തൃശൂർ : വർഗീയതക്കും നവ ഉദാരവൽക്കരണനയങ്ങൾക്കുമെതിരായ യഥാർഥ ജനപക്ഷബദലാണ് സിപിഐ എം ലക്ഷ്യമിടുന്നതെന്ന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. സിപിഐ എമ്മിന്റെ ബഹുജന സ്വാധീനം ശക്തിപ്പെടുത്തിയും ഇടതുപക്ഷ ഐക്യം ഊട്ടിയുറപ്പിച്ചും ജനപക്ഷ ബദൽ രൂപപ്പെടുത്തണം. ഈ ബദൽ അടിസ്ഥാനമാക്കിയുള്ള ഇടതുജനാധിപത്യ ശക്തികളുടെ പൊതുഐക്യവേദിക്കുമാത്രമേ ജനവിരുദ്ധ നയങ്ങൾക്കെതിരായ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകാൻ കഴിയൂ. ഇത് കേവലമായ തെരഞ്ഞെടുപ്പ് സഖ്യമല്ല. ജനകീയപോരാട്ടങ്ങളും നയങ്ങളുമുയർത്തിയുള്ള പ്രവർത്തനത്തിലൂടെമാത്രമേ ചങ്ങാത്ത മുതലാളിത്തത്തിനും തീവ്രവർഗീയവൽക്കരണത്തിനുമെതിരായ ബദൽ സൃഷ്ടിക്കാനാകൂ. ഇക്കാര്യത്തിൽ സിപിഐ എം പ്രതിജ്ഞാബദ്ധമാണ്. സിപിഐ എം 22‐ാം പാർടി കോൺഗ്രസിന് മുന്നോടിയായ സംസ്ഥാനസമ്മേളനം ഉദ്ഘാടനം ചെയ്ത് യെച്ചൂരി പറഞ്ഞു.

നേതാവ്, ഫ്ളക്സുകൾ എന്നതല്ല വിഷയം. നീതിയാണ് വിഷയം. നരേന്ദ്ര മോഡിയോ രാഹുൽ ഗാന്ധിയോ എന്നതല്ല, ഏതു തരം  നയങ്ങളാണ് പിന്തുടരുന്നത് എന്നതാണ് പരിശോധിക്കേണ്ടത്. വിഭവങ്ങൾ ജനപക്ഷത്തുനിന്ന് ഉപയോഗിച്ചാലേ രാജ്യത്തിന് മുന്നോട്ടുപോകാനാവൂ.  ബദൽനയങ്ങൾ എങ്ങനെ യാഥാർഥ്യമാക്കാമെന്നതിന് രാജ്യത്തിന് മാതൃകയാണ് കേരളത്തിലെ എൽഡിഎഫ് സർക്കാർ. സാമ്പത്തിക അടിത്തറയാകെ തകർക്കുന്ന നവ ഉദാരവൽക്കരണത്തിനെതിരായ പോരാട്ടത്തിൽ ഒത്തുതീർപ്പോ വിട്ടുവീഴ്ചയോ പാടില്ല. ഭാഗികമായി നവ ഉദാരവൽക്കരണത്തെ എതിർക്കാം എന്ന നിലപാട് ശരിയല്ല.

ബിജെപിയെ തോൽപിക്കാൻ കോൺഗ്രസുമായി ധാരണയില്ല. കോൺഗ്രസുമായി ധാരണയോ തെരഞ്ഞെടുപ്പ് സഖ്യമോ ഉണ്ടാക്കില്ലെന്ന് കരടുരാഷ്ട്രീയപ്രമേയത്തിലുണ്ട്. ഹൈദരാബാദിൽ ചേരുന്ന പാർടി കോൺഗ്രസിൽ അവതരിപ്പിക്കുന്ന കരട് രാഷ്ട്രീയപ്രമേയം ചർച്ചചെയ്ത് പാർടിയുടെ നിലപാടുകൾക്ക് രൂപംനൽകും. കരട് രാഷ്ട്രീയപ്രമേയാവതരണവും ചർച്ചകളും വിശാലമായ ഉൾപാർടി ജനാധിപത്യത്തിന്റെ ഭാഗമാണ്. കമ്യൂണിസ്റ്റ്പാർടിയുടെ മഹത്തായ ജനാധിപത്യ പ്രക്രിയയിലൂടെ രാഷ്ട്രീയപ്രമേയത്തിന് അന്തിമരൂപം നൽകും. ബൂർഷ്വാമാധ്യമങ്ങൾക്കും ബൂർഷ്വാപാർടകൾക്കും അപരിചിതമായ രീതിയാണിത്.

തെരഞ്ഞെടുപ്പിൽമാത്രമായി ഇവരെ പരാജയപ്പെടുത്തലല്ല കൃത്യമായ ബദൽ നിലപാടുകളും നയങ്ങളുമായി ജനകീയമായ കരുത്ത് വർധിപ്പിക്കുകയാണ് വേണ്ടത്. ഇതിനായി പാർടിയുടെ  ജനകീയസ്വാധീനവും അടിത്തറയും ശക്തമാക്കും. ഒപ്പം ഇടതുപക്ഷ ഐക്യവും വിപുലമാക്കണം. ഇടതുപക്ഷ‐മതനിരപേക്ഷ ശക്തികളുടെ കൂട്ടായ്മ വളർത്തിക്കൊണ്ടുവരണം. തെരഞ്ഞെടുപ്പ് ഘട്ടത്തിൽ ബിജെപിയെ തോൽപിക്കാനാവശ്യമായ നിലപാട് സ്വീകരിക്കും.

മോഡി സർക്കാർ രാജ്യത്തെ വിറ്റഴിക്കുകയാണ്. വർഗീയ ധ്രുവീകരണത്തിനും മുതലെടുപ്പിനുമാണ് മോഡിയും ബിജെപി സർക്കാരും ശ്രമിക്കുന്നത്്. രാജ്യത്തിന്റെ അടിസ്ഥാനശിലകളും സ്വഭാവവും അട്ടിമറിക്കുകയാണ്. മതനിരപേക്ഷ രാഷ്ട്രത്തെ മതരാഷ്ട്രമാക്കാനുള്ള കടുത്ത വർഗീയധ്രുവീകരണത്തിനും നേതൃത്വം നൽകുന്നു.

വർഗീയവൽക്കരണത്തിനും ഉദാരവൽക്കരണത്തിനുമെതിരായ പോരാട്ടങ്ങൾ ശക്തിപ്പെട്ടുവരികയാണ്. രാജസ്ഥാനിൽ കർഷക പ്രക്ഷോഭം വീണ്ടും ആരംഭിച്ചു. മഹാരാഷ്ട്രയിൽ തൊഴിലാളി പ്രക്ഷോഭം നടക്കുന്നു. ഡൽഹിയിൽ ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി സംഘടനകൾ യോജിച്ച പോരാട്ടത്തിലാണ്.
ഇത്തരം പോരാട്ടങ്ങൾക്ക് കരുത്തു പകരാനും രാജ്യത്തിന്റെ നിലനിൽപ്പുപോലും അപകടപ്പെടുത്തുന്ന മോഡി സർക്കാറിനെതിരായ പോരാട്ടങ്ങൾ കൂടുതൽ ശക്തമായി മുന്നോട്ട് നയിക്കാനും സിപിഐ എം നേതൃത്വം നൽകുമെന്ന് യെച്ചൂരി വ്യക്തമാക്കി.