തിരുവനന്തപുരം: പോണ്ടിച്ചേരിയില്‍ വാഹന രജിസ്‌ട്രേഷന്‍ നടത്തി നികുതി വെട്ടിപ്പ് നടത്തിയ കേസില്‍ അമല പോളിനെ ചോദ്യം ചെയ്യണമെന്ന് ക്രൈംബ്രാഞ്ച്. വ്യാജ വിലാസം നല്‍കിയാണ് അമലയുടെ കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും വീട്ടുടമയും അമലയും നല്‍കിയ വിവരങ്ങളില്‍ പൊരുത്തക്കേടുണ്ടെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. ഈ സാഹചര്യത്തില്‍ നടിയെ ചോദ്യം ചെയ്യണമെന്നാണ് ആവശ്യം.

രജിസ്‌ട്രേഷന് നല്‍കിയ വിലാസത്തിലുള്ള വീടിന്റെ താഴത്തെ നിലയില്‍ വാടകയ്ക്ക് താമസിച്ചു എന്നാണ് അമല പറഞ്ഞത്. എന്നാല്‍ മുകളിലത്തെ നിലയാണ് താന്‍ വാടകയ്ക്ക് നല്‍കിയതെന്നാണ് വീട്ടുടമ അറിയിച്ചത്. എന്നാല്‍ അമല ഇവിടെ താമസിച്ചാതായി പ്രദേശവാസികള്‍ക്ക് അറിയുകയുമില്ല. രജിസ്‌ട്രേഷന്‍ ആവശ്യത്തിന് അമലയല്ല ഏജന്റാണ് വന്നതെന്ന് നോട്ടറിയും മൊഴി നല്‍കിയിട്ടുണ്ട്.

നോട്ടറൈസ് ചെയ്തതായി പറയുന്ന ഒപ്പ് വ്യാജമാണെന്നും കണ്ടെത്തിയിട്ടുണ്ട്. അമല പോള്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഈ ഘട്ടത്തിലാണ് പോണ്ടിച്ചേരിയില്‍ നടത്തിയ പ്രാഥമികാന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് നല്‍കിയിരിക്കുന്നത്.