ബംഗളൂരു: ബംഗളൂരുവിലെ യുബി സിറ്റി ഹോട്ടലില്‍ എംഎല്‍എയുടെ മകന്റെ നേതൃത്വത്തില്‍ നടത്തിയ ആക്രമണത്തില്‍ യുവാവിന് ഗുരുതരമായ പരിക്ക്. കോണ്‍ഗ്രസ് എംഎല്‍എയായ എന്‍.എ.ഹാരിസിന്റെ മകന്‍ മുഹമ്മദ് നാലപ്പാടാണ് യുവാവിനെ മര്‍ദ്ദിച്ച് അവശനാക്കിയത്. മുഹമ്മദും പത്തോളം കൂട്ടാളികളും ചേര്‍ന്നായിരുന്നു ഇയാളെ ക്രൂരമായി മര്‍ദ്ദിച്ചത്.

ബംഗളൂരു ഡോളര്‍ കോളിനിയില്‍ താമസിക്കുന്ന വിദ്വത് എന്ന യുവാവിനാണ് പരിക്കേറ്റത്. ഇയാളെ ഗുരുതരാവസ്ഥയില്‍ മല്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാലില്‍ പ്ലാസ്റ്റര്‍ ഇട്ടിരുന്ന വിദ്വതിനോട് കസേര നേരെയിടാന്‍ മുഹമ്മദ് ആവശ്യപ്പെട്ടു. എന്നാല്‍ വിദ്വതിന് അതിന് സാധിച്ചില്ല. ഇതേത്തുടര്‍ന്നുണ്ടായ തര്‍ക്കം കയ്യാങ്കളിയില്‍ അവസാനിക്കുകയായിരുന്നു.

ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട വിദ്വതിനെ അവിടെയെത്തിയും മുഹമ്മദും കൂട്ടരും മര്‍ദ്ദിച്ചതായും വിവരമുണ്ട്. ഇത് തടയാന്‍ ശ്രമിച്ച വിദ്വതിന്റെ സഹോദരനും മര്‍ദ്ദനമേറ്റു. സംഭവം വിവാദമായതോടെ പോലീസ് മുഹമ്മദ് നാലപ്പാട്ടിനും സുഹൃത്തുക്കളായ പത്തുപേര്‍ക്കുമെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഇതിനിടെ വിദ്വതിനെ സന്ദര്‍ശിക്കാന്‍ എംഎല്‍എ എത്തിയതും വിവാദമായിട്ടുണ്ട്. കേസ് പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനായാണ് ഹാരിസ് എത്തിയതെന്ന് ബിജെപിയും ജെഡിഎസും ആരോപിച്ചു. ഹാരിസിനെ കോണ്‍ഗ്രസ് പുറത്താക്കണമെന്നും പ്രതിപക്ഷ കക്ഷികള്‍ ആവശ്യപ്പെട്ടു.