സൂചന.

കഴിഞ്ഞ 134 വർഷത്തെ ചരിത്രത്തിനിടയിൽ പാർട്ടിയെ ഏറെക്കാലം നയിച്ചത് നെഹ്‌റു കുടുംബത്തിൽ നിന്നുള്ളവരായിരുന്നു. എന്നാൽ ഇത്തവണ രാഹുലിന് പിന്നലെ സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മാറി നിൽക്കുന്നു എന്ന് വ്യക്തമാക്കിയതോടെ ഇത്തവണ ആ ചരിത്രത്തിന് മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പാർട്ടി പ്രവർത്തകർ.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles