കൊറോണ വൈറസ് പിടിപെടാൻ സാധ്യതയുള്ളതിനാൽ ജാമ്യത്തിനായി വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാഞ്ചെ നൽകിയ അപേക്ഷ ബ്രിട്ടീഷ് ജഡ്ജി നിരസിച്ചു. കൊറോണ വൈറസ് ലോക്ക്ഡൗൺ കാരണം 15 ൽ താഴെ ആളുകൾ മാത്രം ഹാജരായ വെസ്റ്റ്മിൻസ്റ്റർ മജിസ്‌ട്രേറ്റ് കോടതിയായിരുന്നു അപേക്ഷ പരിഗണിച്ചത്.

ജയിലിൽ വൈറസ് കേസുകളൊന്നും ഇതുവരെ സ്ഥിരീകരിചിട്ടില്ലെന്നും തടവുകാരെ സംരക്ഷിക്കാൻ ബെൽമാർഷ് ജയിൽ അധികൃതർ സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ജില്ലാ ജഡ്ജി വനേസ ബരൈറ്റ്‌സർ പറഞ്ഞു. സർക്കാർ നിർദേശങ്ങൾ പെട്ടെന്ന് മാറിയേക്കാമെങ്കിലും അസാഞ്ചെക്ക് ജാമ്യം നൽകാൻ കഴിയില്ലെന്നായിരുന്നു ജഡ്ജിയുടെ പ്രതികരണം. ‘ഈ ആഗോള മഹാമാരി ജാമ്യം നൽകാൻ ഒരു കാരണമേയല്ല. മാത്രവുമല്ല, മുൻകാല പെരുമാറ്റത്തെ അടിസ്ഥാനമാക്കി, മോചിതനായാൽ തന്നെ ഇയാൾ വിചാരണക്ക് ഹാജരാകുമെന്ന് യാതൊരു ഉറപ്പും ഇല്ലാത്തതിനാൽ ജാമ്യം നിരസിക്കുകയാണ്’ എന്നായിരുന്നു വനേസ ബരൈറ്റ്‌സറുടെ പ്രതികരണം.

പ്രതിഭാഗം അഭിഭാഷകൻ എഡ്വേർഡ് ഫിറ്റ്സ്ജെറാൾഡ് ക്യുസി ഫെയ്സ് മാസ്ക് ധരിച്ചാണ് കോടതിയിൽ ഹാജരായത്. നെഞ്ചിലും പല്ലിലും അണുബാധയും ഓസ്റ്റിയോപൊറോസിസും ഉള്ള അസാഞ്ചിന് പെട്ടന്നുതന്നെ അണുബാധ യേൽക്കാൻ സാധ്യതയുണ്ടെന്നായിരുന്നു ഫിറ്റ്സ്ജെറാൾഡിന്റെ പ്രധാന വാദം. ബെൽമാർഷ് ജയിലിൽ 100 പേർ ഐസൊലേഷനിൽ ആയതിനാൽ മറ്റാർക്കും അവിടേക്ക് പ്രവേശനമില്ലാത്തതും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. അദ്ദേഹത്തെ തുടർച്ചയായി ജയിലിൽ അടച്ചാൽ ആർക്കും രക്ഷപ്പെടാൻ കഴിയാത്ത ഈ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ ആരോഗ്യവും ജീവിതവും ഗുരുതരമായി അപകടത്തിലാകുമെന്ന് ഫിറ്റ്സ്ജെറാൾഡ് കോടതിയെ അറിയിച്ചു. ലോക്ക്ഡൗൺ നടപടികൾ കാരണം അസാഞ്ചെയുടെ അടുത്ത വിചാരണ വാദം മെയ് 18-ന് മാറ്റിവയ്ക്കാനുള്ള സാധ്യതയും അഭിഭാഷകൻ ഉയർത്തി.

48കാരനായ അസാഞ്ചയുടെ ആരോഗ്യം വളരെ മോശമാണെന്നും വിദഗ്‌ധ ചികിൽസ അടിയന്തരമായി നൽകണമെന്നും നേരത്തെ യുഎൻ വക്താവ് ആവശ്യപ്പെട്ടിരുന്നു. 2010ല്‍ ലോകരാജ്യങ്ങളുടെ പ്രതിരോധ രഹസ്യങ്ങള്‍ പുറത്തുവിട്ടതോടെയാണ് കംപ്യൂട്ടര്‍ പ്രൊഗ്രാമറായ അസാഞ്ചെ അമേരിക്കയുടെ കണ്ണിലെ കരടായി മാറിയത്. അഫ്ഗാനിലെയും ഇറാഖിലെയും അമേരിക്കന്‍ അധിനിവേശം സംബന്ധിച്ച നിരവധി രഹസ്യങ്ങളും ഇതിലുള്‍പ്പെടും. അമേരിക്ക അന്വേഷണം ആരംഭിച്ചതോടെ വിവിധ രാജ്യങ്ങളില്‍ കഴിഞ്ഞ അസാഞ്ചെ ഒടുവില്‍ ഇക്വഡോറിന്റെ ലണ്ടനിലെ എംബസിയില്‍ അഭയം തേടി. ഇവിടെ നിന്ന് ബ്രീട്ടിഷ് പോലിസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു.