തലശ്ശേരി: കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന് മുന്‍കൂര്‍ ജാമ്യം നല്‍കാനാവില്ലെന്ന് കോടതി. മുന്‍കൂര്‍ ജാമ്യമാവശ്യപ്പെട്ട് ജയരാജന്‍ സമര്‍പ്പിച്ച ഹര്‍ജി തലശേരി സെഷന്‍സ് കോടതി തള്ളി. കേസില്‍ പ്രതിയല്ലാത്തതിനാല്‍ ജാമ്യം നല്‍കാനാവില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. കേസില്‍ സിബിഐ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ജയരാജന്‍ മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കിയത്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്നു കാട്ടി സിബിഐ രണ്ടു വട്ടം നോട്ടീസ് നല്‍കിയെങ്കിലും ജയരാജന്‍ ഹാജരായിരുന്നില്ല. ആറുമാസങ്ങള്‍ക്ക് മുന്‍പ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയും കോടതി തള്ളിയിരുന്നു. ഇപ്പോള്‍ രണ്ടാംതവണയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുന്നത്.
ഇതു വരെ ജയരാജന്‍ കേസില്‍ പ്രതിയല്ലെന്നും ജയരാജന്റെ ജാമ്യാപേക്ഷ തള്ളിയ സാഹചര്യം നിലനില്‍ക്കുന്നുവെന്നും സിബിഐ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയതിനു ശേഷം മാത്രമേ ജയരാജനെ കേസില്‍ പ്രതി ചേര്‍ക്കണമോ എന്ന് തീരുമാനിക്കുകയുള്ളു. പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തിയത് ഇപ്പോഴും നിലനില്‍ക്കുന്നുവെന്നും സിബിഐ അറിയിച്ചു.

ഇന്നലെയാണ് മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വാദം പൂര്‍ത്തിയായത്. കേസില്‍ 505 ദിവസമായി അന്വേഷണം നടക്കുകയാണെങ്കിലും ജയരാജനെതിരെ എന്തെങ്കിലും തെളിവ് ഹാജരാക്കാനോ പ്രതിയാക്കാനോ സി.ബി.ഐക്ക് ഇതുവരെ സാധിച്ചിട്ടില്ല. ഈ സാഹചര്യം കണക്കിലെടുത്ത് ജാമ്യം നല്‍കണമെന്ന് ജയരാജന്റെ അഭിഭാഷകന്‍ വാദിച്ചു.

ജനുവരി നാലിന് ഹാജരാകുവാന്‍ സിബിഐ ജയരാജനോട് ആവിശ്യപ്പെട്ടിരുന്നുവെങ്കിലും ആരോഗ്യപ്രശ്‌നങ്ങളുളളതിനാല്‍ ഒരാഴ്ചത്തേക്ക് അവധിക്ക് അപേക്ഷ നല്‍കിയിരുന്നു. പിന്നീട് 12ന് ഹാജരാകുവാന്‍ നോട്ടീസ് നല്‍കി. സിബിഐ അറസ്റ്റ് ചെയ്ത് പീഡിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് ആരോപിച്ചാണ് ജയരാജന്‍ നേരത്തെ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. അന്വേഷണ സംഘവുമായി സഹകരിക്കാനും, ഹാജരാകാനും തയ്യാറാണെന്നും അഭിഭാഷകന്‍ മുഖേന ജാമ്യാപേക്ഷയില്‍ വിശദമാക്കിയിരുന്നു.