ലോകത്തിലെ വിവിധ രാജ്യങ്ങളിലെ മൂവായിരത്തോളം പേര്‍ക്ക് പടര്‍ന്നു പിടിച്ച, 80തോളം പേരുടെ മരണത്തിനിടയാക്കിയ കൈാറോണ വൈറസ് എന്ന മാരകമായ പകര്‍ച്ചപ്പനിക്ക് കാരണമായ രോഗാണു വുഹാനിലെ ജൈവായുധ ഗവേഷണ ലാബില്‍ നിന്ന് ചോര്‍ന്നതാണോ എന്ന് സംശയം. ചൈനയുടെതാണ് വുഹാനിലെ ജൈവായുധ ഗവേഷണ ലബോറട്ടറി എന്നാണ് വിവരം.

‘ദ വാഷിംഗ്ടണ്‍ ടൈംസ്’ പത്രമാണ് ഇത്തരത്തില്‍ ഒരു സാധ്യതയെപ്പറ്റി പരാമര്‍ശിച്ചുകൊണ്ടുള്ള വിശദമായ ഒരു ലേഖനം പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. അതില്‍ അവര്‍ ഉദ്ധരിച്ചിരിക്കുന്നത് ഇസ്രായേലില്‍ നിന്നുള്ള ഒരു ജൈവായുധ ഗവേഷകനെയാണ്.

ക്ഷണനേരം കൊണ്ട പകരുന്ന, ദിവസങ്ങള്‍ക്കുള്ളില്‍ രോഗിയുടെ ജീവന്‍ അപഹരിക്കാന്‍ കഴിവുള്ളത്ര മാരകമായ രോഗാണുക്കളില്‍ ഒന്നാണ് കൊറോണാവൈറസ്. താരതമ്യേന പുതിയതായതിനാല്‍, ഇതിന്റെ ജനിതകഘടന തിരിച്ചറിഞ്ഞ്, അതിന്റെ വാക്‌സിനും മരുന്നുകളും കണ്ടുപിടിക്കുന്നതേയുള്ളൂ. ചൈനയില്‍ ഇത്തരം വൈറസുകളെ കൈകാര്യം ചെയ്യാനുള്ള ശേഷി ഇപ്പോള്‍ വുഹാനില്‍ സ്ഥിതി ചെയ്യുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി എന്ന സ്ഥാപനത്തിന് മാത്രമാണ് ഉള്ളത്.

ഡാനി ഷോഹാം എന്ന മുന്‍ ഇസ്രായേലി ബയോളജിക്കല്‍ വാര്‍ഫെയര്‍ എക്‌സ്‌പേര്‍ട്ട് ‘ദ വാഷിംഗ്ടണ്‍ ടൈംസി’നോട് പറഞ്ഞത്, തനിക്ക് ചൈനയുടെ ജൈവായുധ ഗവേഷണങ്ങളെപ്പറ്റി വിവരം ലഭിച്ചിട്ടുണ്ട് എന്നും, ഈ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ മറവില്‍ ചൈന യുദ്ധാവശ്യങ്ങള്‍ക്കുവേണ്ടിയുള്ള ജൈവായുധങ്ങളുടെ ഗവേഷണങ്ങളും നടത്തുന്നുണ്ട് എന്നുമാണ്. ഏറെ രഹസ്യമായിട്ടാണ് ഈ ഗവേഷണങ്ങള്‍ ചൈന നടത്തുന്നത് എന്നും അദ്ദേഹം പറഞ്ഞിരുന്നു.

1970 മുതല്‍ 1991 വരെ ഇസ്രായേലി സൈന്യത്തില്‍ ലെഫ്റ്റനന്റ് കേണല്‍ റാങ്കിലുള്ള ഒരു മിലിറ്ററി ഇന്റലിജന്‍സ് ഓഫീസര്‍ ആയിരുന്നു ഷോഹാം. ജൈവ, രാസായുധങ്ങള്‍ ഉപയോഗിച്ചുള്ള യുദ്ധമുറകളിലായിരുന്നു ആയിരുന്നു അന്നദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. അക്കാലത്ത് ചൈനീസ് ജൈവായുധ ഗവേഷണ പദ്ധതികളെപ്പറ്റി പരമാവധി രഹസ്യവിവരങ്ങളും മൊസാദ് വഴി ഷോഹാം ശേഖരിച്ചിരുന്നു.

