കൊറോണ വൈറസ് മൂലം ജപ്പാന്‍ തീരത്ത് തടഞ്ഞുവച്ചിരുന്ന ഡയമണ്ട് പ്രിന്‍സസ് എന്ന ക്രൂയിസ് ഷിപ്പില്‍ ഉണ്ടായിരുന്ന യുഎസ് പൗരന്മാരെ നാട്ടിലേയ്ക്ക് കൊണ്ടുപോയി. രണ്ട് വിമാനങ്ങളിലായാണ് ഇവരെ ടോക്കിയോയിലെ ഹനേഡ എയര്‍പോര്‍ട്ടില്‍ നിന്ന് കൊണ്ടുപോയത്. നാനൂറോളം യുഎസ് പൗരന്മാരാണ് ഈ കപ്പലിലുണ്ടായിരുന്നത്. കൊറോണ ഇന്‍ഫെക്ഷന്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഫെബ്രുവരി മൂന്നിന് കപ്പല്‍ ക്വാറന്റൈന്‍ ചെയ്യുകയായിരുന്നു.

ജപ്പാനില്‍ 40ഓളം അമേരിക്കക്കാര്‍ക്ക് കൊറോണ ഇന്‍ഫെക്ഷന്‍ ബാധിച്ചിരുന്നു. 3700നടുത്ത് യാത്രക്കാരുണ്ടായിരുന്ന ഡയമണ്ട് പ്രിന്‍സസിനെ ജപ്പാനിലെ യോക്കാഹാമ തുറമുഖത്താണ് തടഞ്ഞുവച്ചത്. ഹോങ്കോങ്ങില്‍ ഇറങ്ങിയ ആള്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് കപ്പല്‍ ക്വാറന്റൈന്‍ ചെയ്തത്. അതേസമയം കപ്പലിലെ കൊറോണ കേസുകള്‍ 70ല്‍ നിന്ന് 355 ആയി ഉയര്‍ന്നതായി ജാപ്പനീസ് അധികൃതര്‍ പറയുന്നു.

യുഎസില്‍ എത്തിയ ശേഷം ഇവരെ 14 ദിവസത്തേയ്ക്ക് ക്വാറന്റൈന്‍ ചെയ്യും. ചില അമേരിക്കക്കാര്‍ ഒഴിയാന്‍ വിസമ്മതിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവര്‍ 19ന് ഷിപ്പ് ക്വാറന്റൈന്‍ അവസാനിക്കാന്‍ കാത്തിരിക്കുകയാണ്.

അതേസമയം ചൈനയില്‍ മരണം 1692 മരണങ്ങളായി. ചൈനയിൽ മൊത്തം കേസുകൾ 70,000 കടന്നതായി ബിബിസി റിപ്പോർട്ട് ചെയ്യുന്നു. 58,182 കേസുകളാണ് ഔദ്യോഗിക കണക്കനുസരിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തിങ്കളാഴ്ച 2048 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇതില്‍ 1933 പേരും ഹുബെയ് പ്രവിശ്യയിലാണ്.