ശരീരഭാരം കുറയ്ക്കുന്നതിന് ക്രാഷ് ഡയറ്റ് ഫലപ്രദമാണെന്ന് പഠനം. നോര്‍മല്‍ ഡയറ്റുകളെക്കാള്‍ ക്രാഷ് ഡയറ്റ് ശരീരഭാരം കുറയ്ക്കുമെന്ന് തെളിഞ്ഞതായി ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ സൂസന്‍ ജെബ് വ്യക്തമാക്കുന്നു. ക്രാഷ് ഡയറ്റ് അമിത ശരീരഭാരത്താല്‍ ബുദ്ധിമുട്ടുന്നവരില്‍ വലിയ വ്യത്യാസമുണ്ടാക്കുമെന്നും മറ്റു മാര്‍ഗങ്ങളെക്കാള്‍ മികച്ചതാണെന്ന് ശാസ്ത്രീയമായ തെളിയിക്കപ്പെട്ടതായും ജെബ് പറയുന്നു. ക്രാഷ് ഡയറ്റ് അശാസ്ത്രീയമായ രീതിയാണെന്ന് നേരത്തെ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ഇത് ശരീരത്തെ പ്രതികൂലമായിട്ടാണ് ബാധിക്കുകയെന്ന് വിദഗ്ദ്ധര്‍ പറയുകയും ചെയ്തിരുന്നു. എന്നാല്‍ പ്രൊഫ. ജെബ് നടത്തിയ പഠനത്തില്‍ ക്രാഷ് ഡയറ്റുകള്‍ ഫലപ്രദമാണെന്ന് വ്യക്തമാക്കുന്നു.

ക്രാഷ് ഡയറ്റുകള്‍ ശരീരഭാരം കുറയ്ക്കാന്‍ ഫലപ്രദമാണെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ ഇവ എന്‍എച്ച്എസ് പ്രിസ്‌ക്രൈബ് ചെയ്ത് നല്‍കാന്‍ തയ്യാറാവണമെന്ന് ജെബ് ആവശ്യപ്പെട്ടു. എന്നാല്‍ ക്രാഷ് ഡയറ്റുകള്‍ തുടരാന്‍ വിഷമകരമാണെന്നും പലര്‍ക്കും ഇതിന് സാധിക്കില്ലെന്നും എന്‍എച്ച്എസ് ഉപദേശകര്‍ വ്യക്തമാക്കിയിരുന്നു. ഡയറ്റ് നിര്‍ത്തുന്ന സമയത്ത് ശരീരഭാരം വീണ്ടും വര്‍ദ്ധിക്കുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. ജീവിതകാലം മുഴുവന്‍ ക്രാഷ് ഡയറ്റില്‍ കഴിയാനും സാധ്യമല്ല. എന്നാല്‍ ഈ വിമര്‍ശനങ്ങള്‍ ക്രാഷ് ഡയറ്റിനെക്കുറിച്ചല്ല എന്നാണ് ജെബ് പറയുന്നത്. യോ-യോ ഡയറ്റിനെ ക്രാഷ് ഡയറ്റായി തെറ്റിദ്ധരിച്ചത് മൂലമാണ് ആളുകള്‍ അത്തരം വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതെന്ന് ജെബ് വിശദീകരിക്കുന്നു.

ഓക്‌സ്‌ഫോര്‍ഷയറിലെ പൊണ്ണത്തടിയുള്ള 278 രോഗികളിലാണ് ജെബ് പഠനം നടത്തിയത്. ഡയറ്റ് പ്രകാരമുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിന്തുടര്‍ന്ന ഇവരുടെ ശരീരഭാരം ഒരു വര്‍ഷത്തിനുള്ളില്‍ 10 കിലോ കുറഞ്ഞു. ഇതര ഡയറ്റുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ക്രാഷ് ഡയറ്റ് മികച്ചതാണെന്ന് തെളിയിക്കുന്നതായിരുന്നു പഠനം. മറ്റു ഡയറ്റുകള്‍ പിന്തുടരുന്നവര്‍ക്ക് വര്‍ഷത്തില്‍ മൂന്ന് കിലോഗ്രാം മാത്രമാണ് കുറവുണ്ടായിട്ടുള്ളത്. ഈ പ്രോഗ്രാമില്‍ പങ്കെടുക്കുന്നവര്‍ക്ക് സാധാരണ ഡയറ്റുകളില്‍ നിന്ന് ലഭിക്കുന്നതിനേക്കാള്‍ 7 കിലോ വരെ കുറയുമെന്ന് ഉറപ്പിച്ചുപറയാന്‍ സാധിക്കുമെന്ന് ജെബ് പറഞ്ഞു.