കോട്ടയം നഗരത്തിൽ പൊലീസിനെ നോക്കുകുത്തികളാക്കി കുപ്രസിദ്ധ കുറ്റവാളി അലോട്ടിയുടെ നേതൃത്വത്തിൽ ഗുണ്ടാ വിളയാട്ടം. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഘം രണ്ട് യുവാക്കളെ വെട്ടി പരുക്കേൽപ്പിച്ചു. ഏറ്റുമാനൂരിൽ എക്സൈസ് സംഘത്തെ അക്രമിച്ച സംഘമാണ് നാടെങ്ങും അക്രമം നടത്തിയത്. അലോട്ടിയുടെ വീട്ടിൽ പരിശോധന നടത്തിയ പൊലീസ് നാടൻ ബോംബ് ഉൾപ്പെടെ പിടിച്ചെടുത്തു.

എക്സൈസ് ഉദ്യോഗസ്ഥരെ അക്രമിച്ചവരെ പിടികൂടാൻ പൊലീസ് നാടെങ്ങും വലവീശി കാത്തിരിക്കുമ്പോഴാണ് അതേ പ്രതികൾ നഗരത്തിൽ അഴിഞ്ഞാടിയത്. കുപ്രസിദ്ധ കുറ്റവാളി ജെയ്സ് മോൻ എന്ന അലോട്ടി യുടെ നേതൃത്വത്തിലായിരുന്നു അതിക്രമങ്ങൾ. ബുധനാഴ്ച പൊലീസ് പരിശോധന നടത്തി മടങ്ങിയതിന് പിന്നാലെ പുറത്തിറങ്ങിയ അലോട്ടിയും കൂട്ടരും മെഡിക്കൽ കോളജിന് സമീപം യുവാവിനെ ക്രൂരമായി മർദിച്ചു. ഇവിടെ നിന്ന് മടങ്ങിയ സംഘം തിരുവാർപ്പിൽ വീടിന് നേരെ ബോംബെറിഞ്ഞു.

പിന്നാലെ എക്സൈസിന് വിവരം ചോർത്തി നൽകിയെന്നാരോപിച്ച് നഗരത്തിൽ താമസിക്കുന്ന ഷാഹുൽ ഹമീദിനെ വീട് കയറി വെട്ടി പരുക്കേൽപ്പിച്ചു. നാട്ടിൽ ഗുണ്ടകൾ വിലസുന്നത് പക്ഷെ പൊലീസ് അറിഞ്ഞില്ല. അക്രമത്തിനിരയായവർ പരാതിയുമായെത്തിയതോടെ അലോട്ടി യുടെ വീട് പരിശോധിക്കാൻ തീരുമാനിച്ചു. നാടൻ ബോംബും നിർമാണ സാമഗ്രികളും വീട്ടിൽ നിന്ന് കണ്ടെത്തി. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല. കോട്ടയം ജില്ലയിലെ വിവിധ സ്റ്റേറ്റേഷനുകളിലായി ഇരുപതിലേറെ കേസുകളിൽ പ്രതിയാണ് 23 വയസ് മാത്രം പ്രായമുള്ള അലോട്ടി.