സ്വന്തം ലേഖകൻ

ബ്രിട്ടൻ :- കൊറോണ ഭീതി യു കെ യിലും പടരുന്നു. ചെഷയറിലെയും, മിഡിൽസ്ബ്രോയിലെയും രണ്ട് സ്കൂളുകൾ അടച്ചു. ഈ സ്കൂളുകളിലെ വിദ്യാർത്ഥികൾ, ഇറ്റലിയിൽ നിന്നും ട്രിപ്പ് കഴിഞ്ഞ് മടങ്ങി വന്നതിനാലാണ് ഈ തീരുമാനം. ഇറ്റലിയിൽ കൊറോണ വൈറസ് പടർന്നു കൊണ്ടിരിക്കുകയാണ് . രോഗം പടരാതിരിക്കാൻ ആണ് ഇത്തരത്തിൽ ഒരു മുൻകരുതൽ എടുക്കുന്നതെന്ന് നോർത്ത്വിച്ച് ചെഷെയറിലെ ക്രാൻസ്ലി സ്കൂൾ പ്രധാനധ്യാപകൻ റിച്ചാർഡ് പൊള്ളോക്ക് മാതാപിതാക്കൾക്ക് നൽകിയ കത്തിൽ രേഖപ്പെടുത്തി. കഴിഞ്ഞ ആഴ്ചയാണ് ഈ സ്കൂളിൽ നിന്നും 29 വിദ്യാർത്ഥികളും, അഞ്ച് അധ്യാപകരും ഇറ്റലി സന്ദർശിച്ചത്. ഇവരെല്ലാവരും തന്നെ ഇപ്പോൾ നിരീക്ഷണത്തിലാണ്. ഇവർക്ക് രോഗലക്ഷണങ്ങളിൽ ചിലത് കണ്ടു തുടങ്ങിയതായി അധികൃതർ അറിയിച്ചു. രോഗം പകരാനുള്ള എല്ലാ സാധ്യതയും ഇല്ലാതാക്കാൻ വേണ്ടിയാണ് സ്കൂൾ അടച്ചതെന്ന് റിച്ചാർഡ് വ്യക്തമാക്കി.

ഇതോടൊപ്പം തന്നെ മിഡിൽസ്ബ്രോയിലെ ട്രിനിറ്റി കാതലിക്ക് കോളേജ് അടച്ചിട്ടിരിക്കുകയാണ്. ഇവിടെ പഠിക്കുന്ന കുറെയധികം വിദ്യാർത്ഥികളും ഇറ്റലി സന്ദർശിച്ചിരുന്നു. ഇത്തരത്തിൽ സ്കൂളുകൾ അടച്ചു ഇടുന്നതിനെ സംബന്ധിച്ച് പല ആശങ്കകൾ ഉണ്ടെങ്കിലും, വിദ്യാർത്ഥികളുടെ സുരക്ഷയാണ് പ്രാധാന്യത്തിൽ എടുക്കുന്നത് എന്ന് അധികൃതർ അറിയിച്ചു. കൊറോണ വൈറസ് ഇത്തരത്തിൽ പടരുന്ന സാഹചര്യത്തിൽ, അധികം സ്കൂളുകൾ കൂടി അടച്ചു ഇടാനുള്ള സാധ്യതയുണ്ടെന്ന് ഇംഗ്ലണ്ട് ചീഫ് മെഡിക്കൽ ഓഫീസർ പ്രൊഫസർ ക്രിസ് വിറ്റി അറിയിച്ചു. അയർലൻഡും ഇറ്റലിയും തമ്മിൽ ഈയാഴ്ച നടക്കാനിരുന്ന റഗ്‌ബി മത്സരം കൊറോണ ഭീതിയെ തുടർന്ന് മാറ്റാനുള്ള സാധ്യതയേറെയാണ്.

മറ്റ് രാജ്യങ്ങളിൽ നിന്ന് ബ്രിട്ടനിലേക്ക് വരുന്നവരെ കർശന പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. ഇറ്റലിയിൽ ഇതിനോടകം തന്നെ കൊറോണ ബാധമൂലം 10 പേർ മരിച്ചു. മുന്നൂറോളം പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതേതുടർന്ന് രോഗം പടരാതിരിക്കാൻ ബ്രിട്ടണിൽ വേണ്ടതായ എല്ലാ മാർഗങ്ങളും സ്വീകരിക്കുകയാണ്.