കൊച്ചി: തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റ വിഷയത്തില്‍ ആലപ്പുഴ ജില്ലാ കലക്ടര്‍ക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശം. തോമസ് ചാണ്ടിക്ക് നല്‍കിയ നോട്ടീസിലെ സര്‍വേ നമ്പര്‍ മാറിപ്പോയതാണ് വിമര്‍ശനത്തിന് ഇടയാക്കിയത്. തോമസ് ചാണ്ടിക്കെതിരെ ആദ്യം നല്‍കിയ നോട്ടീസ് മറ്റൊരാളുടെ സര്‍വേ നമ്പറില്‍ ആയിരുന്നു. ഇത് ബോധ്യപ്പെട്ടതോടെ രണ്ടാമതും നോട്ടീസ് നല്‍കി. അതിലും സര്‍വേ നമ്പര്‍ തെറ്റിപ്പോയി. തെറ്റ്് സമ്മതിച്ചുകൊണ്ട് കലക്ടര്‍ക്ക് വേണ്ടി സ്‌റ്റേറ്റ് അറ്റോര്‍ണി ജനറല്‍ കോടതിയില്‍ ഇന്ന് സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. സ്വമേധയാ നോട്ടീസ് പിന്‍വലിക്കുന്നതായി അറ്റോര്‍ണി അറിയിച്ചു.

തനിക്ക് നല്‍കിയ നോട്ടീസ് മറ്റൊരാളുടെ സര്‍വേ നമ്പറിലുള്ളതാണെന്ന് ചൂണ്ടിക്കാട്ടി തോമസ് ചാണ്ടിയാണ് ​കോടതിയെ സമീപിച്ചത്. ഈ ഘട്ടത്തിലാണ് കോടതി ശക്തമായ ഭാഷയില്‍ കലക്ടറെ വിമര്‍ശിച്ചത്.

ജില്ലാ കലക്ടറുടെ കസേരയില്‍ ഇരുന്ന് ഇത്തരത്തില്‍ നിരുത്തരവാദപരമായ സമീപനം സ്വീകരിക്കരുത്. അര്‍ഹതയില്ലാതെയാണോ ആ കസേരയില്‍ ഇരിക്കുന്നത്. ജില്ലാ കലക്ടര്‍ക്ക് കാര്യപ്രാപ്തിയില്ല. കലക്ടറുടെ കസേരയില്‍ ഇരിക്കുന്നത് വിദ്യാര്‍ത്ഥിയാണോ എന്നും കോടതി വിമര്‍ശിച്ചു. ഒരു വ്യക്തിക്ക് മറ്റൊരാളുടെ സര്‍വേ നമ്പറില്‍ എങ്ങനെ നോട്ടീസ് നല്‍കാന്‍ കഴിയുമെന്നും കോടതി ആരാഞ്ഞു.

തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റത്തില്‍ കലക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ സാധുത വരെ ചോദ്യം ചെയ്യപ്പെടുന്നതാണ് കോടതിയില്‍ നിന്നുണ്ടായ ഇന്നത്തെ വിമര്‍ശനം.