ബ്രെക്‌സിറ്റ് സെക്യൂരിറ്റി ഡീല്‍ തീവ്രവാദികളുടെയും കുറ്റവാളികളുടെയും മോചനത്തിന് കാരണമായേക്കമെന്ന് മുന്നറിയിപ്പ്. യുകെയും യൂറോപ്യന്‍ യൂണിയനുമായി ശരിയായ ധാരണയിലെത്തിയില്ലെങ്കില്‍ അത് പൗരന്‍മാരുടെ സുരക്ഷയെ സാരമായി ബാധിക്കുമെന്ന് ഹോം അഫയേഴ്‌സ് കമ്മിറ്റി ആശങ്കയറിയിച്ചു. യൂറോപ്യന്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസിന്റെ അധികാര പരിധിയില്‍ യുകെ തുടരണമെന്നാണ് കമ്മിറ്റി ആവശ്യപ്പെടുന്നത്. സുപ്രധാന ഡേറ്റബേസുകളില്‍ യുകെയ്ക്ക് സ്വാധീനമുണ്ടാകണമെങ്കില്‍ ഇത് അനിവാര്യമാണ്. എന്നാല്‍ ബ്രെക്‌സിറ്റ് നയത്തില്‍ യൂറോപ്യന്‍ കോടതിയുടെ അധികാരത്തില്‍ നിന്ന് യുകെ പിന്മാറുമെന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്.

യുകെ യൂറോപ്യന്‍ യൂണിയന്‍ പോലീസിംഗ് സഹകരണത്തില്‍ കുറവുണ്ടാകുന്നത് ഒട്ടേറെ അനന്തരഫലങ്ങള്‍ ഉണ്ടാക്കുമെന്ന് ഹോം അഫയേഴസ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ യിവെറ്റ് കൂപ്പര്‍ പറഞ്ഞു. സുരക്ഷാ സഹകരണത്തില്‍ ധാരണകള്‍ രൂപീകരിക്കാന്‍ കഴിയാത്തത് ചിന്തിക്കാന്‍ പോലും കഴിയാത്ത സംഗതിയാണ്. അപകടകാരികളായ അന്താരാഷ്ട്ര കുറ്റവാളികളെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെക്കുന്നതില്‍ പോലീസ് സേനകള്‍ക്ക് ഇതിലൂടെ പ്രതിബന്ധങ്ങളുണ്ടാകും. രാജ്യാതിര്‍ത്തികള്‍ കടക്കാനൊരുങ്ങുന്ന ക്രിമിനലുകളേക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറാന്‍ ബോര്‍ഡര്‍ ഒഫീഷ്യലുകള്‍ക്കും സാധിക്കാതെ വരും.

ട്രാഫിക്കിംഗ്, തീവ്രവാദം, അടിമക്കച്ചവടം, ഓര്‍ഗനൈസ്ഡ് ക്രൈം തുടങ്ങിയവയിലെ അന്വേഷണത്തെ ഇത് ബാധിക്കും. ഇപ്പോള്‍ നടന്നു വരുന്ന പല വിചാരണകളെയും ഇത് ദോഷകരമായി ബാധിക്കുമെന്നും അവര്‍ പറഞ്ഞു. യൂറോപോള്‍, യൂറോപ്യന്‍ അറസ്റ്റ് വാറന്റ് ആന്‍ഡ് ഷെങ്കന്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം 2 (സിസ് 2) ഡേറ്റാബേസ് എന്നിവയിലുള്ള സ്വാധീനം ബ്രിട്ടന് നഷ്ടമാകുമെന്നും കമ്മിറ്റി വിലയിരുത്തുന്നു. തീവ്രവാദികള്‍, കുറ്റവാളികള്‍, കാണാതായവര്‍ എന്നിവരെക്കുറിച്ചുള്ള വിലമതിക്കാനാകാത്ത ഡേറ്റാബേസാണ് ഇത്.