ഷിബു മാത്യൂ.
കൊറോണാ കാലത്ത് കേരളത്തിന്റെ സ്വന്തമെന്നവകാശപ്പെടുന്ന ഭക്ഷണങ്ങള്‍ ഉണ്ടാക്കുന്ന തിരക്കിലാണ് മലയാളി കുടുംബിനികള്‍. കേരളം വിട്ട് ലോകത്തിന്റെ പല ഭാഗങ്ങളില്‍ ജീവിത മാര്‍ഗ്ഗം തേടിപ്പൊയവര്‍ക്ക് കൊറൊണാ നല്‍കിയത് നഷ്ടങ്ങളുടെ കഥകള്‍ മാത്രമാണ്. ഉറ്റവരേയും ഉടയവരേയും ഒരു നോക്കു കാണാന്‍ പോലും സാധിക്കാത്ത അവസ്ഥയിലേയ്ക്ക് ഓരോ മലയാളിയും എത്തിക്കൊണ്ടിരിക്കുകയാണ്. പക്ഷേ, തളര്‍ന്നു നില്‍ക്കേണ്ട സമയമിതല്ലന്നും പ്രതിസന്ധികളെ നേരിടണമെന്നുള്ള തിരിച്ചറിവിലാണ് യുകെ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ പ്രവാസ ജീവിതം നയിക്കുന്ന കുടുംബിനികള്‍. കൊറോണാ കാലത്ത് തങ്ങളുടെയും കുടുംബത്തിന്റെയും മാനസിക സമ്മര്‍ദ്ദം കുറയ്ക്കുവാനുള്ള പുതുവഴികള്‍ തേടുകയാണ് പ്രവാസ വനിതകള്‍.

പാചകം.
ആധുനികതയ്ക്ക് വഴിമാറി കൊടുത്ത പരമ്പരാഗതമായ കേരളത്തിന്റെ സ്വന്തം ഭക്ഷണം പാകം ചെയ്ത് ഒരു ഓര്‍മ്മ പുതുക്കല്‍. പൂര്‍വ്വീകര്‍ കഷ്ടപ്പെട്ട കേരളത്തിന് ദാരിദ്രത്തിന്റെ മുഖമുണ്ട്. അക്കാലത്ത് കേരളത്തില്‍ പാകം ചെയ്ത പല ഭക്ഷണങ്ങളും ഇന്നില്ല. ചൈനീസ് ഫുഡ് എന്നും ഇംഗ്ലീഷ് ഫുഡ് എന്നുമുള്ള വിളിപ്പേരില്‍ ന്യൂ ജനറേഷന്‍ കേരളത്തിന്റെ തനതായ രുചിക്ക് മങ്ങലേല്പിച്ചു എന്നത് സത്യം തന്നെ.

ലോക്ഡൗണ്‍ കാലത്ത് കേരളത്തിന് പുറത്തുള്ള ധാരാളം മലയാളികള്‍ വീടിനുള്ളില്‍ കഴിയുകയാണ്. എന്നാല്‍ ഈ സാഹചര്യം മുതലാക്കി നിരവധി പ്രവാസി കുടുംബിനികള്‍ മലയാളം യുകെയൊടൊത്ത് സ്വന്തം നാടിന്റെ നഷ്ടപ്പെട്ടു പോയ രുചികള്‍ സ്വന്തം കുടുംബത്തിലും ലോകത്തിന്റെ മുമ്പിലും പുനവതരിപ്പിക്കുന്നതിലുള്ള ഒരു ശ്രമത്തിലാണ്. ‘ഭാര്യ പറഞ്ഞു. അമ്മ അടുക്കളയിലാണന്ന് ‘ എന്ന പംക്തി കേരളത്തിന്റെ തനതായ രുചി ലോകത്തിന് പരിചയപ്പെടുത്താനാണ്.

കേരളത്തിനെ സംബസിച്ചിടത്തോളം, തിരുവതാംകൂര്‍, കൊച്ചി, മലബാര്‍ എന്നീ മൂന്ന് മേഖലകളിലും ഭക്ഷണങ്ങള്‍ക്ക് വെവ്വേറെ രുചിയാണ്. ഇതില്‍ തന്നെ എരിവും പുളിയും കൂടുതല്‍ വേണ്ടവരും വേണ്ടാത്തവരും, ഉപ്പ് അധികം വേണ്ടവരും വേണ്ടാത്തവരും,
നാളികേരമരച്ചത് ഇഷ്ടപ്പെടുന്നവരും അല്ലാത്തവരും, എന്ത് കിട്ടിയാലും കഴിക്കുന്നവരും ചില ശാഠ്യങ്ങള്‍ ഉള്ളവരുമൊക്കെയുണ്ട്. കേരളത്തിന്റെ തനതു രുചികളുടെ പ്രത്യേകത എന്ന് പറയുന്നത് ഉണ്ടാക്കുന്ന ചേരുവകളുടെ നല്ല ശതമാനവും സ്വന്തം പറമ്പില്‍ കൃഷി ചെയ്യുന്നതോ അല്ലെങ്കില്‍ കേരളത്തില്‍ തന്നെ ഉല്പാദിപ്പിക്കുന്നതോ ആയിരുന്നു എന്നതാണ് എടുത്ത് പറയേണ്ടത്.

കേരളത്തിന്റെ രുചി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന മലയാളി കുടുംബിനികള്‍ സ്വയം പരീക്ഷിച്ച് ഞങ്ങള്‍ക്കായ്ച്ചുതന്ന നാടന്‍ വിഭവങ്ങളും അത് ഉണ്ടാക്കുന്ന രീതിയും മലയാളം യുകെയില്‍ പ്രസിദ്ധീകരിക്കും.
മലയാളം യുകെയുടെ പ്രിയ വായനക്കാര്‍ക്ക് ഈ സംരഭത്തില്‍ പങ്കെടുക്കാന്‍ ഞങ്ങള്‍ അവസരമൊരുക്കുകയാണ്. നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം.
നാടന്‍ ഭക്ഷണത്തിന്റെ റെസീപ്പികള്‍ നിങ്ങളുടെ ഫോട്ടോ സഹിതം ഞങ്ങള്‍ക്ക് ഇമെയില്‍ ചെയ്യുക.
Email [email protected]