സ്വന്തം ലേഖകൻ

ലണ്ടൻ : യുകെയിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 3, 983 ആയി. ഇതിനോടകം 177 പേർ മരണപ്പെട്ടു. അതിഭീകര അന്തരീക്ഷം ആണ് ബ്രിട്ടനിലെങ്ങും. ന്യൂകാസിലിലെ മലയാളി നേഴ്സിനും രോഗം ബാധിച്ചിട്ടുണ്ട്. ഓരോ ദിനം കഴിയുന്തോറും കേസുകളുടെ എണ്ണത്തിൽ വൻ വർധനവാണ് ഉണ്ടാകുന്നത്. പ്രതിരോധ നടപടികൾ ശക്തപ്പെടുത്തുന്നുണ്ടെങ്കിലും വൈറസിനെ പിടിച്ചുകെട്ടാൻ അത് മതിയാകുന്നില്ല. ആളുകളോടെല്ലാവരോടും സ്വയം ഒറ്റപെടണമെന്നും അതീവ ജാഗ്രത പാലിക്കണമെന്നും സർക്കാർ പറഞ്ഞിട്ടുണ്ട്. അതിനാൽ തന്നെ വിദേശത്തുനിന്ന് എത്തുന്നവർ 14 ദിവസം നിർബന്ധമായും സ്വയം ഒറ്റപെടണമെന്ന് സർക്കാർ പറഞ്ഞു. ഇതിനോടനുബന്ധിച്ച് വിദേശത്തുനിന്ന് എത്തിയിട്ടും ക്വാറന്റൈനിലേക്ക് പോകാതെ നഗരത്തിലൂടെ സഞ്ചരിച്ച 26കാരനെ പോലീസ് അറസ്റ്റ് ചെയ്തു. എന്നാൽ തനിക്ക് ക്വാറന്റൈനിലേക്ക് പോകാൻ ഒരിടവും ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. അതിനാൽ തന്നെ ഇദ്ദേഹത്തിനെതിരെ കേസ് എടുത്തിട്ടില്ല. 10000 പൗണ്ട് പിഴയിൽ നിന്നും 3 മാസത്തെ തടവുശിക്ഷയിൽ നിന്നും അദ്ദേഹത്തെ ഒഴിവാക്കി. വൈറസ് പടരാതിരിക്കാനായി കർശനമായ ക്വാറന്റൈൻ നിയമങ്ങൾ ലംഘിച്ചതിന് അറസ്റ്റിലായ ആദ്യത്തെ ബ്രിട്ടീഷുകാരനാണ് ഇയാൾ. സർക്കാർ ഇന്നലെ പുറത്തുവിട്ട അടിയന്തര നിയമപ്രകാരം പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനായി ആളുകളെ അറസ്റ്റ് ചെയ്യാനും ഒറ്റപ്പെടുത്താനുമുള്ള അധികാരം ബ്രിട്ടനിലെ പോലീസിന് നൽകി.

കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ബ്രിട്ടനിൽ സ്കൂളുകളും നേഴ്സറികളും അനിശ്ചിതകാലത്തേക്ക് അടച്ചിട്ടിരിക്കുന്നു. എന്നാൽ രോഗ കാലത്ത് പ്രവർത്തിക്കുന്നവരുടെ കുട്ടികൾക്ക് സ്കൂളിൽ പോകുന്നത് തുടരാം. മാതാപിതാക്കളുടെ ജോലിക്ക് തടസ്സം ആവാതിരിക്കാനാണ് ഈ നടപടി. ഏതൊക്കെ ഉദ്യോഗസ്ഥരുടെ മക്കൾക്കാണ് ഈ നടപടി ബാധകമെന്ന് വ്യക്തമായിരുന്നില്ല. എന്നാൽ പുതിയ ലിസ്റ്റ് ഇന്നലെ സർക്കാർ പുറത്തുവിട്ടു. ഇതിൽ 8 വിഭാഗങ്ങളെ കുറിച്ച് പറഞ്ഞിട്ടുണ്ട് ;

1) ഡോക്ടർമാർ, നഴ്‌സുമാർ, മിഡ്‌വൈഫ്സ് , പാരാമെഡിക്കുകൾ, ആരോഗ്യ-സാമൂഹിക പരിപാലന മേഖലയിലെ സഹായികൾ , സ്പെഷ്യലിസ്റ്റ് സ്റ്റാഫ്, മരുന്ന് നിർമാതാക്കൾ, വിതരണക്കാർ.
2) സ്കൂൾ, നേഴ്സറി അദ്ധ്യാപകർ, സാമൂഹിക പ്രവർത്തകർ
3) നീതിന്യായ വ്യവസ്ഥയുടെ നിർവഹണത്തിൽ പ്രവർത്തിക്കുന്നവർ, മതപരമായ ജോലികൾ ചെയ്യുന്നവർ, മാധ്യമപ്രവർത്തകർ.
4) അഡ്മിനിസ്ട്രേറ്റീവ് ജോലികൾ ചെയ്യുന്നവർ
5)ഭക്ഷണ ഉത്പാദനം, സംസ്കരണം, വിൽപ്പന, വിതരണം എന്നിവയിൽ ഏർപ്പെട്ടിരിക്കുന്നവർ
6) പോലീസ്, സപ്പോർട്ട് സ്റ്റാഫ്, പ്രതിരോധ മന്ത്രാലയം സിവിലിയൻ സ്റ്റാഫ്, സായുധ സേനാംഗങ്ങൾ, അഗ്നിശമന സേന, രക്ഷാപ്രവർത്തകർ അതിർത്തി സുരക്ഷ, ജയിൽ, പ്രൊബേഷൻ സ്റ്റാഫ്
7) എണ്ണ, ഗ്യാസ്, വൈദ്യുതി, ജല, മാലിന്യ പ്രവർത്തനങ്ങൾ നിലനിർത്താൻ ആവശ്യമായവർ, തപാൽ സേവനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർ.
8) കോവിഡ് കാലത്ത് പ്രവർത്തിക്കുന്ന ഡ്രൈവർമാർ.

ഇത്രയും ജോലികൾ ചെയ്യുന്നവരുടെ കുട്ടികൾക്ക് സ്കൂളുകളിൽ പോകുന്നത് തുടരാമെന്ന് സർക്കാർ അറിയിച്ചു. ഇതിനെതിരെ വിമർശനവും ഉയർന്നിട്ടുണ്ട്. കാരണം യുകെയിലെ 49% ആളുകൾ ഈ മേഖലകളിൽ ജോലി ചെയ്യുന്നുണ്ട്. അവരുടെ എല്ലാം മക്കൾക്ക് സ്കൂളിൽ പോകേണ്ടി വരുമെന്നത് കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം. സ്കോട്ട്ലൻഡിലെയും വെയിൽസിലെയും എല്ലാ സ്കൂളുകളും ഇന്നലെ മുതൽ അടച്ചിട്ടു. നോർത്തേൺ അയർലണ്ടിലെ സ്കൂളുകൾ തിങ്കളാഴ്ച മുതൽ അടച്ചിടും.

ആഗോളതലത്തിൽ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 11, 397 ആയി ഉയർന്നു. രോഗം ബാധിച്ചവരുടെ എണ്ണം 275,796 ആയി ഉയർന്നു. ലോകത്തിനു തന്നെ കനത്ത ഭീക്ഷണി ആയി മാറിയ കോവിഡിനെതിരെ കടുത്ത പ്രതിരോധ നടപടികളാണ് ലോകരാജ്യങ്ങൾ സ്വീകരിക്കുന്നത്.