കാരൂര്‍ സോമന്‍റെ പുസ്തകം തന്‍റെ ബ്ലോഗില്‍ നിന്നും കോപ്പിയടിച്ചത്; നിയമ നടപടിക്കൊരുങ്ങി മനോജ്‌ രവീന്ദ്രന്‍

കാരൂര്‍ സോമന്‍റെ പുസ്തകം തന്‍റെ ബ്ലോഗില്‍ നിന്നും കോപ്പിയടിച്ചത്; നിയമ നടപടിക്കൊരുങ്ങി മനോജ്‌ രവീന്ദ്രന്‍
December 29 08:15 2017 Print This Article

കൊച്ചി: മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച സ്പെയിൻ – കാളപ്പോരിന്റെ നാട് എന്ന പുസ്തകത്തിൽ തന്റെ ബ്ലോഗിൽ നിന്നും ഉള്ള യാത്രാവിവരണങ്ങൾ ഉപയോഗിച്ചതായി ബ്ലോഗർ മനോജ് രവീന്ദ്രൻ. കാരൂർ സോമൻ എന്ന എഴുത്തുകാരനാണ് സ്പെയിൻ – കാളപ്പോരിന്റെ നാട് എന്ന പുസ്തകം എഴുതിയിരിക്കുന്നത്. പുസ്തകത്തിലെ രണ്ടും മൂന്നും അധ്യായങ്ങൾ പൂർണമായും, അവസാന അധ്യായത്തിലെ ചില ഭാഗങ്ങളും തൻറെ ബ്ലോഗിൽ നിന്നും എടുത്തതാണ് എന്ന് മനോജ് രവീന്ദ്രൻ പറയുന്നു. ഫേസ്ബുക്ക് ലൈവിൽ എത്തിയാണ് മനോജ് രവീന്ദ്രൻ ഇക്കാര്യങ്ങൾ പറഞ്ഞത്.

മാതൃഭൂമി ബുക്സിനും പുസ്തകത്തിന്റെ രചയിതാവായ കാരൂർ സോമനും എതിരെ നിയമനടപടികൾ സ്വീകരിക്കാനാണ് തീരുമാനമെന്ന് മനോജ് രവീന്ദ്രൻ പറയുന്നു. ഇപ്പോൾ ലണ്ടനിൽ താമസിക്കുന്ന കാരൂർ സോമന്റേതായി 51 പുസ്തകങ്ങൾ ഇത് വരെയായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. അതിലൊന്നാണ് മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ‘സ്പെയിൻ – കാളപ്പോരിന്റെ നാട്’. നാടകങ്ങളും, കഥകളും, കവിതകളും, നോവലുകളും, യാത്രാവിവരണവും ഒക്കെ കാരൂർ സോമന്റെ കൃതികളിൽ പെടും. ഒരൂപാട് പുരസ്കാരങ്ങളും കാരൂർ സോമന് ലഭിച്ചിട്ടുണ്ട്.

ലണ്ടനിലുള്ള സുഹൃത്തുക്കൾ വഴി കാരൂർ സോമനുമായി ബന്ധപ്പെട്ടപ്പോൾ തന്‍റെ പുസ്തകത്തിൽ നിന്നും മനോജ് രവീന്ദ്രന്‍ കോപ്പിയടിച്ചു എന്ന തരത്തിലാണ് പ്രതികരണം ലഭിച്ചതെന്ന് മനോജ് രവീന്ദ്രൻ പറയുന്നു. ഓൺലൈനിൽ ആരോപണം ഉന്നയിക്കുന്നതിന് മുൻപ് മനോജ് രവീന്ദ്രൻ എന്തുകൊണ്ട് തന്നെ ബന്ധപ്പെട്ട് സംഭവം കോമ്പ്രമൈസ് ചെയ്യാൻ ശ്രമിച്ചില്ല എന്നാണത്രെ കാരൂർ സോമന്റെ ചോദ്യം. എന്തായാലും പുസ്തകത്തിന്റെയും ബ്ലോഗിന്റെയും കൂടുതൽ സ്ക്രീൻ ഷോട്ടുകള്‍ സഹിതം നാട്ടിലും ലണ്ടനിലും നിയമനടപടികൾ കൈക്കൊള്ളാനാണ് മനോജ് രവീന്ദ്രന്റെ തീരുമാനം.

