വിവാഹം കഴിഞ്ഞ് 67 വര്‍ഷമായി ഒന്നിച്ചു കഴിയുന്ന ദമ്പതികള്‍ ഗവണ്‍മെന്റ് സംവിധാനങ്ങളുടെ അപര്യാപ്തത മൂലം പിരിയേണ്ടി വരുമോ എന്ന് ആശങ്ക. ചെംസ്ലി വുഡ് സ്വദേശികളായ ഫ്രാങ്ക് സപ്രിംഗെറ്റ് (91) ഭാര്യ മെരി (86) എന്നിവര്‍ കൗണ്‍സില്‍ ഫണ്ടിംഗ് ലഭിക്കുന്നതിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലം പിരിഞ്ഞു ജീവിക്കേണ്ടി വരുമോ എന്ന ആശങ്കയില്‍ കഴിയുന്നത്. വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സിലെ വൂട്ടന്‍ വേവന്‍ എന്ന കെയര്‍ ഹോമിലാണ് ഇരുവരും ഇപ്പോള്‍ കഴിയുന്നത്. എന്നാല്‍ ഇവര്‍ക്ക് പ്രൈവറ്റ് കെയര്‍ നല്‍കാന്‍ കുടുംബത്തിന് പണമില്ല. കൗണ്‍സില്‍ കെയറാണ് ഇനി ആശ്രയം. ഇരുവര്‍ക്കും വ്യത്യസ്തമായ ആവശ്യങ്ങളാണ് ഉള്ളതെന്നതിനാല്‍ രണ്ട് ഇടങ്ങളിലേക്ക് ഇവരെ മാറ്റുമോ എന്ന് ആശങ്കയുണ്ടെന്ന് മകള്‍ ജോവാന്‍ ഡൗണ്‍സ് പറഞ്ഞു.

അല്‍ഷൈമേഴ്‌സ രോഗ ബാധിതയായ മേരിക്ക് കെയര്‍ നല്‍കാമെന്ന് ലോക്കല്‍ സര്‍വീസ് ഡിപ്പാര്‍ട്ട്‌മെന്റ് സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ ഫ്രാങ്കിന് സ്വന്തം ഫ്‌ളാറ്റില്‍ താമസിക്കാന്‍ കഴിയുമെന്നാണ് കൗണ്‍സില്‍ വിലയിരുത്തുന്നതെന്ന് ഡൗണ്‍സ് പറയുന്നു. ഇരുവരെയും ഒരുമിച്ച് താമസിപ്പിക്കുന്നതിനായി ഫണ്ട് ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് ഇവര്‍. ഫ്രാങ്കും മേരിയും ഇതുവരെ പിരിഞ്ഞു താമസിച്ചിട്ടില്ല. അതുകൊണ്ടു തന്നെ ഇപ്പോള്‍ പിരിക്കുന്നത് അവരെ തകര്‍ത്തു കളയുമെന്നും മകള്‍ വ്യക്തമാക്കി. മേരിക്ക് അല്‍ഷൈമേഴ്‌സ് രോഗമുണ്ട്. ഫ്രാങ്കിന് പേശികള്‍ മരവിക്കുന്ന വാതരോഗവും ടൈപ്പ് 2 ഡയബറ്റിസ് രോഗവുമുണ്ട്. ഇദ്ദേഹത്തിന്റെ കേള്‍വിശക്തി പൂര്‍ണ്ണമായും നഷ്ടമായിട്ടുമുണ്ട്. കഴിഞ്ഞ മാര്‍ച്ച് വരെ ഇരുവരും ചെംസ്ലി വുഡിലെ സ്വന്തം വീട്ടിലായിരുന്നു താമസിച്ചിരുന്നത്.

മറവി രോഗം ഗുരുതരമായതോടെ മേരി വീടുവിട്ട് പുറത്തിറങ്ങി അലഞ്ഞു നടക്കാന്‍ തുടങ്ങി. അയല്‍ക്കാരും ഒരിക്കല്‍ ഒരു പോസ്റ്റ്മാനുമാണ് ഇവരെ വീട്ടില്‍ തിരികെയെത്തിച്ചത്. ഇപ്പോള്‍ ശരിയായി സംസാരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് ഇവര്‍ ഉള്ളത്. ഫ്രാങ്ക് നാലു തവണ വീട്ടിനുള്ളില്‍ വീണു. സന്ധിവാതവും വീഴ്ച നല്‍കിയ ആഘാതവും അദ്ദേഹത്തിന്റെ കൈകള്‍ക്ക് ഒരു ഫ്രെയിമിന്റെ പിന്തുണ വേണ്ട അവസ്ഥയിലേക്ക് എത്തിച്ചിരിക്കുകയാണ്. ഇവരെ ഒരുമിച്ച് നിര്‍ത്തുന്നതിനായി മക്കളായ റോഡെറിക്ക് സ്പ്രിംഗെറ്റും ജോവാന്‍ ഡൗണ്‍സും ശ്രമങ്ങള്‍ തുടരുകയാണ്. ദമ്പതികളുടെ മൂന്നാമത്തെ കുട്ടി 2005ല്‍ ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് മരിച്ചിരുന്നു.