ലൈംഗികത്തൊഴിലാളിയുമായി നടക്കുന്ന ഉഭയ സമ്മത പ്രകാരമുള്ള ബന്ധത്തില്‍ കേസെടുക്കരുതെന്ന് സുപ്രീം കോടതി

February 15 08:53 2016 Print This Article

ന്യൂഡല്‍ഹി: ഉഭയസമ്മത പ്രകാരം ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന പ്രായപൂര്‍ത്തിയായ ലൈംഗികത്തൊഴിലാളികളുടെ കാര്യത്തില്‍ പൊലീസ് ഇടപെടരുതെന്ന് സുപ്രീം കോടതി. ഇത്തരക്കാരെ അറസ്റ്റ് ചെയ്യരുതെന്നും കോടതി നിര്‍ദേശിച്ചു. ലെംഗികത്തൊഴിലാളികളുടെ തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും വേണ്ടിയുളള സുപ്രീം കോടതി സമിതിയാണ് ഈ ശുപാര്‍ശകള്‍ മുന്നോട്ട് വച്ചിരിക്കുന്നത്. 2011ല്‍ രൂപീകരിച്ച സമിതി അടുത്ത മാസം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. രാജ്യത്ത് ലൈംഗികത്തൊഴിലിന് നിയമാനുമതി ഉണ്ടെങ്കിലും പലപ്പോഴും പല നിയമക്കുരുക്കുകളിലും ലൈംഗികത്തൊഴിലാളികള്‍ അകപ്പെടുന്നു.
പലപ്പോഴും തെരുവുകളിലും വേശ്യാലയങ്ങളിലും നടക്കുന്ന ലൈംഗിക ബന്ധങ്ങളില്‍ പൊലീസ് കേസെടുക്കാറുണ്ട്. വേശ്യാലയങ്ങളില്‍ റെയ്ഡ് നടത്തി ലൈംഗികത്തൊഴിലാളികളെ അറസ്റ്റ് ചെയ്യേണ്ടതില്ലെന്നും സമിതി നിര്‍ദേശിക്കുന്നു. ലൈംഗികത്തൊഴില്‍ കുറ്റകരമല്ല. എന്നാല്‍ വേശ്യാലയം നടത്തിപ്പ് നിയമവിധേയമല്ലെന്നും സമിതി നിരീക്ഷിച്ചു. ലൈംഗികത്തൊഴിലാളികെ അറസ്റ്റ് ചെയ്യാനോ പിഴയീടാക്കാനോ അധിക്ഷേപിക്കാനോ പാടില്ല. 1956 ഇമ്മോറല്‍ ട്രാഫിക് പ്രിവന്‍ഷന്‍ ആക്ടിന്റെ എട്ടാം വകുപ്പ് അന്വേഷണ ഏജന്‍സികള്‍ വ്യാപകമായി ദുരുപയോഗം ചെയ്യുന്നതായി സമിതി കണ്ടെത്തിയിട്ടുണ്ട്.

മുതിര്‍ന്ന അഭിഭാഷകന്‍ പ്രദീപ് ഘോഷ് അധ്യക്ഷനായ സമിതിയാണ് ഇക്കാര്യങ്ങളെക്കുറിച്ച് സമഗ്രമായി പഠിച്ച് റിപ്പോര്‍ട്ട് തയാറാക്കിയിട്ടുളളത്. ലൈംഗികത്തൊഴിലാളികള്‍ക്കായി പുനരധിവാസ കേന്ദ്രങ്ങള്‍ സൃഷ്ടിച്ചാല്‍ അവര്‍ക്ക് മാന്യമായി ജീവിക്കാനാകുമെന്നും സമിതി ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ 12 ലക്ഷം ലൈംഗികത്തൊഴിലാളികളില്‍ ഏറെയും ദാരിദ്ര്യം മൂലം ഈ തൊഴില്‍ തെരഞ്ഞെടുത്തവരാണ്. മുന്‍ ലൈംഗികത്തൊഴിലാളികള്‍ക്ക് പുനരധിവാസവും മറ്റ് തൊഴിലും നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായാല്‍ ഇവരെ ഇതില്‍ നിന്ന് മോചിപ്പിക്കാനാകുമെന്നും സമിതി പറയുന്നു.

ലൈംഗികത്തൊഴിലാളികള്‍ക്ക് മറ്റുളള സ്ത്രീകളേപ്പോലെ തന്നെ അവകാശങ്ങളുണ്ട്. ഇവരുടെ നേരെയുണ്ടാകുന്ന ഏതൊരു ആക്രമണത്തെക്കുറിച്ചും പരാതി ലഭിച്ചാല്‍ അന്വേഷിച്ച് നടപടിയെടുക്കാന്‍ ഉദ്യോഗസ്ഥര്‍ ബാധ്യസ്ഥരാണ്. പതിനെട്ട് വയസിന് മുകളിലുളള ലൈംഗികത്തൊഴിലാളികളെ പത്ത് വര്‍ഷം വരെ തടവിന് ശിക്ഷിക്കാനുളള നിയമം ഭേദഗതി ചെയ്യേണ്ടതുണ്ടെന്നും സമിതി ശുപാര്‍ശ ചെയ്തു.

ലൈംഗികത്തൊഴിലിലേക്ക് ഒരു സ്ത്രീയെ നയിച്ചത് അവരുടെ രക്ഷിതാക്കളോ മക്കളോ പങ്കാളിയോ അല്ലാത്ത സാഹചര്യത്തില്‍ അവരെ ശിക്ഷിക്കേണ്ട ആവശ്യമില്ലെന്നും സമിതി ശുപാര്‍ശ ചെയ്യുന്നു. പൊതു ഇടങ്ങളില്‍ ലൈംഗിക വ്യാപാരം നടത്തുന്നവരെ ജയിലിലേക്ക് അയക്കുന്നതിന് പകരം കറക്ഷന്‍ ഹോമുകളിലേക്കാണ് അയക്കേണ്ടത്. ഇത്തരം കേന്ദ്രങ്ങളില്‍ ഇവരെ ഒരു കൊല്ലത്തില്‍ കൂടുതല്‍ പാര്‍പ്പിക്കാനും പാടില്ല. പൊതു ഇടങ്ങളിലെ ലൈംഗിക വ്യാപാരം കുറ്റകരമാണ്.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles