സ്വന്തം ലേഖകൻ

ലണ്ടൻ :- ലണ്ടനിൽ വീടുകൾക്കും, നിർമ്മാണത്തിലിരിക്കുന്ന ഫ്ളാറ്റുകൾക്കും മുകളിലേക്ക് ക്രെയിൻ തകർന്നുവീണ് ഉണ്ടായ അപകടത്തിൽ ഒരു സ്ത്രീ മരണപ്പെട്ടു. അപകടത്തിൽ മറ്റു നാല് പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. 20 മീറ്റർ നീളമുള്ള ക്രെയിൻ ആണ് തകർന്നുവീണത്. രണ്ട് വീടുകൾക്ക് മുകളിലേക്ക് ആണ് ഈ ക്രെയിൻ വന്നു വീണത്. ഈ വീടുകളിൽ ഒന്നിലാണ് അപകടത്തിൽപെട്ട സ്ത്രീ ഉണ്ടായിരുന്നത്. സംഭവസ്ഥലത്ത് വെച്ച് തന്നെ അവർ മരണപ്പെട്ടു.

പരിക്കേറ്റ നാലുപേരെയും ഉടൻതന്നെ ആശുപത്രിയിലെത്തിച്ചു. ക്രെയിൻ തകർന്നുവീണ സമയത്ത്, ഭൂമികുലുക്കം നടന്ന പോലെ ഉള്ള ശബ്ദം ആണ് ഉണ്ടായത് എന്ന് ദൃക്സാക്ഷികൾ പറയുന്നു. അപകടത്തിൽനിന്ന് രക്ഷപ്പെട്ടത് ആശ്വാസത്തിലാണ് ചുറ്റുമുള്ള അയൽവാസികൾ.

സ്വാൻ ഹൗസിങ്‌ അസോസിയേഷൻ ഉപയോഗിച്ചു വന്ന ക്രെയിൻ ആണ് തകർന്നുവീണത് എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ഉള്ള അതീവ ദുഃഖം ഹൗസിംഗ് അസോസിയേഷൻ അധികൃതർ രേഖപ്പെടുത്തിയിട്ടുണ്ട്. ഏത് തരത്തിലുള്ള സഹായങ്ങൾ ചെയ്യുവാനും തങ്ങൾ സന്നദ്ധരാണെന്നും അവർ അറിയിച്ചിട്ടുണ്ട്. ലണ്ടനിൽ സംഭവിച്ചത് അതീവ നിർഭാഗ്യകരമാണെന്നും, മരിച്ച ആളുടെ കുടുംബത്തോട് അനുശോചനം അറിയിക്കുന്നതായും മേയർ സാദിഖ് ഖാൻ അറിയിച്ചു. ഇതുപോലുള്ള അപകടങ്ങൾ ഇനിയും ആവർത്തിക്കാതിരിക്കാൻ വേണ്ട എല്ലാ സുരക്ഷാ മുൻകരുതലുകളും സ്വീകരിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.