ലണ്ടന്‍: കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ പ്രമുഖമായിരുന്ന ഇംഗ്ലണ്ടിലെ പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ പ്രഭാതഭക്ഷണം നല്‍കാനുള്ള പദ്ധതി സര്‍ക്കാര്‍ വേണ്ടെന്നുവെച്ചു. ഗ്രാമര്‍ സ്‌കൂളുകള്‍ തുടങ്ങുന്നതിന് വിലക്കേര്‍പ്പെടുത്തിയ ടോണി ബ്ലെയറിന്റെ ഉത്തരവ് പിന്‍വലിക്കുന്നതുള്‍പ്പെടെ നിരവധി പ്രഖ്യാപിത നയങ്ങളില്‍ നിന്ന് പാര്‍ട്ടി പിന്നോട്ടു പോയിരുന്നു. ഈ പട്ടിയില്‍ ഏറ്റവും ഒടുവിലത്തേതാണ് ഇപ്പോള്‍ പുറത്തു വന്ന തീരുമാനം. ഫോക്‌സ് ഹണ്ടിംഗ് വിഷയത്തിലെ ഫ്രീ വോട്ട്, സോഷ്യല്‍ കെയറിലെ പരിഷ്‌കരണങ്ങള്‍, ഗ്യാസ്, വൈദ്യുതി നിരക്കുകള്‍ കുറയ്ക്കല്‍ തുടങ്ങി നിരവധി വിഷയങ്ങളില്‍ ടോറികള്‍ പിന്നോട്ടു പോയിരുന്നു.

സ്‌കൂളുകളിലെ സൗജന്യ ഉച്ചഭക്ഷണം നിര്‍ത്തലാക്കിക്കൊണ്ട് എല്ലാ പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും പ്രഭാതഭക്ഷണം ഏര്‍പ്പെടുത്താനായിരുന്നു സര്‍ക്കാരിന്റെ പദ്ധതി. പ്രധാനമന്ത്രി തെരേസ മേയുടെ മുന്‍ ചീഫ് ഓഫ് സ്റ്റാഫ് ആണ് ഈ പദ്ധതി തയ്യാറാക്കിയത്. രക്ഷിതാക്കളുടെ വരുമാനം പോലും പരിഗണിക്കാതെ എല്ലാ പ്രൈമറി സ്‌കൂള്‍ കുട്ടികള്‍ക്കും സൗജന്യമായി ഉച്ചഭക്ഷണം നല്‍കുന്നത് പൊതുധനത്തിന്റെ ശരിയായ വിനിയോഗമാണെന്ന് കരുതുന്നില്ലെന്നായിരുന്നു പാര്‍ട്ടി പറഞ്ഞിരുന്നത്.

പ്രചാരണത്തില്‍ വന്‍ തിരിച്ചടി നേരിട്ട പ്രഖ്യാപനമായിരുന്നു ഇത്. ചെലവുചുരുക്കല്‍ നയത്തിന്റെ ഭാഗമാണ് ഇതെന്ന വിമര്‍ശനം ഉയര്‍ന്നു. പ്രധാനമന്ത്രി ഉച്ചഭക്ഷണം തട്ടിയെടുക്കുകയാണെന്നും പരിഹാസം ഉയര്‍ന്നു. തെരഞ്ഞെടുപ്പ് ഫലം തിരിച്ചടിച്ചതോടെ ഇതടക്കമുള്ള ജനവിരുദ്ധ നയങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്നാക്കം പോകുകയാണെന്നാണ് ഈ നീക്കത്തെ വിലയിരുത്തുന്നത്.