കൊറോണ വൈറസില്‍ നിന്നും മുക്തിക്കായ് പ്രാര്‍ഥിച്ചുകൊണ്ട് റോമിലെ വിജനമായ തെരുവുകളിലൂടെ നടന്നു ഫ്രാൻസിസ് മാർപാപ്പ. ഇത്തവണത്തെ അദ്ദേഹത്തിന്‍റെ ഈസ്റ്റര്‍ പരിപാടികള്‍ ചരിത്രത്തിലാദ്യമായി പൊതുജനങ്ങൾ ഇല്ലാതെ നടക്കുമെന്ന് വത്തിക്കാൻ അറിയിച്ചു. ഇന്നലെയാണ് വത്തിക്കാനില്‍നിന്നും അദ്ദേഹം ഇറങ്ങിയത്. സാന്റാ മരിയ മഗിയൂറിലെ ബസിലിക്കയിൽ പ്രാർത്ഥന നടത്തുകയും റോമിലെ ഒരു പ്രധാന തെരുവിലൂടെ നടന്ന് സാൻ മാർസെല്ലോ അൽ കോർസോ പള്ളി സന്ദർശിക്കുകയുമാണ് ലക്ഷ്യം. 1522-ൽ റോമിനെ പ്ലേഗെന്ന മഹാമാരിയില്‍ നിന്നും രക്ഷിച്ചുവെന്ന് വിശ്വസിക്കപ്പെടുന്ന കുരിശുമരത്തിനു മുന്നിലും അദ്ദേഹം പ്രാര്‍ത്ഥന നടത്തും.

മഹാമാരി അവസാനിപ്പിക്കണമേയെന്ന പ്രാര്‍ഥനയോടെയാണ് പോപ്പിന്‍റെ നടത്തം തുടങ്ങിയത്. രോഗികൾക്കും, അവരുടെ കുടുംബങ്ങൾക്കും, ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, ഭക്ഷണവും മരുന്നും നല്‍കുന്നവര്‍ക്കും വേണ്ടി അദ്ദേഹം പ്രാര്‍ത്ഥിച്ചു. മാർപ്പാപ്പയും കുറച്ച് സുരക്ഷാ ഉദ്യോഗസ്ഥരും ശൂന്യമായ വിയ ഡെൽ കോർസോയിലൂടെ ഇറങ്ങി നടന്നു. സാധാരണ ഞായറാഴ്ചകളില്‍ ജനനിബിഡമാകാറുള്ള തെരുവാണത്.

നേരത്തെ, വിജനമായ സെന്റ് പീറ്റേഴ്സ് സ്ക്വയറിനു മുകളിലുള്ള ബാൽക്കണിയില്‍ നിന്നുകൊണ്ട് ഫ്രാൻസിസ് മാർപാപ്പ അനുഗ്രഹം നല്‍കിയിരുന്നു. അവിടെ പൊതുജനങ്ങള്‍ക്കു വിലക്കെര്‍പ്പെടുത്തിയിരിക്കുകയാണ്. ശക്തമായ ജലദോഷം ഉണ്ടെങ്കിലും ഒരു തീർത്ഥാടനത്തിലെന്നപോലെ തെരുവിലൂടെ നടക്കാൻ തീരുമാനിക്കുകയായിരുന്നു അദ്ദേഹമെന്ന് വത്തിക്കാൻ വക്താവ് മാറ്റിയോ ബ്രൂണി പറഞ്ഞു.

കൊറോണ ഏറ്റവും ശക്തമായി ഇറ്റലിയെ വരിഞ്ഞു മുറുക്കാന്‍ തുടങ്ങിയതോടെ വത്തിക്കാനിലെ എല്ലാ മതപരമായ ചടങ്ങുകളും സ്വകാര്യമായി നടത്താന്‍ തീരുമാനിച്ചിരുന്നു. ചൈനയ്ക്ക് പുറത്ത് ഏറ്റവും കൂടുതല്‍ കോവിഡ് -19 ബാധിധരുള്ളത് ഇറ്റലിയിലാണ്. ഇന്നലെവരെ അവിടെ 24,747 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും 1,809 പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്.