നിരക്ഷരൻ എന്ന പേരിൽ ബ്ലോഗ് എഴുതുന്ന മനോജ് രവീന്ദ്രൻ പത്ത് വർഷത്തിലധികമായി ഓൺലൈന്‍ എഴുത്തിടങ്ങളിൽ സജീവമാണ്. മനോജ് രവീന്ദ്രന്റെ ചില യാത്രകൾ എന്ന ബ്ലോഗ് മലയാളം യാത്രാ വിവരണം കൈകാര്യം ചെയ്യുന്ന ബ്ലോഗുകളിൽ മുൻപന്തിയിൽ നിൽക്കുന്നതാണ്. ഓഗ്മെന്റ് റിയാലിറ്റി യാത്രാവിവരണമായ മുസ്‌രീസിലൂടെ എന്ന പുസ്തകവും മനോജ് രവീന്ദ്രന്റേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബ്ലോഗ് – സോഷ്യൽ മീഡിയ എഴുത്തിന്റെ കാര്യത്തിൽ കോപ്പിറൈറ്റ് ലംഘനങ്ങൾ തുടർക്കഥയാകുന്നതിൽ രോഷമുള്ള ഒരുപറ്റം ഓൺലൈൻ എഴുത്തുകാരും വായനക്കാരും നിയമയുദ്ധത്തിന് നിരക്ഷരനോടൊപ്പമുണ്ട്.

വിവാദത്തെ കുറിച്ച് പ്രതികരണം അറിയാന്‍ മലയാളം യുകെ പ്രതിനിധി കാരൂര്‍ സോമനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.

സംഭവത്തെ വിവരിച്ച് മനോജ് ഫേസ്ബുക്ക് ലൈവിലൂടെ പറയുന്ന കാര്യങ്ങള്‍ ഇങ്ങനെയാണ്:
2007 മുതല്‍ ഓണ്‍ലൈനില്‍ യാത്രാവിവരണവും ആര്‍ട്ടിക്കിള്‍സും എഴുതുന്നു. മാസം ചുരുങ്ങിയത് നിരക്ഷകന്‍ എന്ന സൈറ്റില്‍ നാല് ആര്‍ട്ടിക്കിളുകള്‍ വീതമെങ്കിലും ചുരുങ്ങിയത് ഇടാറുണ്ട്. പല രാജ്യങ്ങളും സന്ദര്‍ശിച്ചും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളും 120 ഓളം യാത്രാവിവരണങ്ങള്‍ ഇതിനോടകം എഴുതി. ഒരു പുസ്തകം പുറത്തുവന്നത് 2015 ഡിസംബറില്‍ ആണ്. മുസിരിസിലൂടെ.. എന്ന പുസ്തകം. ഓണ്‍ലൈനില്‍ കിടക്കുന്ന 120 ഓളം യാത്രാവിവരണങ്ങള്‍ പുസ്തകമാക്കാന്‍ പല പ്രസാധകരും ബന്ധപ്പെട്ടുവെങ്കിലും ഓണ്‍ലൈനില്‍ ഇതു കിടക്കുന്നതു കൊണ്ട് വീണ്ടും പ്രസിദ്ധീകരിക്കുവാന്‍ താല്‍പ്പര്യമില്ലായിരുന്നു.

മനോജ് എന്ന സുഹൃത്ത് ഒരു സ്‌ക്രീന്‍ ഷോട്ട് അയച്ചു ഇതി നിങ്ങളുടേതല്ലേ എന്ന് ചോദിച്ചു.. സ്‌പെയിനില്‍ പോയതിന്റെ യാത്രാവിവരണമായിരുന്നു അത്. തുടര്‍ന്ന് പുസ്തകത്തിന്റെ കവര്‍പേജും പേരും മറ്റും കൂടുതല്‍ അന്വേഷിച്ചപ്പോഴാണ് ഞെട്ടല്‍ നല്‍കുന്ന വിവരങ്ങള്‍ അറിഞ്ഞത്. ഉടന്‍ പുസ്തകം വാങ്ങിച്ചു നോക്കിയപ്പോഴാണ് മാതൃഭൂമി പബ്ലിഷേഴ്‌സ് ആണ് കാരൂര്‍ സോമന്‍ എഴുതിയ ‘സ്‌പെയിന്‍ കാളപ്പോരിന്റെ നാട്’ എന്ന ആ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് എന്ന് അറിഞ്ഞത്. 175 രൂപ വിലയുള്ള 200 പേജുകള്‍ക്ക് മുകളിലുള്ള പുസ്തകമായിരുന്നു അത്.

