ലോകത്തിലെ ഏറ്റവും മികച്ച ക്ഷീരകര്‍ഷകരുള്ള രാജ്യങ്ങളില്‍ ഒന്നാണ് നെതര്‍ലന്‍ഡ്. ചെറിയ രാജ്യമായിരുന്നിട്ടു കൂടി പാലിന്റെയും പാലുത്പന്നങ്ങളുടെയും കയറ്റുമതിയില്‍ ലോകത്ത് അഞ്ചാം സ്ഥാനമാണ് നെതര്‍ലന്‍ഡിനുള്ളത്. അതേ രാജ്യം തന്നെയാണ് ചാണകം കാരണം പ്രതിസന്ധിയിലായിരിക്കുന്നത്.

18 ലക്ഷം പശുക്കളാണ് നെതര്‍ലാന്‍ഡിലുള്ളത്. ഇന്ധനമായോ മറ്റേതെങ്കിലും രീതിയിലോ ചാണകം വീണ്ടും ഉപയോഗിക്കാന്‍ രാജ്യം ശ്രമിക്കാത്തതാണ് പ്രശ്‌നമായിരിക്കുന്നത്.

ഫാമുകളില്‍ ചാണകം കുമിഞ്ഞു കൂടിയിരിക്കുകയാണ്. ഇതോടെ മറ്റൊരു മാര്‍ഗവുമില്ലാതെ ചാണം അനധികൃതമായി പുറന്തള്ളുകയാണ് കര്‍ഷകര്‍ ചെയ്യുന്നത്. എന്നാല്‍ ഇതോടെ ഫോസ്ഫറസ് മൂലം ഭൂഗര്‍ഭ ജലമലിനീകരണം വ്യാപകമാവുകയും അമോണിയ വര്‍ധിച്ചതിലൂടെ വായുമലിനീകരണം ഉയരുകയും ചെയ്യുകയാണ്. ഫോസ്ഫറസിന്റെയും അമോണിയയുടെയും നിയന്ത്രണത്തിനായി യൂറോപ്യന്‍ യൂണിയന്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെല്ലാം രാജ്യത്ത് ലംഘിക്കപ്പെട്ടു കഴിഞ്ഞു.

പ്രശ്‌നം ഗുരുതരമാകുമെന്ന് ഉറപ്പായതോടെ വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ട് ചില നിര്‍ദ്ദേശങ്ങള്‍ നെതര്‍ലന്‍ഡിന് മുന്നില്‍ വച്ചിരിക്കുകയാണ്. രാജ്യത്തെ പശുക്കളുടെ എണ്ണത്തില്‍ 10 വര്‍ഷത്തിനുള്ളില്‍ 40 ശതമാനം കുറവു വരുത്തണമെന്നതാണ് ഇതില്‍ ഏറ്റവും പ്രധാന നിര്‍ദ്ദേശം. ഈ സമയം കൊണ്ടു തന്നെ പശുക്കളുടെ ചാണകം സംസ്‌കരിച്ച് വിവിധ രീതിയില്‍ പുനരുപയോഗം ചെയ്യാന്‍ രാജ്യം തയ്യാറാകണമെന്നും വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ട് പറയുന്നു.