ഇന്ത്യയിലെ കോവിഡ് കേസുകളുടെ എണ്ണം 1 ലക്ഷം കവിഞ്ഞു. ഏഷ്യയില്‍ നിലിവില്‍ ഇറാന്‍, തുര്‍ക്കി എന്നീ രാജ്യങ്ങള്‍ മാത്രമാണ് ഇന്ത്യക്ക് മുമ്പിലുള്ളത്. ഇതില്‍, കേസുകളുടെ എണ്ണത്തിന്റെ കാര്യത്തില്‍ തുര്‍ക്കി ഏറെ മുന്നിലാണെങ്കിലും മരണനിരക്കിന്റെ കാര്യത്തില്‍‍ ഇന്ത്യ തുര്‍ക്കിയുടെ നിരക്കിനോട് അടുത്താണ് നില്‍ക്കുന്നത്. ഒന്നര ലക്ഷത്തോളം കേസുകളുള്ള തുര്‍ക്കിയില്‍ മരണനിരക്ക് 4,171 ആണ്. 1.22 ലക്ഷം പേര്‍ക്കാണ് ഇറാനില്‍ രോഗബാധയുണ്ടായിട്ടുള്ളത്. ഇതില്‍ 7,057 മരണങ്ങളുമുണ്ടായി. രോഗം ഭാദമാകുന്നവരുടെ എണ്ണത്തില്‍ ഈ രണ്ട് രാജ്യത്തെക്കാളും പിന്നിലാണ് ഇന്ത്യ എന്നതും ശ്രദ്ധേയമാണ്.

ഇതിനിടെ കഴിഞ്ഞദിവസം രാജ്യം കണ്ടതില്‍ വെച്ചേറ്റവും ഉയര്‍ന്ന കോവിഡ് കേസുകള്‍ തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തു. പുതിയ 5,242 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതിനു പിന്നാലെ ആകെ കേസുകളുടെ എണ്ണം 1 ലക്ഷം കടന്നു.

മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ് കോവിഡ് ബാധ ഏറെ രൂക്ഷമായിരിക്കുന്നത്. മെയ് പതിനാറോടെ രാജ്യത്ത് കോവിഡ് ഇല്ലാതാകുമെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ പ്രവചനമെങ്കിലും അതിതീവ്രമായി വര്‍ധിക്കുന്നതാണ് കണ്ടത്. ലോക്ക്ഡൗണ്‍ കൊണ്ടും ഇതിനെ പ്രതിരോധിക്കാനായില്ല. അതെസമയം, സംസ്ഥാനങ്ങള്‍ക്കുള്ളിലുള്ള പൊതുഗതാഗതവും വിപണികളും ചെറിയ തോതില്‍ തുറന്നു തുടങ്ങാന്‍‌ വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ ആലോചന തുടങ്ങിയിട്ടുണ്ട്. പലയിടത്തും ഇതിനകം ലോക്ക്ഡൗണ്‍ നിബന്ധനകളുടെ കാര്‍ക്കശ്യം കുറഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

കേന്ദ്ര സര്‍ക്കാരും ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വിട്ടിരിക്കുകയാണ്. അതതിടങ്ങളിലെ സാഹചര്യങ്ങളെ വിലയിരുത്തി തീരുമാനമെടുക്കാം. അതെസമയം ഗുരുതര സാഹചര്യം നിലനില്‍ക്കുന്ന കണ്ടെയ്ന്‍മെന്റെ സോണുകളില്‍ അവശ്യസേവനങ്ങള്ഡ മാത്രമേ അനുവദിക്കാവൂ എന്നുമുണ്ട്. മറ്റിടങ്ങളില്‍ ബസ്സുകളും മറ്റ് വാഹനങ്ങളും ഓടാം. എന്നാല്‍ വിമാനങ്ങള്‍, മെട്രോ എന്നിവയ്ക്ക് ഓടാനാകില്ല.