ക്രിസ്മസ് ക്രിസ്ത്യാനികള്‍ക്കു മാത്രമല്ല, എല്ലാ ജനതകള്‍ക്കും ഉള്ള സുവിശേഷമാണ്. ആ ദിവ്യജനനം പല സമസ്യകള്‍ക്കുമുള്ള ഉത്തരമായിരുന്നു. ക്രിസ്മസ് എന്നത് മലയാളികളെ സംബന്ധിച്ചിടത്തോളം ഒരുപാട് ഓർമ്മകളുടെ വസന്തകാലമാണ്. ക്രിസ്മസ് അലങ്കാരങ്ങൾ അതിൽ പ്രധാപ്പെട്ട ഒന്നാണ്. ആഘോഷത്തിന്റെ ഓർമ്മകൾ നമ്മുടെ ജീവിതത്തിലേക്ക് ഓടിയെത്തുന്നു. ക്രിസ്തുദേവന്റെ ജനനം നാം ആഘോഷിക്കപ്പെടുമ്പോൾ നമ്മുടെ കുട്ടികൾക്കുള്ള വിശ്വാസപരിശീലനത്തിന്റെ ആദ്യക്ഷരങ്ങളാകുന്നു. അലങ്കാരങ്ങൾ പല തരത്തിൽ പ്രത്യക്ഷപ്പെടുന്നു… നക്ഷത്രങ്ങൾ, മനോഹരമായ നിറങ്ങളോടുകൂടിയ ബൾബുകൾ, ക്രിസ്മസ് ട്രീ എന്നിവയെല്ലാം ഇതിൽ ചിലതുമാത്രം.. എന്നാൽ ഇവയെല്ലാം സമന്വയിപ്പിച്ചു കാലിത്തൊഴുത്തിൽ പിറന്ന ഉണ്ണിയേശുവിന്റെ ഓർമ്മക്കായ് പുൽക്കൂടുകൾ നിർമ്മിക്കപ്പെടുബോൾ അതിൽ അത്യുത്സാഹം കാണിക്കുന്നത് കുട്ടികൾ തന്നെയാണ്.. പ്രവാസജീവിതത്തിൽ പുൽക്കൂടുകൾ ഉണ്ടാക്കാൻ സമയം കണ്ടെത്തുക അൽപം പ്രയാസമുള്ള കാര്യമാണ്. എന്നിരുന്നാലും നമ്മുടെ പ്രവാസജീവിതത്തിൽ സമയം കണ്ടെത്തി നമ്മുടെ ജീവിതത്തിലെ നല്ല ഓർമ്മകൾ സ്വന്തം കുട്ടികൾക്ക് പകർന്നുനൽകുവാൻ ഏറ്റവും അധികം ശ്രമിക്കന്നവരിൽ മലയാളികൾ മുൻപിൽ തന്നെ.. അത്തരത്തിൽ സ്റ്റോക്ക് ഓൺ ട്രെന്റ് മാസ്സ് സെന്ററിന്റെ നേതൃത്വത്തിൽ  നടന്ന പുൽക്കൂട്‌മത്സരം എന്തുകൊണ്ടും എല്ലാവരുടെയും ശ്രദ്ധയാകർഷിച്ചു.  അതിമോഹരമായ കരവിരുതുകൾ പുറത്തുവന്നപ്പോൾ പുൽക്കൂട്‌ മത്സരം കടുത്തതായി.. അവസാന ഫലം പുറത്തുവന്നപ്പോൾ ഒന്നാം സമ്മാനമായി റിജോ ജോൺ സ്‌പോർസർ ചെയ്‌ത £100 ഡും, ടി ജി ജോസഫ്    മെമ്മോറിയൽ എവർറോളിങ് ട്രോഫി ജെയിംസ് ആൻറണി കരസ്ഥമാക്കിയപ്പോൾ ജോഷി വർഗ്ഗീസ് സ്പോൺസർ ചെയ്‌ത £75 ഉം മേലേത്ത് വർഗ്ഗീസ് മെമ്മോറിയൽ എവർറോളിങ് ട്രോഫിയും ജോസ് ആൻറണി നേടിയെടുത്തു. മൂന്നാം സമ്മാനമായി ജോസ് വർഗ്ഗീസ് സ്പോൺസർ ചെയ്ത £50 ഉം ൈകമഠം തുരുത്തിൽ ഔസേപ്പ് വർഗ്ഗീസ് മെമ്മോറിയൽ എവർറോളിങ് ട്രോഫി ഡേവിഡ് എബ്രഹാം നേടിയെടുത്തു. ക്രിസ്മസ് കുർബാനക്ക് ശേഷം മാസ്സ് സെന്റിന്റെ നേതൃത്വം വഹിക്കുന്ന ഫാദർ ജയ്‌സൺ കരിപ്പായി സമ്മാനങ്ങൾ വിതരണം ചെയ്‌തു . പങ്കെടുത്ത എല്ലാവർക്കും പ്രോത്സാഹന സമ്മാനങ്ങൾ കൊടുക്കുകയും ചെയ്‌തു.