രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം പതിനായിരത്തി എണ്ണൂറ്റിപതിനഞ്ചായി. 24 മണിക്കൂറിനിടെ 29 മരണം റിപ്പോര്‍ട്ട് ചെയ്തു. ആകെ മരണസംഖ്യ 353 ആണ്. ഡല്‍ഹി ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ മലയാളി നഴ്സിന്‍റെ കുഞ്ഞിനും കോവിഡ് സ്ഥിരീകരിച്ചു. ലോക്ക് ഡൗണ്‍ നീട്ടിയെങ്കിലും രാജ്യത്ത് അവശ്യവസ്തുക്കളുടെ ക്ഷാമമില്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി.

രാജ്യത്ത് കോവിഡ് രോഗം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നതായാണ് ആരോഗ്യമന്ത്രാലയം നല്‍കുന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്. കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് കഴിഞ്ഞ 24 മണിക്കൂറിനിടെയാണ്. 1463 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. രോഗം ഭേദമായവരുടെ എണ്ണവും ആയിരം പിന്നിട്ടു. രണ്ട് ലക്ഷത്തി മുപ്പത്തേഴായിരം സാമ്പിളുകള്‍ പരിശോധിച്ചുവെന്ന് ഐ.സി.എം.ആര്‍ വ്യക്തമാക്കി. പൂര്‍ണ സജ്ജമായ 602 കോവിഡ് ആശുപത്രികള്‍ ഉണ്ട്. 33 ലക്ഷം ആര്‍.ടി പി.സി.ആര്‍ കിറ്റുകള്‍ക്ക് ഒാര്‍ഡര്‍ നല്‍കി. 37 ലക്ഷം റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ ഉടനെത്തുമെന്നും ആരോഗ്യമന്ത്രാലയം പറഞ്ഞു.

22 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. 5.29 കോടി ഗുണഭോക്താക്കള്‍ക്ക് റേഷന്‍ വിതരണം ചെയ്തെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. ഡല്‍ഹിയിലെ രോഗബാധിതരുടെ എണ്ണം ആയിരത്തിഅഞ്ഞൂറ് കവിഞ്ഞു. നഗരങ്ങളില്‍ ഇന്‍ഡോറിന് പിന്നാലെ ജയ്പ്പൂരിലും ആശങ്കയുണര്‍ത്തി കോവിഡ് രോഗം പടരുകയാണ്. ഡല്‍ഹി ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ മലയാളി നഴ്സിന്‍റെ രണ്ട് വയസുള്ള കുഞ്ഞിനും കോവിഡ് സ്ഥിരീകരിച്ചു.

എട്ടു മാസം ഗര്‍ഭിണിയായ മലയാളി നഴ്സും കോവിഡിനെ തുടര്‍ന്ന് എല്‍.എന്‍.ജെ.പി ആശുപത്രിയില്‍ ചികില്‍സയിലാണ്. ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പന്ത്രണ്ട് മലയാളി നഴ്സുമാര്‍ക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ലോക്ക് ഡൗണ്‍ സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ നാളെ പുറത്തിറക്കാനിരിക്കെ ഡല്‍ഹി ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങള്‍ അവലോകന യോഗം വിളിച്ചു.