രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 872 ആയി. ആകെ കേസുകള്‍ 27,892 ആയി ഉയര്‍ന്നു. ഇതില്‍ 6185 പേര്‍ രോഗമുക്തി നേടിയെന്ന് കേന്ദ്രആരോഗ്യമന്ത്രാലയം അറിയിച്ചു. തെലങ്കാനയിലും കേസുകള്‍ ആയിരം കടന്നു. ഡല്‍ഹി പട്പട്ഗഞ്ച് മാക്സ് ആശുപത്രിയില്‍ ഏഴു മലയാളി നഴ്സുമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ലോക്ഡൗണ്‍ കഴിയാതെ അതിഥി തൊഴിലാളികളെ സ്വന്തം നാടുകളിലേക്ക് മടക്കി അയയ്‍ക്കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1396 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 48 പേരുടെ ജീവന്‍ നഷ്ടമായി. 382 പേരാണ് ഇന്നലെ മാത്രം രോഗമുക്തി നേടിയത്. രോഗബാധിതരുടെ എണ്ണത്തിലും മരണനിരക്കിലും മഹാരാഷ്ട്ര തന്നെയാണ് മുന്നില്‍. 8068 കേസുകളാണ് സംസ്ഥാനത്ത് സ്ഥീകരിച്ചിട്ടുള്ളത്. മരണം 342 ആയി. 3301 കേസുകളുമായി ഗുജറാത്ത് ആണ് രണ്ടാം സ്ഥാനത്ത്. സംസ്ഥാനത്ത് ഇതുവരെ 151 പേര്‍ മരിച്ചു.

ഡല്‍ഹിയില്‍ ആകെ കേസുകള്‍ 2918 ആണ്. ഡല്‍ഹി രോഹിണി അംബേദ്കര്‍ മെഡിക്കല്‍ കോളജില്‍ ഏഴു ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 29 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 36 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രാജസ്ഥാനില്‍ ആകെ സംഖ്യ 2221 ആയി. തെലങ്കാനയില്‍ ആകെ കേസുകള്‍ ആയിരം കടന്നു. ആയിരത്തിലധികം കേസുകളുള്ള ഒന്‍പതാമത്തെ സംസ്ഥാനമായി തെലങ്കാന. ഇതിനിടെ, കോവിഡ് ചികില്‍സയ്‍ക്ക് പ്ളാസ്മ തെറാപ്പി ഫലപ്രദമാണെന്ന് ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചതിന് പിന്നാലെ രോഗമുക്തി നേടിയ 200 തബ്ലലീഗ് പ്രവര്‍ത്തകര്‍ പ്ളാസ്മ ദാനത്തിന് സന്നദ്ധത അറിയിച്ചു.

ലോക്ഡൗണ്‍ കഴിയാതെ അതിഥി തൊഴിലാളികളെ സ്വന്തം നാടുകളിലേക്ക് മടക്കി അയയ്‍ക്കാനാവില്ലെന്ന് കേന്ദ്രം സുപ്രീംകോടതിയെ വ്യക്തമാക്കി. തൊഴിലാളികള്‍ ഇപ്പോള്‍ മടങ്ങിപ്പോകേണ്ട സാഹചര്യമില്ലെന്നും ഭക്ഷണം, ചികില്‍സ, താമസം എന്നിവ ഒരുക്കിനല്‍കിയിട്ടുണ്ടെന്നും സര്‍ക്കാരിന്റെ സത്യവാങ്മൂലത്തിലുണ്ട്. രാജ്യത്താകെ 37000 ക്യാമ്പുകളിലായി പതിനാലര ലക്ഷം തൊഴിലാളികളെ പാര്‍പ്പിച്ചിട്ടുണ്ടെന്നും കേന്ദ്രം അറിയിച്ചു.