കൊറോണ വൈറസ് വ്യാപനം യുറോപ്പിലെ സ്ഥിതിഗതികള്‍ വഷളാക്കുന്നു. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമല്ലാത്ത രീതിയിലേക്ക് മാറുകയാണ്. ഇറ്റലിയില്‍ ഇന്നലെ മാത്രം മരിച്ചത് 969 പേരാണ്. ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നിവിടങ്ങളിലും ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് ജിവന്‍ നഷ്ടമായത് ഇന്നലെയാണ്.

യൂറോപ്പിലെ എല്ലാ രാജ്യങ്ങളിലും മരണ സംഖ്യ വലിയ തോതില്‍ ഉയരുന്നതായാണ് കഴിഞ്ഞ ദിവസം കണ്ടത്. ഇപ്പോള്‍ ഏറ്റവും ദുരിതം അനുഭവിക്കുന്ന ഇറ്റലിയില്‍ തന്നെയാണ് കൂടുതല്‍ പേര്‍ ഇന്നലെയും മരിച്ചത്. 969 പേര്‍. രണ്ടര മാസം മുമ്പ് കൊറോണ ബാധ കെടുതി വിതയ്ക്കാന്‍ തുടങ്ങിയതിന് ശേഷം ഏറ്റവും കൂടുതല്‍ പേര്‍ മരിച്ച ദിവസം കൂടിയായിരുന്നു ഇന്നലെ. ഇറ്റലിയില്‍ ഇതിനകം മരണ സംഖ്യ 9134 ആയി. ഇറ്റലിയില്‍ സ്ഥിതിഗതികള്‍ ഇനിയും രൂക്ഷമാകാനുണ്ടെന്നാണ് നാഷണല്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് മുന്നറിയിപ്പ് നല്‍കുന്നത്. അതിനിടെ അമേരിക്കയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പാക്കേജിന് പ്രസിഡന്റ് ട്രംപ് അംഗീകാരം നല്‍കി.

ബ്രിട്ടനിലും സ്ഥിതിഗതികല്‍ കൂടുതല്‍ വഷളാവുകയാണ്. 181 പേരാണ് കോവിഡ് 19 മൂലം ഇന്നലെ മരിച്ചത്. 759 പേരാണ് അവിടെ ഇതുവരെ മരിച്ചത്. ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് കൊവിഡ് 19 ബാധ സ്ഥിരികരിച്ചതിനെ പിന്നെ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക്കിനും രോഗം സ്ഥിരീകരിച്ചു.

സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായി തുടരുന്നതിനിടെ ഫ്രാന്‍സ് ലോക്ഡൗണ്‍ രണ്ടാഴ്ചത്തേക്ക് കൂടി കൂട്ടി. ഏപ്രില്‍ 15 വരേക്കാണ് നീട്ടിയത്. രാജ്യം പകര്‍ച്ച വ്യാധിയുടെ തുടക്കത്തില്‍ മാത്രമാണ് ഇപ്പോഴുമെന്നാണ് പ്രധാനമന്ത്രി എഡ്വോര്‍ഡോ ഫിലിപ്പെ പറഞ്ഞത്. ഇന്നലെ മാത്രം ഫ്രാന്‍സില്‍ മരിച്ചത് 299 പേരാണ്. ഇതിനകം 1995 പേരാണ് ഫ്രാന്‍സില്‍ മരിച്ചത്.

ഇറ്റലി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് ജീവഹാനി സംഭവിച്ച സ്‌പെയനിലും മരണ സംഖ്യ ഉയരുകയാണ്. 24 മണിക്കൂറിനിടെ 769 പേരാണ് ഇവിടെ മരിച്ചത്. 4858 പേരാണ് സ്‌പെയിനില്‍ ഇതിനകം മരിച്ചുവീണത്. നിരോധനാജ്ഞ ഏപ്രില്‍ പകുതി വരെ നീട്ടിയിട്ടുണ്ട്.
അമേരിക്കയിലാണ് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ രോഗ ബാധിതരുള്ളത്. ഇവിടെ രോഗികളുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. 1300 പേരാണ് ഇതിനകം മരിച്ചത്. ന്യൂ ഓര്‍ലിയാന്‍സ്, ചിക്കാഗോ, ഡെറ്റ്രോയിറ്റ് എന്നിവിടങ്ങളിലേക്ക് രോഗം ദ്രുതഗതിയില്‍ പടരുകയാണ്.