ആഘോഷങ്ങൾ നല്ലതെങ്കിലും അതിന്റെ പൂർണ്ണത നേടുവാൻ ചില നല്ല ചിന്തകൾ കൂടി നമ്മൾ കുട്ടികൾക്കായി പങ്കുവയ്‌ക്കേണ്ടതുണ്ട്. ക്രിസ്മസിന്റെ ചൈതന്യം ആഡംബരത്തിലല്ല, ലാളിത്യത്തിന്റെ സൗകുമാര്യത്തിലാണ് അനുഭവിക്കേണ്ടത് എന്ന് മനസിലാക്കികൊടുക്കുവാൻ മറന്നുപോകരുത്. പരിമിതമായ സൗകര്യങ്ങള്‍ പരാതി കൂടാതെ സ്വീകരിക്കാന്‍ സാധിക്കുന്ന മാനസികാവസ്ഥ കുട്ടികൾക്ക്  അപരിചിതമാവരുത്. അനവധിയാളുകള്‍ ദാരിദ്ര്യത്തിലും മരണഭയത്തിലും  കഴിയുമ്പോൾ സുഖലോലുപതയും ധൂര്‍ത്തും നമ്മെയും നമ്മുടെ കുട്ടികളെയും  കീഴ്‌പ്പെടുത്താതിരിക്കട്ടെ. പങ്കുവയ്ക്കലിന്റെയും പരസഹായത്തിന്റെയും പാഠങ്ങളാണു യേശു നല്‍കിയത്. ക്രിസ്മസ് നല്‍കുന്നതു സ്വാര്‍ഥതയില്ലാത്ത ഉള്‍ച്ചേരലിന്റെയും വിശാലമായ കാഴ്ചപ്പാടുകളുടെയും ചൈതന്യമാണ് എന്ന കാര്യം മറക്കാതിരിക്കുക.ശാന്തരാത്രിയാണു വിശുദ്ധരാത്രിയായത്. ബലിയല്ല, കരുണയാണു ദൈവപുത്രന്‍ ആവശ്യപ്പെട്ടത്. യേശു ജനിച്ച പ്രശാന്ത രാത്രിയുടെ ഓര്‍മയിലൂടെ സമാധാനത്തിന്റെയും കരുണയുടെയും അലൗകിക പ്രഭ നമ്മളിലേക്കും നമ്മുടെ കുട്ടികളിലേയ്ക്കും പടരണം. ക്രിസ്മസ് ഒരു ദിവ്യജനനത്തിന്റെ അനുസ്മരണം മാത്രമല്ല, സംസ്‌കാരോദയത്തിന്റെ വിളംബരംകൂടിയാണ്. ജീവരക്ഷയ്ക്ക് ഉണ്ണിയേശു പലായനം ചെയ്യേണ്ടിവന്നു. അഭയം തേടുന്നവര്‍ക്കെതിരേ അതിര്‍ത്തിയില്‍ മുള്ളുകമ്പികൾ തീര്‍ക്കുന്നവരുണ്ട്; വാതില്‍പ്പാളികള്‍ കൊട്ടിയടയ്ക്കുന്നവരുണ്ട്. യൂറോപ്പിലെ ക്രസ്‌തവ  ഇടവകകള്‍ ഒരു അഭയാര്‍ഥികുടുംബത്തെയെങ്കിലും ദത്തെടുക്കണമെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ കഴിഞ്ഞ വർഷം അഭ്യര്‍ഥിച്ചത് പൂല്‍ക്കൂടിന്റെ ചൈതന്യം ഉള്‍ക്കൊണ്ടാണ്. യൂറോപ്പിലെ ജീവിതത്തിലെ ആഘോഷവേളകളിൽ ഉള്ള സമ്മാന പെരുമഴയിൽ നമ്മുടെ കുട്ടികൾ വീണുപോവാതെ സൂക്ഷിക്കാൻ നമുക്കാവട്ടെ. പുതുവർഷത്തിലേക്കു നാം സഞ്ചരിക്കുമ്പോൾ നമ്മുടെ ചിന്താഗതികൾ മാറ്റുവാൻ കെൽപ്പുള്ളതായിരിക്കട്ടെ ഇത്തരം ക്രിസ്മസ് ചിന്തകൾ…