ഫാ. ബിജു കുന്നയ്ക്കാട്ട് പി.ആര്‍.ഒ

ബ്രിസ്റ്റോള്‍: ഒക്ടോബര്‍ 22 മുതല്‍ 29 വരെ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ എട്ട് റീജിയണുകളിലായി നടക്കുന്ന പ്രഥമ ‘ഗ്രേറ്റ് ബ്രിട്ടണ്‍ അഭിഷേകാഗ്നി’ കണ്‍വെന്‍ഷന്റെയും പ്രഥമ രൂപതാ ബൈബിള്‍ കലോത്സവത്തിന്റെയും വിശദ വിവരങ്ങളോടു കൂടിയ മരിയന്‍ ടൈംസിന്റെ സ്‌പെഷ്യല്‍ സപ്ലിമെന്റ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പ്രകാശനം ചെയ്തു. നവംബര്‍ നാലിന നടക്കുന്ന രൂപതാ തല കലോത്സവ മത്സരങ്ങള്‍ക്ക് മുന്നോടിയായി സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളിലായി റീജിയണല്‍ തലത്തില്‍ പ്രാഥമികഘട്ട മത്സരങ്ങള്‍ നടക്കും.

പുത്തന്‍ അഭിഷേകം ഗ്രേറ്റ് ബ്രിട്ടണില്‍ കത്തിപടരാനും സഭാമക്കളെ വിശ്വാസത്തിലും പ്രാര്‍ത്ഥനയിലും ഉറപ്പിക്കാനുമായി നടത്തപ്പെടുന്ന ഈ പ്രഥമ ബൈബിള്‍ കണ്‍വെന്‍ഷന് നേതൃത്വം നല്‍കുന്നത് സെഹിയോന്‍ മിനിസ്ട്രീസ് ഡയറക്ടറും ലോക പ്രശസ്ത ധ്യാനഗുരുവായ റവ. ഫാ. സേവ്യര്‍ ഖാന്‍ വട്ടായിലും ടീമംഗങ്ങളുമാണ്. കണ്‍വെന്‍ഷന്റെ വിജയത്തിനായുള്ള പ്രാര്‍ത്ഥനയും കണ്‍വെന്‍ഷന്‍ നടക്കുന്ന എട്ട് റീജിയണെക്കുറിച്ചുള്ള വിശദ വിവരങ്ങളും സപ്ലിമെന്റില്‍ ഉള്‍ച്ചേര്‍ത്തിട്ടുണ്ട്. രാവിലെ 10 മുതല്‍ വൈകിട്ട് 6 മണി വരെയാണ് കണ്‍വെന്‍ഷന്‍ സമയം.

യൂറോപ്പില്‍ നടത്തപ്പെടുന്ന ഏറ്റവും വലിയ ബൈബിള്‍ അധിഷ്ഠിത കലാമാമാങ്കം എന്ന ഖ്യാതിയോടെ കഴിഞ്ഞ പത്തുവര്‍ഷത്തോളമായി ബ്രിസ്റ്റോളില്‍ നടന്നുവന്ന കലോത്സവവും ഇത്തവണ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ആദ്യ ബൈബിള്‍ കലോത്സവം എന്ന പ്രത്യേകതയോടെയാണ് സംഘടിപ്പിച്ചിരിക്കുന്നത്. 22 ഇനങ്ങള്‍ ഏഴ് വിഭാഗങ്ങളിലായി നടത്തപ്പെടുന്ന ഈ വന്‍ കലാമേളയ്ക്ക് റവ. ഫാ. പോള്‍ വെട്ടിക്കാട്ട് സിഎസ്ടിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് രൂപതാ തലത്തില്‍ നേതൃത്വം നല്‍കുന്നത്. റീജിയണല്‍ കോ- ഓര്‍ഡിനേറ്റര്‍മാര്‍ക്കൊപ്പം മി. സജി വാധ്യാനത്തിന്റെ നേതൃത്വത്തിലുള്ള വിവിധ റീജിയണുകളില്‍ നിന്നുള്ള കമ്മിറ്റിയംഗങ്ങളും മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. രൂപതയുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷം മുതല്‍ നടത്തപ്പെടുന്ന കലോത്സവത്തിലേയ്ക്ക് ഓരോ വി. കുര്‍ബാന കേന്ദ്രങ്ങളില്‍ നിന്നും പ്രഥമാധ്യാപകരുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.

ബ്രിസ്‌റ്റോളില്‍ വെച്ച് നടന്ന സപ്ലിമെന്റ് പ്രകാശനത്തില്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ കലോത്സവം രൂപതാ ഡയറക്ടര്‍ റവ. ഫാ.പോള്‍ വെട്ടിക്കാട്ട് സിഎസ്ടിക്ക് ആദ്യ പ്രതി നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു. സജി വാധ്യാനത്ത്, നിമ്മി ലിജോ, ലിജോ ചീരാന്‍, ഫാ. ഫാന്‍സ്വാ പത്തില്‍, ലിസ്സി സാജ്, ബ്രദര്‍ തോമസ് രാജ്, സിസ്റ്റര്‍ മേരി ആന്‍ തുടങ്ങിയവര്‍ സപ്ലിമെന്റ് പ്രകാശനച്ചങ്ങില്‍ സന്നിഹിതരായിരുന്നു.