കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച മൂന്നാഴ്ചത്തെ ലോക്‌ഡൗണിൽ ഇന്ത്യയിൽ കുടുങ്ങിയത് രണ്ടായിരത്തോളം യുഎസ് പൗരന്മാർ. ഇവരെ പ്രത്യേക വിമാനങ്ങളിൽ മടക്കിയെത്തിക്കാൻ നടപടി സ്വീകരിക്കുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് അറിയിച്ചു.

ന്യൂഡൽഹിയിൽ 1,500 പേരും മുംബൈയിൽ 600 നും 700 നും ഇടയിലും രാജ്യത്തെ മറ്റിടങ്ങളിലായി മുന്നൂറു മുതൽ നാന്നൂറ് അമേരിക്കക്കാരും ഉണ്ടെന്നാണ് വിലയിരുത്തലെന്ന് ബ്യൂറോ ഓഫ് കോൺസുലർ അഫയേഴ്സ് ഓൺ കോവിഡ് – 19 പ്രിൻസിപ്പൽ ഡപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി ഇയാൻ ബ്രൗൺലി പറഞ്ഞു. ചാർട്ടേഡ് വിമാനത്തിലോ മറ്റു രാജ്യാന്തര വിമാനക്കമ്പനികളുമായി സഹകരിച്ചോ ഇന്ത്യയിൽ നിന്ന് നേരിട്ട് യുഎസിലേക്ക് വിമാനസൗകര്യം ഒരുക്കി ഇവരെ എത്തിക്കാനാണ് ശ്രമം.

ഇതിനുള്ള അനുമതി ലഭിക്കുകയെന്നാണ് പ്രധാനമെന്നും ഇരുരാജ്യങ്ങളും തമ്മിൽ സഹകരിച്ച് മൂന്നു ദിവസത്തിനുള്ളിൽ ഇത്തരത്തിൽ പ്രത്യേക വിമാനങ്ങൾ അനുമതിയോടെ പറത്താനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. വിവിധ രാജ്യങ്ങളിലെ ലോക്‌ഡൗണിലും വിമാനസർവീസ് റദ്ദാക്കലിലുമായി യുഎസിന് പുറത്ത് കുടുങ്ങിയ 33,000 പൗരന്മാരെ മടക്കിയെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.