ഗുജറാത്ത് തിരഞ്ഞെടുപ്പ് അക്ഷരാർഥത്തിൽ ബിജെപിയെ വെള്ളംകുടിപ്പിച്ചതായിരുന്നു. ഒരുസമയത്ത് ബി.ജെ.പിയെ മറികടന്ന കോൺഗ്രസ് പലപ്പോഴും ഇഞ്ചോടിഞ്ച് പോരാട്ടത്തിലായിരുന്നു. വേരുകൾ ഉറപ്പിക്കാൻ സാധ്യതയില്ലെന്ന് കരുതിയ മേഖലകളിൽപ്പോലും ശക്തമായ സാന്നിധ്യമായി കോൺഗ്രസ് മാറി.

ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെയും രാഹുൽഗാന്ധിയുടെയും പ്രതിച്ഛായ രൂപീകരിക്കുന്നതിൽ സോഷ്യൽമീഡിയ വഹിച്ച പങ്ക് ചെറുതല്ല. ബി.ജെ.പിയുടെ സമൂഹമാധ്യമങ്ങളിലൂടെയുള്ള പരിഹാസങ്ങൾക്ക് കുറിക്കുകൊള്ളുന്ന മറുപടി തന്നെകൊടുത്ത് രാഹുൽ പലപ്പോഴും കൈയടിനേടിയിരുന്നു. ഇതിനുപിന്നിൽ കോൺഗ്രസിന്റെ സോഷ്യൽമീഡിയ ടീമിന്റെ പങ്ക് വളരെ വലുതായിരുന്നു.

കൃത്യമായ ആസൂത്രണങ്ങളോടെയായിരുന്നു ഈ മറുപടികൾ. ടീമിന്റെ തലപ്പത്തുള്ളതാകട്ടെ ദിവ്യ സ്പന്ദന എന്ന രമ്യയും. സിനിമാതാരമായിരുന്ന ദിവ്യ മാണ്ഡ്യയിൽ നിന്നുംവിജയിച്ചാണ് എംപി ആയത്. ഒക്ടോബറിലാണ് ദിവ്യ റോത്തക്കിൽ നിന്നുള്ള എംപി ദീപേന്ദർ സിങ്ങ് ഹൂഡയ്ക്ക് പകരം സോഷ്യൽമീഡിയ സെല്ലിന്റെ തലപ്പത്ത് എത്തുന്നത്.

രാഹുലിന്റെ പ്രത്യേകനിർദേശപ്രകാരമായിരുന്നു ഈ അധികാരകൈമാറ്റം. ഒക്ടോബർ മുതൽ പരിശോധിച്ചാൽ വ്യക്തമായി മനസിലാകും സോഷ്യൽമീഡിയയിലൂടെയുള്ള കോൺഗ്രസ്-ബിജെപി ഡിജിറ്റൽ യുദ്ധത്തിന്റെ രീതി മാറിയത്. അതിനുമുമ്പുവരെ പഴയ പാർട്ടിയെന്ന കോൺഗ്രസിനെക്കുറിച്ചുള്ള ചിന്താഗതി തന്നെ മാറ്റുന്ന രീതിയിലായിരുന്നു സോഷ്യൽമീഡിയയിലൂടെയുള്ള ഇടപെടലുകൾ.