അതിനിടെ 30,000 വെന്റിലേറ്റര് വേണമെന്ന ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആൻ്റഡ്രു കുമോഓയുടെ ആവശ്യത്തെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തള്ളി. ഫോക്‌സ് ന്യൂസ് അഭിമുഖത്തില്‍ ഈ ആവശ്യങ്ങള്‍ അതിശയോക്തിപരമാണെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കയില്‍ ന്യൂയോര്‍ക്കിലാണ് സ്ഥിതിഗതികള്‍ ഏറ്റവും രൂക്ഷമായിരിക്കുന്നത്. 44,055 പേര്‍ക്കാണ് ഇവിടെ രോഗം ബാധിച്ചിരിക്കുന്നത്. ഇതിനകം ഇവിടെ മാത്രം 519 പേര്‍ മരിക്കുകയും ചെയ്തു. പല ആശുപത്രികളിലും ആവശ്യത്തിന് വെന്റിലേറ്ററില്ല. പല സംസ്ഥാനങ്ങളും ട്രംപുമായി ഏറ്റുമുട്ടലിലാണ്.

അതിനിടെ ജനറല്‍ മോട്ടേഴ്‌സിനോട് വെന്റിലേറ്റര്‍ നിര്‍മ്മിക്കാന്‍ ട്രം പ് ഉത്തരവിട്ടു. ഡിഫന്‍സ് പ്രൊഡക്ഷന്‍ ആക്ട് അനുസരിച്ചാണ് ജനറല്‍ മോട്ടോഴ്‌സിനോട് വെന്റിലേറ്റര്‍ നിര്‍മ്മിക്കാന്‍ ഉത്തവിട്ടിത്. ദേശീയ ആവശ്യങ്ങള്‍ക്കുള്ള ഉത്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കാന്‍ കഴിയുന്ന വ്യവസ്ഥയാണ് നാഷണല്‍ ഡിഫന്‍സ് ആക്ട്. മതിയായ വേഗത്തില് വെന്റിലേറ്ററുകള്‍ നിര്‍മ്മിച്ച് നല്‍കാത്തതിന് ജെനറല്‍ മോട്ടേഴ്‌സിനെ ട്രംപ് വിമര്‍മശിക്കുകയും ചെയ്തു.

കൊറോണ വൈറസ് ബാധ തീവ്രമാക്കിയ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ രണ്ട് ട്രില്ല്യന്റെ സാമ്പത്തിക പാക്കേജിന് ട്രംപ് അംഗീകാരം നല്‍കി. അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പാക്കേജാണ് ഇത്. രാജ്യത്തെ കുടുംബങ്ങള്‍ക്കും തൊഴിലാളികള്‍ക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്ന് ട്രംപ് പറഞ്ഞു.നൂറ് വര്‍ഷത്തിലെ ഏറ്റവും വലിയ പകര്‍ച്ച വ്യാധിയെയാണ് അമേരിക്ക നേരിട്ടുകൊണ്ടിരിക്കുന്നതെന്ന് സ്പീക്കര്‍ നാന്‍സി പെലോസി പറഞ്ഞു. അമേരിക്ക അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ആരോഗ്യ, സാമ്പത്തിക പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നതെന്നും അവര്‍ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് അമേരിക്കയില്‍ 33 ലക്ഷം പേരാണ് തൊഴിലില്ലെന്ന് പറഞ്ഞ് അപേക്ഷ നല്‍കിയത്.