രാജ്യത്തെ ബാങ്കുകളിൽ ശതകോടികളുടെ വായ്പ കുടിശിക വരുത്തിയശേഷം നാടുവിട്ട വിവാദ മദ്യവ്യവസായി വിജയ് മല്യയ്ക്ക് ഇന്ത്യക്കാരുടെ കൂക്കിവിളി. ലണ്ടനിൽ നടക്കുന്ന ഇന്ത്യ- ഓസ്ട്രേലിയ ലോകകപ്പ് മത്സരം കാണാനെത്തിയ മല്യയെ ആണ് ആള്‍ക്കൂട്ടം ‘കള്ളന്‍’ എന്ന് പറഞ്ഞ് കൂക്കി വിളിച്ചത്. ലണ്ടനിലെ കെന്നിങ്ടൺ ഓവൽ‌ സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യയുടെ രണ്ടാം മത്സരം കാണാനായി ‌മല്യ എത്തുന്നതിന്‍റെ ദൃശ്യങ്ങൾ സഹിതം ദേശീയ വാർത്ത ഏജൻസിയായ എ.എൻ.ഐ ആണ് റിപ്പോർട്ട് ചെയ്തത്. കേസ് സംബന്ധിച്ച ചോദ്യങ്ങളിൽ നിന്നൊക്കെ ഒഴിഞ്ഞുമാറിയ മല്യ, ജൂലൈയിൽ നടക്കുന്ന വാദംകേൾക്കലിനുള്ള കാര്യങ്ങൾ ചെയ്തു വരികയാണെന്ന് വ്യക്തമാക്കി.

‘ഇയാളൊരു കളളനാണ്,’ എന്നാണ് ആള്‍ക്കൂട്ടം വിളിച്ച് പറയുന്നത്. എന്നാല്‍ മല്. കൂടുതലൊന്നും പ്രതികരിച്ചില്ല, തന്റെ മാതാവിന് ഒന്നും പറ്റുന്നില്ലെന്ന് ഉറപ്പാക്കുകയാണ് താനെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്. ആള്‍ക്കൂട്ടം വിജയ് മല്യക്കെതിരെ മുദ്രാവാക്യം വിളിക്കുന്നത് വീഡിയോയില്‍ കാണാം. ‘ഒരു ആണായി മാറി ഇന്ത്യയോട് ക്ഷമാപണം നടത്തു,’ എന്നും ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും ഒരാള്‍ വിളിച്ച് പറയുന്നുണ്ട്.

‘ഞാന്‍ ഇവിടെ മത്സരം കാണാനാണ് വന്നത്,’ എന്നും മല്യ പറയുന്നുണ്ട്. മകന്‍ സിദ്ധാര്‍ത്ഥ് മല്യയുടെ കൂടെ ഓവല്‍ സ്റ്റേഡിയത്തില്‍ നില്‍ക്കുന്ന ചിത്രവും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യയുടെ വിജയം കാണാനായതില്‍ സന്തോഷമുണ്ടെന്ന് മല്യ വ്യക്തമാക്കി. താന്‍ ലോകകപ്പ് മത്സരം കാണാനാണ് വന്നത് എന്ന് മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടിയായി വിജയ് മല്യ പറഞ്ഞു. എന്നാല്‍ കേസ് സംബന്ധിച്ചുളള ചോദ്യങ്ങളില്‍ നിന്ന് മല്യ ഒഴിഞ്ഞ് മാറി. മല്യയുടെ കേസ് വരുന്ന ജൂലായില്‍ ആണ് വാദം കേള്‍ക്കുന്നത്. അതിന് വേണ്ടിയുളള തയ്യാറെടുപ്പുകള്‍ നടന്ന് വരുന്നതായി വിജയ് മല്യ പ്രതികരിച്ചു.

ഇത് ആദ്യമായല്ല ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ മല്യ കൂക്കി വിളിക്കപ്പെടുന്നത്. 2017 ജനുവരിയില്‍ ഇതേ സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ചാമ്പ്യന്‍സ് ട്രോഫി മത്സരം കാണാനെത്തിയപ്പോഴും മല്യ ‘കളളന്‍’ വിളി കേള്‍ക്കേണ്ടി വന്നിരുന്നു. അന്നും യാതൊന്നും പ്രതികരിക്കാതെയാണ് മല്യ മടങ്ങിയത്.

രാഷ്ട്രീയ വൈരാഗ്യത്തിന്‍റെ ഇരയല്ല താനെന്നു തെളിയിക്കാൻ മല്യക്ക് കഴിഞ്ഞിട്ടില്ലെന്നാണ് കഴിഞ്ഞ വർഷം ബ്രിട്ടീഷ് ആഭ്യന്തര വകുപ്പും വെസ്റ്റ്മിൻസ്റ്റർ കോടതിയും പറഞ്ഞത്. ഇന്ത്യയിലേക്ക് നാടുകടത്തുന്ന കാര്യത്തിൽ അപ്പീൽ നൽകാൻ അനുവദിക്കണമെന്ന മല്യയുടെ ആവശ്യം ഏപ്രിൽ എട്ടിന് കോടതി തള്ളുകയും ചെയ്തിരുന്നു. വായ്പയെടുത്ത ഒന്‍പതിനായിരം കോടി രൂപ തിരിച്ചടക്കാതെയാണ് വിജയ് മല്യ ലണ്ടനിലേക്ക് കടന്ന് കളഞ്ഞത്.