ഫാ. ബിജു കുന്നയ്ക്കാട്ട് പി.ആര്‍.ഒ

കവന്‍ട്രി: ബലിയര്‍പ്പണത്തില്‍ പങ്കെടുക്കാന്‍ ദേവാലയത്തില്‍ വരുന്ന ഓരോ അനസരത്തിലും മനസിലുണ്ടാവേണ്ട ഏറ്റവും പ്രധാന ചിന്ത ഈശോ ദൈവപുത്രനാണെന്ന വിശ്വാസമായിരിക്കണമെന്ന് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പറഞ്ഞു. രൂപതയില്‍ ഒക്ടോബറില്‍ നടക്കാനിരിക്കുന്ന അഭിഷേകാഗ്‌നി ബൈബിള്‍ കണ്‍വെന്‍ഷന് മുന്നൊരുക്കമായി വിശ്വാസികളെ ആത്മീയമായി സജ്ജമാക്കുന്ന ഒരുക്ക ഏകദിന കണ്‍വെന്‍ഷനില്‍ കവന്‍ട്രിയില്‍ ദിവ്യബലിയര്‍പ്പിച്ച് വചന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ഒറ്റുകാരന്റെ മനസുമായി നടന്നതുകൊണ്ട് ബാക്കി ശിഷ്യന്മാരെല്ലാം കര്‍ത്താവിന്റെ ശരീരവും രക്തവും സ്വീകരിച്ചപ്പോള്‍ യൂദാസ് സ്വീകരിച്ചത് വെറും അപ്പക്കഷണം മാത്രമായിരുന്നുവെന്നും മാര്‍ സ്രാമ്പിക്കല്‍ അനുസ്മരിച്ചു.

ബര്‍മിങ്ങ്ഹാം, നോട്ടിംഗ്ഹാം, നോര്‍ത്താംപ്റ്റണ്‍ എന്നീ സ്ഥലങ്ങളിലായി വ്യാപിച്ചുകിടക്കുന്ന കവന്‍ട്രി റീജിയണില്‍ നിന്ന് നൂറുകണക്കിനാളുകള്‍ ഈ ഏകദിന ഒരുക്ക കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനെത്തി. ദൈവവുമായി വ്യക്തിപരമായ ബന്ധം ഉണ്ടാക്കുന്നതാണ് ജീവിതത്തിന്റെ ഏറ്റവും വലിയ നേട്ടമെന്നും ജീവിതാന്ത്യത്തെ ഓര്‍ത്തുവേണം ഈ ഭൂമിയില്‍ ജീവിക്കുവാനെന്നും നേരത്തെ വചന ശുശ്രൂഷ നടത്തിയ ബ്രദര്‍ റെജി കൊട്ടാരം പറഞ്ഞു. ദിവ്യകരുണ ആരാധനയ്ക്കും മറ്റു തിരുക്കര്‍മ്മങ്ങള്‍ക്കും റവ. ഫാ. സോജി ഓലിക്കല്‍, റവ. ഫാ. സെബാസ്റ്റ്യന്‍ നാമറ്റത്തില്‍, റവ. ഫാ. ബിജു കുന്നയ്ക്കാട്ട്, റവ. ഫാ. ഫാന്‍സ്വാ പത്തില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പീറ്റര്‍ ചേരാനെല്ലൂരിന്റെ നേതൃത്വത്തില്‍ ഗായകസംഘം സംഗീത ശുശ്രൂഷ നടത്തി.

ഏകദിന ഒരുക്ക കണ്‍വെന്‍ഷനിലെ അവസാന കണ്‍വെന്‍ഷന്‍ ഇന്ന് സൗത്താംപ്റ്റണ്‍ റീജിയണില്‍ നടക്കും. Immaculate Conception Catholic Church, Stubington, Bells Lane, PO14 2P L- ല്‍ വെച്ച് രാവിലെ 9 മുതല്‍ വൈകിട്ട് 5 മണി വരെയാണ് കണ്‍വെന്‍ഷന്‍ നടക്കുന്നത്. സൗത്താംപ്റ്റണ്‍ റീജിയണ്‍ പ്രീസ്റ്റ് ഇന്‍ ചാര്‍ജ് റവ. ഫാ. റ്റോമി ചിറയ്ക്കല്‍ മണവാളന്റെയും കമ്മിറ്റിയംഗങ്ങളുടെയും നേതൃത്വത്തില്‍ ധ്യാനത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി.

ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയിലെ 8 റീജിയണുകളിലായി ഒക്ടോബറില്‍ നടക്കുന്ന രൂപതാതല ധ്യാനം അട്ടപ്പാടി സെഹിയോന്‍ മിനിസ്ട്രീസ് ഡയറക്ടര്‍ റവ. ഫാ. സേവ്യര്‍ ഖാന്‍ വട്ടായിലാണ് നയിക്കുന്നത്. അഭിഷേകാഗ്‌നി ധ്യാനത്തിനായി ഇനിയുള്ള മാസങ്ങളില്‍ പ്രാര്‍ത്ഥിച്ചൊരുങ്ങുന്നതായി തയ്യാറാക്കിയ പ്രത്യേക പ്രാര്‍ത്ഥനാ കാര്‍ഡുകള്‍ എല്ലാ വി. കുര്‍ബാന കേന്ദ്രങ്ങളിലും ഉടനെ തന്നെ എത്തിക്കുമെന്ന് ബിഷപ്പിന്റെ സെക്രട്ടറി ഫാ. ഫാന്‍സ്വാ പത്തില്‍ അറിയിച്ചു.