ഇതിന്റെ രണ്ടും മൂന്നും ചാപ്റ്ററുകളും അവസാനത്തെ ഒരു ചാപ്റ്ററിന്റെ കുറച്ചു ഭാഗവും പൂര്‍ണമായും എന്റെ ബ്ലോഗില്‍ നിന്നും അതുപോലെ കോപ്പിയടിച്ചതാണെന്ന് മനോജ് പറയുന്നു. കോപ്പി അടിച്ച ഭാഗങ്ങളും പുസ്തകത്തില്‍ അടയാളപ്പെടുത്തി മനോജ് കാണിക്കുന്നുണ്ട്. മനോജ് യാത്രകളില്‍ ഒപ്പം കൂട്ടിയിരുന്ന ഭാര്യയേയും മകെളയും കുറിച്ചുള്ള പല പരാമര്‍ശങ്ങളും കാരൂര്‍ സോമന്റെ പുസ്തകത്തിലും അതുപോലെയാണ് നല്‍കിയിരിക്കുന്നത്.

പുസ്തകം വാങ്ങിച്ചു ഉടന്‍ തന്നെ മാതൃഭൂമിയിലെ സുഹൃത്തുമായി ബന്ധപ്പെട്ട് മാതൃഭൂമിയുമായി സംസാരിച്ചു. അവര്‍ക്ക് വിവരങ്ങള്‍ ബോധ്യമായതിനെ തുടര്‍ന്ന് മാതൃഭൂമി കാരൂര്‍ സോമനെതിരെ നിയമനപടികള്‍ ആരംഭിച്ചുവെന്നാണ് ഇപ്പോള്‍ അറിയാന്‍ കഴിയുന്നതെന്നും മനോജ് പറയുന്നു. ലണ്ടനില്‍ താമസിക്കുന്ന കാരൂര്‍ സോമന് എളുപ്പത്തില്‍ സ്‌പെയിനില്‍ പോവാനും യാത്രാവിവരണവും എല്ലാം തയ്യാറെക്കാന്‍ സാധിക്കുമെന്നിരിക്കെ, ഇതുപോലുള്ള കുറുക്കുവഴികള്‍ സ്വീകരിക്കുന്നത് വളരെ മോശമാണെന്നും മനോജ് പറയുന്നു. കാരൂര്‍ സോമന്റെ പുസ്തകത്തിലെ മൂന്ന് ചാപ്റ്ററുകള്‍ മാത്രമാണ് മനോജിന്റെതെങ്കിലും അതില്‍ കാളപ്പോരിനെ കുറിച്ചുള്ള വിശദഭാഗങ്ങള്‍ തന്റെ തന്നെ സുഹൃത്തായ സ്‌പെയിനിലെ സജിയുടെയോ മറ്റാരുടേയോ ബ്ലോഗില്‍ നിന്നും മോഷ്ടിച്ചവയാണോയെന്നു സംശയിക്കുന്നതായും മനോജ് പറയുന്നു.

ലണ്ടനില്‍ ജീവിച്ചിട്ടും ഇത്തരം കോപ്പിയടികളുടെ ഭവിഷ്യത്തുകളെ കുറിച്ച് കാരൂര്‍ സോമന് ഒരു ബോധ്യമില്ലെന്നും കോപ്പി ചെയ്ത് വരുന്ന ഇത്തരം എഴുത്തുകള്‍ മാതൃഭൂമി കൂടുതല്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്നും മനോജ് വ്യക്തമാക്കുന്നു.

മനോജ്‌ രവീന്ദ്രന്‍റെ ഫേസ്ബുക്ക് ലൈവ് വീഡിയോ താഴെ കാണാം:

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

view more articles

Related Articles