മലയാളം യുകെ സ്‌പെഷ്യല്‍, ജോജി തോമസ്

ഇന്ത്യക്കാരന്റെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്നതാണ് ക്രിക്കറ്റെന്ന് വികാരം. ദേശവും ഭാഷയും മാറിയാലും ക്രിക്കറ്റിനെ മറക്കാനില്ലെന്നാണ് യോര്‍ക്ക്ഷയറിലെ ഒരുപറ്റം മലയാളികളുടെ ഉറച്ച തീരുമാനം. അതിന്റെ ഏറ്റവും വലിയ ഉദാഹരമാണ് ലീഡ്‌സ് പ്രീമിയര്‍ ലീഗ്. യോര്‍ക്ക്ഷയറില്‍ ഇനി രണ്ടരമാസം നീണ്ടു നില്‍ക്കുന്ന ക്രിക്കറ്റിന്റെ ഉത്സവമാണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ മാതൃകയില്‍ സംഘടിപ്പിച്ചിരിക്കുന്ന മത്സരങ്ങളില്‍ 6 ടീമുകളാണ് മാറ്റുരയ്ക്കുക. മൊത്തം 30 മത്സരങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. എല്ലാ ടീമുകളും രണ്ട് തവണ വീതം മുഖാമുഖം കാണും. നാളെ നടക്കുന്ന ഉദ്ഘാടന മത്സരങ്ങളില്‍ ലീഡ്‌സ് ഗ്ലാഡിയേറ്റേഴ്‌സും സണ്‍റൈസ് ബ്ലൂവും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ ഷെഫിന്‍സ് ബ്ലാസ്റ്റേഴ്‌സിനെ നേരിടുന്നത് സണ്‍റൈസേഴ്‌സ് റെഡ് ആണ്. മറ്റൊരു മത്സരം കീത്തില് സ്‌പോര്‍ട്‌സും ലീഡ്‌സ് സൂപ്പര്‍ കിംഗും തമ്മിലാണ്.

വരാന്‍ പോകുന്ന ക്രിക്കറ്റ് മാമാങ്കത്തെ യോര്‍ക്ക്ഷയറിലെയും സമീപ പ്രദേശങ്ങളിലെയും ക്രിക്കറ്റ് പ്രേമികള്‍ വളരെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നതെന്ന് ലീഡ്‌സ് ഗ്ലാഡിയേറ്റേഴ്‌സിന്റെ ക്യാപ്റ്റനും മുഖ്യ സംഘാടകരില്‍ ഒരാളുമായ ജേക്കബ് കളപ്പുരക്കല്‍ മലയാളം യുകെയോട് പറഞ്ഞു. സൗത്ത് ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ളവര്‍ മത്സരങ്ങളില്‍ അണിനിരക്കുന്നുണ്ടെങ്കിലും കളിക്കാരും ടീമുകളും പ്രധാനമായും മലയാളി സമൂഹത്തില്‍ നിന്നാണ്. ഇത്തരത്തിലൊരു സംരഭത്തിന്റെ സംഘാടനത്തിനും മുന്നിട്ടിറങ്ങിയത് മലയാളികള്‍ തന്നെയായിരുന്നു.

ക്രിക്കറ്റിനെയും കായിക വിനോദങ്ങളെയും പ്രോത്സാഹിപ്പിക്കുകയും കായിക വിനോദങ്ങള്‍ പുതുതലമുറയ്ക്ക് താത്പ്പര്യം ജനിപ്പിക്കുകയുമാണ് ലീഡ്‌സ് പ്രീമിയര്‍ ലീഗിന്റെ ഉദ്ദേശം. പൊതുവെ ജോലിയും വീടുമായി കഴിയുന്ന യുകെയിലെ മലയാളി സമൂഹത്തിന് മൊത്തത്തില്‍ മാതൃകയാവുകയാണ് ലീഡ്‌സ് പ്രീമിയര്‍ ലീഗ്. ലീഡ്‌സ് പ്രീമിയര്‍ ലീഗില്‍ ഷെഫിന്‍സ് ബ്ലാസ്റ്റേഴ്‌സിനെ വിഷ്ണുവും കീത്തലി സ്പാര്‍റ്റന്‍സിനെ നിഖിലും ലീഡ്‌സ് ഗ്ലാസിയേറ്റേഴ്‌സിനെ ജേക്കബ് കളപ്പുരയ്ക്കലും ലിഡ്‌സ് സൂപ്പര്‍ കിംഗ്‌സിനെ ഡോ. പ്രവുവും ലിഡ്‌സ് സണ്‍റൈസേഴ്‌സ് റെഡിനെ സുരേഷും സണ്‍റൈസേഴ്‌സ് ബ്ലുവിനെ രാജീവും നയിക്കും.

ലീഡ്‌സ് പ്രീമിയര്‍ ലീഗ് യുകെ മലയാളികളുടം ഇടയില്‍ തികച്ചും പുതുമയാര്‍ന്ന പരീക്ഷണമാണ്. ടീമുകള്‍ക്കെല്ലാം അവരുടെ പരിശീലനത്തിനും മറ്റുമുള്ള ചിലവുകള്‍ക്കായി സ്‌പോണ്‍സര്‍ഷിപ്പ് ലഭിച്ചതുതന്നെ ലീഡ്‌സ് പ്രീമിയര്‍ ലീഗിന് സമൂഹത്തില്‍ ലഭിച്ച അംഗീകാരത്തിന് തെളിവാണ്. ലീഡ്‌സ് പ്രീമിയര്‍ ലീഗില്‍ ഒരോ മത്സരത്തിലും മാന്‍ ഓഫ് ദ മാച്ചായി തെരഞ്ഞെടുക്കുന്നവരെ മികച്ച സമ്മാനങ്ങളാണ് തേടിയെത്തുക.