ലണ്ടന്‍: ആയിരക്കണക്കിന് ആളുകളുടെ അകാലമരണത്തിന് ഇടയാക്കുന്ന വായുമലിനീകരണത്തിന്റെ വിവരങ്ങള്‍ കൗണ്‍സിലുകള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്ന് വെളിപ്പെടുത്തല്‍. വിവരാവകാശ നിയമ പ്രകാരം ലഭിച്ച രേഖകളാണ് ഈ വിവരം വെളിപ്പെടുത്തുന്നത്. സര്‍ക്കാര്‍ രൂപീകരിക്കുന്ന കരട് എയര്‍ ക്വാളിറ്റി പ്ലാനില്‍ കൗണ്‍സിലുകള്‍ക്ക് നല്‍കാവുന്ന സഹായം സംബന്ധിച്ച് ആശങ്കകള്‍ ഉയര്‍ത്തുന്നതാണ് ഈ വെളിപ്പെടുത്തല്‍. വായു മലിനീകരണം നിയന്ത്രിക്കുന്നതിന് പദ്ധതികള്‍ തയ്യാറാക്കണമെന്ന് കോടതി നല്‍കിയ കര്‍ശന നിര്‍ദേശത്തെത്തുടര്‍ന്നാണ് സര്‍ക്കാര്‍ ഇതിനായി നടപടികള്‍ ആരംഭിച്ചത്.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മാനദണ്ഡങ്ങള്‍ രൂപീകരിക്കുന്നത് കുറച്ച് കാലം കൂടി നീട്ടിവെക്കാന്‍ അനുവദിക്കണമെന്ന് സര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പട്ടെങ്കിലും അനുവാദം ലഭിച്ചിരുന്നില്ല. അതിനനാലാണ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുമ്പോളും ചട്ടങ്ങള്‍ രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നത്. 77 കൗണ്‍സിലുകളില്‍ 59ഉം എയര്‍ പൊള്യൂഷന്‍ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചിട്ടില്ല. പൊതുജനങ്ങള്‍ക്ക് പരിശോധിക്കാനും അവസരം നല്‍കുന്ന വിധത്തില്‍ 1995ലെ എന്‍വയണ്‍മെന്റ് ആക്ട് അനുസരിച്ച് വേണം ഇവ സമര്‍പ്പിക്കാന്‍.

34 അതോറിറ്റികള്‍ 2011 മുതല്‍ 2016 വരെയുള്ള കണക്കുകള്‍ തയ്യാറാക്കിയിട്ടില്ലെന്നും രേഖകള്‍ വ്യക്തമാക്കുന്നു. ചിലര്‍ ഈ കണക്കുകള്‍ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്ന വാദം ഉന്നയിക്കുന്നുണ്ട്. ഈ കണക്കുകള്‍ അനുസരിച്ചാണെങ്കില്‍ രാജ്യത്തെ 44 ശതമാനം കൗണ്‍സിലുകളും വായു മലിനീകരണത്തിന്റെ തോതും ആഴവും അളക്കാനും അതിന്റെ അപകടസാധ്യതകള്‍ വിലയിരുത്താനും ശ്രമങ്ങള്‍ നടത്തിയിട്ടില്ലെന്നാണ് വ്യക്തമാകുന്നത്. ഡിസ്‌മോഗ് യുകെ എന്ന വെബ്‌സൈറ്റാണ് ഈ വിവരങ്ങള്‍ ശേഖരിച്ചത്.