ഇംഗ്ലണ്ടിലെയും വെയില്‍സിലെയും കൗണ്‍സിലുകള്‍ മാലിന്യ ശേഖരണം മാസത്തില്‍ ഒരു തവണ മാത്രമാക്കാനുള്ള പദ്ധതി അവതരിപ്പിച്ചു. ജനങ്ങള്‍ക്കിടയില്‍ ആശങ്ക ഉയര്‍ത്തിക്കൊണ്ടാണ് പുതിയ തീരുമാനം നിലവില്‍ വന്നിരിക്കുന്നത്. മാലിന്യം ഇനി കത്തിച്ചു കളയേണ്ടി വരുമോ എന്ന ആശങ്കയാണ് ജനങ്ങള്‍ പങ്കുവെക്കുന്നത്. നോര്‍ത്ത് വെയില്‍സിലെ കോണ്‍വി കൗണ്ടിയാണ് ഈ പദ്ധതി ആദ്യമായി നടപ്പാക്കിയത്. 11,000 വീടുകളില്‍ ഒരു വര്‍ഷത്തോളം നീണ്ട ട്രയലിന് ഒടുവിലാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്. എന്നാല്‍ ഈ ട്രയല്‍ പോലും പൊതുജന രോഷം വിളിച്ചു വരുത്തിയിരിക്കുകയാണ്. മാലിന്യം കുന്നുകൂടി ചീഞ്ഞഴുകാന്‍ തുടങ്ങിയത് എലികളെയും ഈച്ചകളെയും കടല്‍ക്കാക്കകളെയും ആകര്‍ഷിക്കുകയാണെന്ന് ജനങ്ങള്‍ പരാതിപ്പെടുന്നു. മാലിന്യത്തില്‍ നിന്ന് ഉയരുന്ന ദുര്‍ഗന്ധത്തെക്കുറിച്ചും പരാതികള്‍ ഏറെയാണ്.

കുന്നുകൂടുന്ന മാലിന്യം കത്തിച്ചുകളയാന്‍ തങ്ങള്‍ക്ക് ഇന്‍സിനറേറ്ററുകള്‍ വാങ്ങേണ്ടി വന്നുവെന്ന് ചിലര്‍ പറയുന്നു. കൗണ്‍സിലിന്റെ ഈ പദ്ധതി മൂലം നിയമവിരുദ്ധമായി മാലിന്യം വലിച്ചെറിയുന്നവരുടെ എണ്ണത്തിലും കാര്യമായ വര്‍ദ്ധനയുണ്ടായെന്ന് ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. ചൂടുള്ള കാലാവസ്ഥയില്‍ ഈ മാലിന്യങ്ങള്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പോലും കാരണമാകാമെന്ന ആശങ്കയും ജനങ്ങള്‍ പങ്കുവെക്കുന്നു. ത്രീ വീക്കിലി മാലിന്യശേഖരണ പദ്ധതിയിലേക്ക് ഇംഗ്ലണ്ടിലെയും വെയില്‍സിലെയും 18 കൗണ്‍സിലുകള്‍ മാറിയിട്ടുണ്ട്. ഫോര്‍ വീക്കിലി കളക്ഷനിലേക്ക് മാറുന്നതിനായി നിരവധി കൗണ്‍സിലുകള്‍ ട്രയലുകള്‍ നടത്തി വരികയുമാണ്.

മാലിന്യ ശേഖരണം കാര്യക്ഷമമായി നടത്തണമെന്നും റീസൈക്കിളിംഗ് റേറ്റ് വര്‍ദ്ധിപ്പിക്കണമെന്നുമുള്ള സമ്മര്‍ദ്ദത്തിനിടെയാണ് ഈ നീക്കവുമായി കൗണ്‍സിലുകള്‍ മുന്നോട്ടു പോകുന്നത്. സ്‌കോട്ട്‌ലന്‍ഡിലെ രണ്ട് കൗണ്‍സിലുകള്‍ ഫോര്‍ വീക്ക് കളക്ഷന്‍ സമ്പ്രദായം ഏര്‍പ്പെടുത്തിക്കഴിഞ്ഞു. ഈ നീക്കം മാലിന്യ സംഭരണത്തിന്റ ചെലവു കുറയ്ക്കുമെന്നാണ് കോണ്‍വി കൗണ്‍സില്‍ പറയുന്നത്. യൂറോപ്യന്‍ യൂണിയന്‍ മാനദണ്ഡമനുസരിച്ച് 2020ഓടെ വീട്ടുമാലിന്യങ്ങളുടെ 50 ശതമാനവും സംസ്‌കരിക്കണം. ഇപ്പോള്‍ ഇത് 43 ശതമാനം മാത്രമാണ്.