തങ്ങള്‍ക്ക് ഇങ്ങനെ ഒരു രഹസ്യ ഗവേഷണ പദ്ധതി ഉള്ള കാര്യം ചൈന മുന്‍ കാലങ്ങളില്‍ എന്നും നിഷേധിച്ചു പോന്നിട്ടേയുള്ളൂ. എന്നാല്‍ കഴിഞ്ഞ വര്‍ഷം അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റ് ഇങ്ങനെ ഒരു സംഗതിയെക്കുറിച്ചുള്ള സംശയങ്ങള്‍ പരസ്യമായിത്തന്നെ പ്രകടിപ്പിച്ചിരുന്നു.

എന്നാല്‍ ഇതിനെയൊക്കെ നിഷേധിച്ചിരിക്കുകയാണ് ചൈനയിലെ രോഗനിവാരണവകുപ്പ് തലവനായ ഗാവോ ഫുന്‍.
ഈ രോഗാണു വുഹാനിലെ ഒരു ഇറച്ചി മാര്‍ക്കറ്റില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട പകര്‍ച്ചവ്യാധിയാണ് എന്നാണ് അദ്ദേഹം പ്രസ്താവനയിറക്കിയത്.

എന്നാല്‍ ഈ വൈറസ് ബാധിക്കുന്നതിന് ആഴ്ചകള്‍ക്കു മുമ്പ് ചൈനീസ് ഇന്റര്‍നെറ്റില്‍ പ്രചരിച്ച ഒരു അഭ്യൂഹത്തെപ്പറ്റിയും ലേഖനത്തില്‍ പരാമര്‍ശമുണ്ട്. ചൈനയെ ലക്ഷ്യമിട്ടുകൊണ്ട് അമേരിക്ക ജൈവായുധങ്ങള്‍, വിശിഷ്യാ മാരകരോഗങ്ങളുണ്ടാക്കുന്ന വൈറസുകളുമായി ഇറങ്ങാന്‍ പോകുന്നു എന്ന വാര്‍ത്തയായിരുന്നു അത്.

ഈ വൈറസ് വുഹാനിലെ ലാബില്‍ നിന്ന് എന്തെങ്കിലും കാരണവശാല്‍ ചോര്‍ന്നാലും, പകര്‍ച്ചപ്പനി വ്യാപിക്കുന്ന പക്ഷം അത് അമേരിക്കന്‍ ഗൂഢാലോചനയാണ് എന്ന് പറയാന്‍ വേണ്ടിയുള്ള മുന്‍കരുതലായിരുന്നു അതെന്നാണ് അമേരിക്കയിലെ ചില കേന്ദ്രങ്ങള്‍ പറയുന്നത്.

ഈ കൊറോണാവൈറസുകള്‍ ചൈനയുടെ ജൈവായുധപദ്ധതിയുടെ ഭാഗമാണ് എന്ന് ഈ അവസരത്തില്‍ ഉറപ്പിച്ച് പറയാന്‍ സാധിക്കില്ല എങ്കില്‍ പോലും സാദ്ധ്യതകള്‍ ഏറെയാണ് എന്ന് ഷോഹാം ദ വാഷിംഗ്ടണ്‍ ടൈംസിനോട് പറഞ്ഞു. ‘ ഇങ്ങനെ ഒരു ലീക്കേജ് നടക്കാന്‍ വളരെ എളുപ്പമാണ്. ഇത്തരത്തിലുള്ള ജൈവായുധ ഗവേഷണങ്ങള്‍ക്ക് വലിയ മുന്‍കരുതലുകള്‍ ആവശ്യമാണ്.

ഗവേഷകരില്‍ ആരുടെയെങ്കിലും ഭാഗത്തുനിന്നുണ്ടായേക്കാവുന്ന നേരിയ ഒരു അശ്രദ്ധ, അയാള്‍ക്ക് അസുഖം പകരാന്‍ കാരണമാകും. അങ്ങനെ സംഭവിച്ചാല്‍ ആ സമയത്ത് ഒരാള്‍ക്കും അത് തിരിച്ചറിയാനാകില്ല. അന്നത്തെ ജോലി കഴിഞ്ഞ്, തിരികെ ലാബ് വിട്ടു വീട്ടിലേക്ക് പോകുന്ന ആ ഗവേഷകന്‍ തന്റെ ഉള്ളില്‍ ആ വൈറസും വഹിച്ചു കൊണ്ടാകും സമൂഹമധ്യത്തിലേക്ക് ഇറങ്ങിച്ചെല്ലുന്നത്. പറഞ്ഞുവന്നത്, ലീക്കേജ് മനഃപൂര്‍വം ആകണമെന്നില്ല എന്നാണ്’ ഷോഹാം പറഞ്ഞു.