ലണ്ടന്‍: ഗ്രെന്‍ഫെല്‍ ടവര്‍ ദുരന്തത്തിനു ശേഷം ആദ്യമായി ചേര്‍ന്ന കെന്‍സിംഗ്ടണ്‍ ആന്‍ഡ് ചെല്‍സി കൗണ്‍സില്‍ യോഗം സംഭവത്തില്‍ പ്രതികരിക്കാന്‍ താമസിച്ചതിന് ഖേദപ്രകടനം നടത്തി. പൊതുജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും പ്രവേശനം നിഷേധിച്ചുകൊണ്ട് അടച്ചിട്ട മുറിയിലായിരുന്നു കൗണ്‍സില്‍ യോഗം എന്നാല്‍ അവസാന നിമിഷം കോടതി ഉത്തരവുമായി മാധ്യമങ്ങള്‍ യോഗത്തില്‍ പ്രവേശിച്ചു. കൗണ്‍സില്‍ തലവന്‍ നിക്ക് പേജറ്റ് ബ്രൗണ്‍ ആണ് ഖേദപ്രകടനം നടത്തിയത്. ഗ്രെന്‍ഫെല്‍ സംഭവത്തില്‍ കൗണ്‍സില്‍ തുടര്‍ച്ചയായി മാധ്യമ വിചാരണ നേരിടുകയാണെന്നും അവയെ പിന്നീട് നിയമപരമായി നേരിടുമെന്നും കൗണ്‍സില്‍ വ്യക്തമാക്കി.

ദുരന്തത്തില്‍ കുറച്ചുകൂടി നന്നായി ഇടപെടാമായിരുന്നുവെന്നും അതില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും ബ്രൗണ്‍ പറഞ്ഞു. നോര്‍ത്ത് കെന്‍സിംഗ്ടണ്‍ സമൂഹത്തില്‍ കൗണ്‍സിലിന്റെ സല്‍പ്പേരിന് ഇടിവുണ്ടായിട്ടുണ്ട്. ദുരന്തത്തിന്റെ ആഴം മനസിലാക്കുന്നു. ഒരു സാധാരണ സംഭവമായിരുന്നില്ല ഇതെന്നും അദ്ദേഹം പറഞ്ഞു. തീപ്പിടിത്തം സൃഷ്ടിച്ച മറ്റ് പ്രശ്‌നങ്ങളും രക്ഷപ്പെട്ടവര്‍ക്ക് നല്‍കിയ ദുരിതാശ്വാസവും വിലയിരുത്തുന്നതിനായി പ്രത്യേക സമിതിയെ നിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ദുരന്തത്തില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ കഴിയാതിരുന്ന കൗണ്‍സില്‍ രാജിവെക്കണമെന്ന് ലേബര്‍ ആവശ്യപ്പെട്ടു. കണ്‍സര്‍വേറ്റീവാണ് കൗണ്‍സില്‍ ഭരിക്കുന്നത്. ഇപ്പോള്‍ നടത്തിയ പ്രസ്താവന 8 ദിവസം മുമ്പ് നടത്താമായിരുന്നെന്ന് ഗ്രെന്‍ഫെല്‍ ടവര്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തെ ലേബര്‍ കൗണ്‍ിസലര്‍ റോബര്‍ട്ട് ആറ്റ്കിന്‍സണ്‍ പറഞ്ഞു.