ദിസ്പൂര്‍: ആശുപത്രിയില്‍ വെച്ച കുഞ്ഞുങ്ങളെ പരസ്പരം മാറിപ്പോയ സംഭവത്തില്‍ അപൂര്‍വ്വ നിര്‍ദേശം മുന്നോട്ടു വെച്ച് അസം കോടതി. അച്ഛനമ്മമാര്‍ പരസ്പരം മാറി ജീവിച്ച കുഞ്ഞുങ്ങള്‍ക്ക് പതിനെട്ട് വയസ്സാകുമ്പോള്‍ ആരുടെ കൂടെ ജീവിക്കണമെന്ന തീരുമാനമെടുക്കാമെന്നായിരുന്നു കോടതിയുടെ നിര്‍ദേശം. 2015ല്‍ മംഗള്‍ദോയ് സിവില്‍ ആശുപത്രിയില്‍ വെച്ചാണ് ഒരു ബോഡോ കുടുംബത്തിലും മുസ്ലീം കുടുംബത്തിലും ജനിച്ച കുട്ടികള്‍ പരസ്പരം മാറിപ്പോകുന്നത്.

മാറിപ്പോയ വിവരം ഏതാണ്ട് മൂന്നുവര്‍ഷത്തിനു ശേഷം തിരിച്ചറിഞ്ഞ ഇരു കുടുംബവും കുട്ടികളെ പരസ്പരം കൈമാറാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ മൂന്നു വര്‍ഷം കൂടെ ജീവിച്ച അച്ഛനെയും അമ്മയേയും വിട്ടുപോകാന്‍ കൂട്ടാക്കാതിരുന്ന കുട്ടികള്‍ ഇരു കുടുംബങ്ങളെയും മാനസിക സമ്മര്‍ദ്ദത്തിലാക്കി. തുടര്‍ന്ന് കുട്ടികളെ കൈമാറേണ്ടതില്ലെന്ന് രണ്ട് കുടുംബങ്ങളും തീരുമാനിക്കുകയായിരുന്നു.

സ്വന്തമല്ലെങ്കിലും ഇത്രയും നാള്‍ കൂടെ ജീവിച്ച പൊന്നുമക്കളെ ജീവിതകാലം മുഴുവന്‍ തങ്ങളോടൊപ്പം കഴിയാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് ഇവര്‍ കോടതിയിലെത്തി. തുടര്‍ന്നാണ് കുഞ്ഞുങ്ങള്‍ക്ക് പതിനെട്ട് വയസ്സാകുമ്പോള്‍ ആരുടെ കൂടെ ജീവിക്കണമെന്ന തീരുമാനമെടുക്കട്ടെയെന്ന നിര്‍ദേശം കോടതി മുന്നോട്ട വെച്ചത്.

2015ല്‍ മംഗള്‍ദോയ് സിവില്‍ ആശുപത്രിയില്‍ വെച്ചായിരുന്നു കുട്ടികളെ പരസ്പരം മാറിപ്പോകുന്നത്. ഏതാണ്ട് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആശുപത്രിയില്‍ വെച്ച് കുട്ടികള്‍ മാറിയതായി ഇവര്‍ക്ക് മനസ്സിലാകുന്നത്. 48 കാരനായ അധ്യാപകന്റെ ഭാര്യയ്ക്കാണ് തങ്ങളുടെ കൂടെ വളരുന്നത് സ്വന്തം കുഞ്ഞല്ലെന്ന് ആദ്യം സംശയം തോന്നുന്നത്. പിന്നീട് തങ്ങള്‍ക്കൊപ്പം വളരുന്ന കുട്ടിക്ക് കുടുംബത്തിലെ ആരുമായും സാദൃശ്യമില്ലെന്നും തനിക്കൊപ്പം ആശുപത്രിയില്‍ ഉണ്ടായ ബോഡോ സ്ത്രീയുടെ മുഖച്ഛായയാണെന്നും ഇവര്‍ തിരിച്ചറിയുകയായിരുന്നു.

കുട്ടി മാറിപ്പോയ വിവരം മനസ്സിലാക്കിയ ശേഷം ആശുപത്രിയിലെത്തിയെങ്കിലും അധികൃതര്‍ ഇവരുടെ ആരോപണം നിഷേധിച്ചു. പിന്നീട് ഡിഎന്‍എ ഫലവുമായി ഇവര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത അന്വേഷണം ആരംഭിച്ച പൊലീസ് കുട്ടികള്‍ മാറിയ വിവരം സ്ഥിരീകരിച്ചത്. ജനുവരി നാലിനാണ് ഇവര്‍ കുട്ടികളെ കൈമാറാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ കൈമാറ്റ സമയത്ത് അങ്ങേയറ്റം വൈകാരികമായി പ്രതികരിച്ച കുട്ടികള്‍ രണ്ട് കുടുംബങ്ങളുടെയും തീരുമാനത്തെ മാറ്റി മറിക്കുകയായിരുന്നു.