രാഹുല്‍ ഗാന്ധി വയനാട്ടില്‍ മല്‍സരിക്കുന്നതില്‍ തീരുമാനമായില്ലെന്ന് കോണ്‍ഗ്രസ്. കേരളത്തിലെ വികാരം പാര്‍ട്ടി ഉള്‍ക്കൊള്ളുന്നുവെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സൂര്‍ജേവാല പറഞ്ഞു. കേരള, കര്‍ണാടക, തമിഴ്നാട് ഘടകങ്ങള്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്. അന്തിമ തീരുമാനമെടുത്ത ശേഷം അറിയിക്കാമെന്നും സൂര്‍ജേവാല പറഞ്ഞു.

അമേഠി രാഹുലിന്റ കർമ്മ ഭൂമിയാണ്. രാഹുൽ ഒളിച്ചോടുന്നുവെന്ന് പ്രചരിപ്പിക്കുന്നത് സ്മൃതി ഇറാനിയാണ്. അവരുടെ ട്രാക്ക് റെക്കോഡ് പരിശോധിക്കണം. തുടർച്ചയായ തോൽവികൾ. കൈകാര്യം ചെയ്ത വകുപ്പുകൾ എല്ലാം തകർത്തു. ചാന്ദ്നിചൗക്കിലും അമേഠിയിലും പരാജയപ്പെട്ട ആളാണ് സ്മൃതിയെന്നും വിമര്‍ശനങ്ങള്‍ക്ക് സൂര്‍ജേവാല മറുപടി നല്‍കി.

വയനാട്ടില്‍ മല്‍സരിക്കുമോ എന്ന് വ്യക്തമാക്കാതെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മാധ്യമങ്ങളുടെ മുന്‍പിലെത്തിയത്. പ്രവര്‍ത്തകസമിതിയോഗത്തിനുശേഷം വാര്‍ത്താസമ്മേളനം നടത്തിയ രാഹുല്‍ മറ്റുവിഷയങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ തയാറായില്ല. പ്രകടനപത്രികയിലെ പ്രധാനവിഷയമായ മിനിമം വേതനത്തിന്റെ വിശദാംശങ്ങളല്ലാതെ മറ്റൊന്നും പറയില്ലെന്ന ഉറച്ച നിലപാട് രാഹുല്‍ വ്യക്തമാക്കി. മറ്റൊരു വാര്‍ത്താസമ്മേളനത്തില്‍ മറ്റ് വിഷയങ്ങള്‍ ഉന്നയിക്കാമെന്നായിരുന്നു വാര്‍ത്താലേഖകരോട് രാഹുലിന്റെ പ്രതികരണം.

എന്നാല്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മല്‍സരിക്കുമോ എന്നതില്‍ തീരുമാനം ഇന്നോ നാളെയോ ഉണ്ടാകുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കോണ്‍സിനും യു.പി.എയ്ക്കും ദക്ഷിണേന്ത്യയില്‍ ഉണര്‍വ് നല്‍കാനാണ് രാഹുലിന്റ മല്‍സരത്തിലൂടെ ലക്ഷ്യമിടുന്നത്. വയനാട് തന്നെയാണ് രാഹുലിനായി പരിഗണിക്കുന്നതെന്നും ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ തിരുവനന്തപുരത്ത് മല്‍സരിക്കണമെന്നില്ലെന്നും ഉമ്മന്‍ചാണ്ടി പത്തനംതിട്ടയില്‍ പറഞ്ഞു.