ന്യൂദല്‍ഹി: സംസ്ഥാനങ്ങളിലെ ഡി.ജി.പി നിയമനം ഇനി മുതല്‍ യൂണിയന്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ വഴിയാക്കണമെന്ന നിര്‍ദ്ദേശവുമായി സുപ്രീം കോടതി. യു.പി.എസ്.സി തയ്യാറാക്കുന്ന പ്രത്യേക ലിസ്റ്റില്‍ നിന്നുവേണം ഡിജിപി നിയമനം നടത്താനെന്നും സുപ്രീം കോടതി നിര്‍ദ്ദേശത്തില്‍ പറയുന്നു.

അതേസമയം സംസ്ഥാനങ്ങളില്‍ സര്‍ക്കാരുകളുടെ രാഷ്ട്രീയ താല്‍പര്യത്തിനനുസരിച്ച് ഡി.ജി.പി മാരെ നിയമിക്കുന്ന രീതി നിര്‍ത്തലാക്കണമെന്നും കോടതി നിര്‍ദ്ദേശിക്കുന്നു. കുടാതെ നിലവിലെ ഡി.ജി.പിമാരുടെ കാലാവധി രണ്ടു വര്‍ഷമാണ്. തുടര്‍ന്നും ഇവരുടെ വിരമിക്കല്‍ കാലാവധി രണ്ടുവര്‍ഷമാക്കി തന്നെ തുടരേണ്ടതാണെന്നും കോടതി വ്യക്തമാക്കി.

അതേസമയം സംസ്ഥാനങ്ങളില്‍ താല്ക്കാലിക ഡി.ജി.പിമാരെ നിയമിക്കുന്ന രീതി നിലനില്‍ക്കുന്നുണ്ട്. അത്തരത്തില്‍ ഇനി ആക്ടിംഗ് ഡി.ജി.പിമാരെ നിയമിക്കേണ്ട ആവശ്യമില്ലെന്നും കോടതി നിര്‍ദ്ദേശത്തില്‍ പറയുന്നു.

ഉത്തര്‍പ്രദേശ് മുന്‍ ഡി.ജി.പി പ്രകാശ് സിംഗ് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഈ സുപ്രധാന നിര്‍ദ്ദേശം. ഡി.ജി.പിമാര്‍ വിരമിക്കുന്നതിന് മൂന്ന് മാസം മുമ്പ് തന്നെ നിയമിക്കുന്നവരുടെ പട്ടിക തയ്യാറാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

അതേസമയം ഡി.ജി.പി നിയമനത്തില്‍ ശരിയായ രീതിയല്ല സംസ്ഥാനങ്ങള്‍ പിന്തുടരുന്നതെന്ന് അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ പുതിയ നിര്‍ദ്ദേശം.