വിവാദങ്ങൾക്കിടയിൽ ഇന്ന് സിപിഎം സംസ്ഥാന സമിതി യോഗത്തിന് തുടക്കം. ബിനോയ് കോടിയേരിക്ക് എതിരായി ഉയർന്ന പീഡന പരാതി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സമിതിയിൽ റിപ്പോർട്ട് ചെയ്യും.

പീഡനക്കേസില്‍ ആരോപണ വിധേയനായ തന്റെ മകന്‍ ബിനോയ് കോടിയേരിയെ പാര്‍ട്ടി സംരക്ഷിക്കില്ലെന്നും നിരപരാധിത്വം തെളിയിക്കേണ്ട ഉത്തരവാദിത്തം ബിനോയിക്കു മാത്രമാണെന്നുമാണ് കഴിഞ്ഞദിവസം വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ കോടിയേരി ബാലകൃഷ്ണൻ പറഞ്ഞത്. വിവാദങ്ങൾ ആരംഭിച്ചതിന് ശേഷം മകനെ കണ്ടിട്ടില്ലെന്നും മകൻ എവിടെയാണ് എന്ന് തനിക്കറിയില്ലെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. പാർട്ടി ഇടപെടേണ്ട പ്രശ്നമല്ല ഇതെന്നും, കുറ്റാരോപിതരെ സംരക്ഷിക്കേണ്ട നിലപാടല്ല പാർട്ടിയുടേതെന്നും സ്വന്തം ചെയ്തികളുടെ ഫലം കുറ്റം ചെയ്തവർ തന്നെ അനുഭവിക്കണമെന്നും കോടിയേരി വ്യക്തമാക്കി.

പ്രവാസി സംരംഭകൻ സാജന്‍റെ ആത്മഹത്യയിൽ ആന്തൂർ നഗരസഭാ ചെയർപേഴ്സൺ പി കെ ശ്യാമളക്കെതിരെ യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നേക്കും. ഈ വിഷയത്തിൽ കണ്ണൂരിൽ നിന്നുള്ള സംസ്ഥാന സമിതി അംഗങ്ങൾക്കിടയിൽ ഭിന്നത നിലനിൽക്കുന്നുണ്ട്. സംഭവത്തിൽ പി.കെ ശ്യാമള കഴിഞ്ഞദിവസം രാജിക്കത്ത് കൈമാറിയിരുന്നു.

സം​ഭ​വ​ത്തി​ൽ പി.​കെ. ശ്യാ​മ​ള​യെ വി​മ​ര്‍​ശി​ച്ച് സി​പി​എം നേ​താ​വ് പി. ​ജ​യ​രാ​ജ​ൻ രംഗത്തെത്തിയിരുന്നു. വേ​ണ്ട വി​ധ​ത്തി​ൽ ഇ​ട​പെ​ടാ​ൻ ചെ​യ​ർ​പേ​ഴ്സ​ണു സാ​ധി​ച്ചി​ല്ല. ജ​ന​പ്ര​തി​നി​ധി​ക​ൾ ന​ഗ​ര​സ​ഭാ ഉ​ദ്യോ​ഗ​സ്ഥ​രെ തി​രു​ത്തി മു​ന്നോ​ട്ടു പോ​കേ​ണ്ട​താ​യി​രു​ന്നു​വെ​ന്നും പി.​കെ. ശ്യാ​മ​ള വേ​ദി​യി​ലി​രി​ക്കെ അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു. ധ​ര്‍​മ​ശാ​ല​യി​ല്‍ സി​പി​എം സം​ഘ​ടി​പ്പി​ച്ച രാ​ഷ്ട്രീ​യ വി​ശ​ദീ​ക​ര​ണ യോ​ഗ​ത്തി​ലാ​യിരുന്നു ജ​യ​രാ​ജ​ന്‍റെ വി​മ​ർ​ശ​നം.

ലോക്സഭ തിരഞ്ഞെടുപ്പിൽ നേരിട്ട തോൽവി സംബന്ധിച്ച അവലോകന റിപ്പോര്‍ട്ട് അന്തിമമാക്കലാണ് സംസ്ഥാന സമിതിയുടെ പ്രധാന അജണ്ട.